കായിക മേഖലയോട് അവണന; മേളകളുടെ പൊലിമ കുറയുന്നു
text_fieldsഫയൽ ചിത്രം
തൊടുപുഴ: കായിക മേഖലയോട് അധികൃതര്‍ കാട്ടുന്ന അവഗണന സ്കൂള്‍ കായിക മേളകളുടെ പൊലിമ കുറയ്ക്കുന്നു. ജില്ലയില്‍ കൂടുതല്‍ സ്കൂളുകളിലും കായികാധ്യാപകര്‍ ഇല്ലാത്തതിനാല്‍ കുട്ടികള്‍ക്ക് മതിയായ പരിശീലനം നല്‍കാനോ മേളകളില്‍ പങ്കെടുപ്പിക്കാനോ കഴിയാത്ത സ്ഥിതിയാണ്. സ്കൂള്‍ ഒളിമ്പിക്സ് എന്ന് കായിക മേളകളുടെ പേര് പരിഷ്കരിച്ചെങ്കിലും സ്കൂളുകള്‍ക്കും താരങ്ങള്‍ക്കും വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്ന കാര്യത്തില്‍ മാത്രം യാതൊരു പരിഷ്കരണവുമില്ലാത്ത സ്ഥിതിയാണ്.
ചൊവ്വാഴ്ച ഒഫീഷ്യൽസില്ലാത്തതിനെതുടർന്ന് മുതലക്കോടത്ത് ഉപജില്ലാ കയികമേള താളം തെറ്റുകയും രക്ഷിതാക്കളടക്കം പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തതോടെ മേള മാറ്റിവെച്ചിരുന്നു. ഒരു കാലത്ത് ഇടുക്കി ഒട്ടേറെ പ്രഗൽഭരായ കായിക താരങ്ങൾക്ക് പിറവി നൽകിയ മണ്ണാണ്. ജില്ലയില്‍ നിന്നും ഒട്ടേറെ കായിക താരങ്ങള്‍ ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.
ഒളിമ്പ്യന്മാരായ ഷൈനി വില്സന്, കെ.എം.ബീനമോള്‍, കെ.എം.ബിനു, പ്രീജ ശ്രീധരന് ഉള്‍പ്പെടെയുള്ളവർ ജില്ലയുടെ യശസ്സ് ഉയർത്തിയവരാണ്. എന്നാല്‍ ഇപ്പോള്‍ അടിസ്ഥാനപരമായ കാര്യങ്ങള്‍ക്കു പോലും സര്‍ക്കാര്‍ സഹായമില്ലാത്തതിനാല്‍ പ്രതിഭയുള്ള കുട്ടികള്‍ പോലും കായിക മേഖലയോട് വിട പറയുന്ന അവസ്ഥയാണ്. കുട്ടികള്‍ക്ക് ഗ്രൗണ്ടുകളില്‍ പരിശീലനം നല്കാന് പോലും പല സ്കൂളുകളിലും ആളില്ല. കായികാധ്യാപകരുടെ കുറവ് ഇത്തവണ മേളകളുടെ നടത്തിപ്പിനെ തന്നെ പ്രതികൂലമായി ബാധിക്കാനിടയുണ്ട്.
250 -ഓളം സ്കൂളുകൾ; ആകെയുള്ളത് 60ല്‍ താഴെ അധ്യാപകര്‍
ജില്ലയില്‍ സര്‍ക്കാര്‍, എയ്ഡഡ് മേഖലകളിലായി 250 -ഓളം സ്കൂളുകളാണുള്ളത്. ഇവിടെ കുട്ടികള്‍ക്ക് കായിക പരിശീലനം നല്‍കാനായി ആകെയുള്ളത് 60ല്‍ താഴെ അധ്യാപകര്‍ മാത്രം. എയ്ഡഡ് സ്കൂളുകളില്‍ 40 പേരും സര്‍ക്കാര്‍ സ്കൂളുകളില്‍ 12 പേരുമാണ് കായികാധ്യാപകരായി സേവനമനുഷ്ഠിക്കുന്നത്. ഇവര്‍ യു.പി തലം മുതല്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നതോടൊപ്പം ഗെയിംസ്, അത്ലറ്റിക്സ് മത്സരങ്ങളുടെ ഒഫീഷ്യല്‍സ് ആയി പോകുകയും വേണം.
കായിക മേളകളുടെ പൂര്‍ണ നടത്തിപ്പ് ചുമതല കായിധ്യാപകര്ക്കാണ്. ആറു പതിറ്റാണ്ടു മുമ്പുള്ള കെ.ഇ.ആര് മാനദണ്ഡമനുസരിച്ചാണ് സ്കൂളുകളില്‍ കായികാധ്യാപകരെ നിയമിക്കുന്നത്. യു.പി സ്കൂളില്‍ 500 കുട്ടികള്‍ക്ക് ഒരാള്‍, ഹൈസ്കൂളില്‍ എട്ട്, ഒന്‍പത് ക്ലാസുകളിലായി 45 കുട്ടികളുള്ള അഞ്ച് ഡിവിഷനുകള്‍ക്ക് ഒരാള്‍ എന്ന നിലയിലാണ് നിയമനം. ഈ മാനദണ്ഡം മൂലം കൂടുതല്‍ യു.പി സ്കൂളുകളിലും കായികാധ്യാപകരില്ല. ഹൈസ്കൂളുകളിലും കായികാധ്യാപകരുടെ എണ്ണത്തില്‍ കുറവുണ്ട്.
കുട്ടികള്‍ കുറവായതിനാല്‍ സ്പെഷലിസ്റ്റ് വിഭാഗത്തില്‍ പെടുന്ന കായികാധ്യാപകര്‍ക്ക് ജോലി നഷ്ടപ്പെടുന്ന അവസ്ഥയുമുണ്ട്. 2015-നു മുമ്പ് ജോലിക്ക് കയറിയവര്‍ക്കു മാത്രമാണ് സംരക്ഷണം ലഭിക്കുന്നത്. ജില്ലയില്‍ അടുത്ത നാളില്‍ മൂന്ന് കായികാധ്യാപകര്‍ക്ക് സംരക്ഷണമില്ലാത്തതിനാല്‍ ജോലി നഷ്ടമായി. കായികാധ്യാപകര്‍ ജോലിയില്‍ നിന്നും വിരമിച്ചാല്‍ പുതിയ നിയമനം നടത്താത്തതിനാല്‍ ആ തസ്തിക ഒഴിഞ്ഞു കിടക്കുന്ന അവസ്ഥയാണ്.
ഇതിനിടെ യുപിയില്‍ അധ്യാപക-വിദ്യാര്‍ഥി അനുപാതം 1-300 എന്ന അനുപാതമാക്കി പുനഃക്രമീകരിച്ച് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഉത്തരവിറക്കി. 2025-26 വര്‍ഷമാണ് ഉത്തരവ് ബാധകമാക്കിയിരിക്കുന്നത്. യു.പി വിഭാഗത്തില്‍ 1-300 എന്ന അനുപാതം കണക്കാക്കുമ്പോള്‍ തസ്തിക നഷ്ടപ്പെടുന്നവരെ സ്കൂളിലെ എല്‍.പി വിഭാഗം കൂടി ക്ലബ് ചെയ്ത് സംരക്ഷിക്കാനും നിര്‍ദേശമുണ്ട്.
ഹൈസ്കൂള്‍ വിഭാഗത്തില്‍ എട്ട്, ഒമ്പത്, പത്ത് ക്ലാസുകള്‍ ചേര്‍ത്ത് അഞ്ച് ഡിവിഷനായി പരിഗണിച്ച് തസ്തിക സംരക്ഷിക്കാനും നിര്‍ദേശമുണ്ട്. എന്നാല്‍ സ്കൂള്‍ കായിക മേളകള്‍ നടക്കുന്നതിന് മുന്നോടിയായി കായികാധ്യാപകരുടെ കണ്ണില്‍ പൊടിയിടാനാണ് സര്‍ക്കാര്‍ ഇത്തരമൊരു ഉത്തരവിറക്കിയതെന്നും കായികാധ്യാപക സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

