നെടുങ്കണ്ടം ബി.എഡ് കോളജ്: സോഷ്യൽ സയൻസും കോമേഴ്സും തിരിച്ചുവരുന്നു
text_fieldsനെടുങ്കണ്ടം ബി.എഡ് കോളജ്
നെടുങ്കണ്ടം: ബി.എഡ് കോളജിൽ സോഷ്യൽ സയൻസും കോമേഴ്സും പുനഃസ്ഥാപിക്കുന്നു. ജില്ലയിലെ വിദ്യാർഥികളുടെയും നാട്ടുകാരുടെയും ആവശ്യാർഥം കോളജ് പ്രിൻസിപ്പൽ ഡോ. രാജീവ് പുലിയൂർ ഉൾപ്പെടെയുള്ളവരുടെ ശ്രമഫലമായാണ് കോഴ്സുകൾ ഇവിടെ വീണ്ടും തുടങ്ങാൻ സാഹചര്യമൊരുങ്ങുന്നത്. 100 വിദ്യാർഥികളോടെ പുതിയ ബാച്ച് തുടങ്ങാൻ എൻ.സി.ടി.ഇ അനുവാദം കോളജിന് ലഭിച്ചു.
30 വർഷം മുമ്പ് നെടുങ്കണ്ടത്ത് ആരംഭിച്ച എം.ജി സർവകലാശാല ബി.എഡ് കോളജിൽ ഏഴു വിഷയത്തിൽ ഇരുനൂറിലേറെ വിദ്യാർഥികൾക്ക് പഠിക്കാൻ അവസരം ഉണ്ടായിരുന്നു.2013ൽ എൻ.സി.ടി.ഇ നിയന്ത്രണങ്ങൾ വന്നതോടെ രണ്ടു വിഷയം ഒഴിവാക്കി 50 വിദ്യാർഥികൾക്ക് മാത്രം അഡ്മിഷൻ നടത്താനായിരുന്നു അനുവാദം ലഭിച്ചത്. 2017ൽ സർവകലാശാല കോളജിന്റെ സംരക്ഷണ ചുമതല സിപാസിനെ ഏൽപിച്ചു.
സോഷ്യൽ സയൻസിനും കോമേഴ്സിനുമായിരുന്നു മുൻകാലങ്ങളിൽ ഇവിടെ കൂടുതൽ വിദ്യാർഥികൾ എത്തിയിരുന്നത്. ഈ വിഷയങ്ങൾ നിർത്തലാക്കിയപ്പോൾ ഇത് ഹൈറേഞ്ചിലെ സാധാരണക്കാരായ വിദ്യാർഥികളെയാണ് ബാധിച്ചത്. അധ്യാപന പരിശീലന രംഗത്ത് കഴിഞ്ഞ ഏതാനും വർഷങ്ങളായി മികച്ച പ്രവർത്തനമാണ് കോളജ് കാഴ്ചവെക്കുന്നത്. നെടുങ്കണ്ടത്ത് പ്രവർത്തിക്കുന്ന പുരാവസ്തു ചരിത്ര സംരക്ഷണ സമിതി കോളജിന്റെ ഭാഗമാണ്.
ചരിത്രമ്യൂസിയം, ഔഷധോദ്യാനം, എഫ്.എം സ്റ്റേഷൻ എന്നിവ നാട്ടുകാരുടെയും അഭ്യുദയകാംക്ഷികളുടെയും സഹകരണത്തോടെ പുതുതായി ആരംഭിക്കാനിരിക്കുന്ന സംരംഭങ്ങളാണ്. എം.എം. മണി എം.എൽ.എയുടെ വികസന ഫണ്ടിൽനിന്ന് അഞ്ച് സ്മാർട്ട് ക്ലാസ് റൂമുകൾ കോളജിന് ലഭ്യമാകുമെന്ന് അറിയിച്ചിട്ടുണ്ട്. സിപാസ് കോളജിന്റെ പഴയ കെട്ടിടം പുതുക്കി നിർമിക്കുന്നതിനും നവീകരിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

