കാട്ടുപന്നി ആക്രമണം: മൂന്ന് തൊഴിലുറപ്പ് സ്ത്രീ തൊഴിലാളികൾക്ക് പരിക്ക്
text_fieldsഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന മിനിമോൾ
നെടുങ്കണ്ടം: കാട്ടുപന്നിയുടെ ആക്രമണത്തില്‍ തൊഴിലുറപ്പ് തൊഴിലാളികളായ 3 സ്ത്രീകള്‍ക്ക് പരിക്ക്. ഈഴവപ്പറമ്പില്‍ മിനിമോള്‍, ജസി കട്ടനാംകുഴി, ബിന്‍സി വഴീപ്പറമ്പില്‍ എന്നിവർക്കാണ് പരിക്കേറ്റത്. കൈക്കും കാലിനും പുറത്തും ഗുരുതരമായി പരിക്കേറ്റ മിനിമോള്‍ കട്ടപ്പനയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വേലിയില്‍ കുടുങ്ങിക്കിടന്ന കാട്ടുപ്പന്നിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നിനിടെ ഓടിപ്പോയാണ് സ്ത്രീകളെ ആക്രമിച്ചത്. കടിച്ചും കുത്തിയും തട്ടിമറിച്ചിട്ടും ആക്രമിക്കുകയായിരുന്നു.
വ്യാഴാഴ്ച രാവിലെ 11.15ഓടെയാണ് സംഭവം. 6 തൊഴിലുറപ്പ് തൊഴിലാളികള്‍ ഓട കോരി വൃത്തിയാക്കുന്നതിനിടെ ഓടിയെത്തിയ കാട്ടുപന്നി മിനിമോളെ ആക്രമിക്കുകയായിരുന്നു. ക്രൂരമായി കടിച്ചു പറിക്കുന്നതിനിടെ രക്ഷപ്പെടുത്താനെത്തിയതായിരുന്നു മറ്റുള്ളവർ. ഇവരെയും പന്നി ആക്രമിച്ചു.
കൂടെ ഉണ്ടായിരുന്നവർ തൂമ്പ ഉപയോഗിച്ച് അടിച്ചാണ് പന്നിയിൽ നിന്നും മിനിമോളെ രക്ഷിച്ചത്. പിടിവിട്ട് ഓടിപ്പോയ പന്നി വീണ്ടും തിരികെ വന്ന് സ്ത്രീകളെ ആക്രമിച്ചു. ഓട വൃത്തിയാക്കുന്ന സ്ഥലത്തിന്റെ തൊട്ടു മുകളിലായി ഏലത്തോട്ടത്തിലെ വേലിയില്‍ ബുധനാഴ്ച രാത്രി മുതല്‍ പന്നി കുടുങ്ങി കിടക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ വനം വകുപ്പധികൃതര്‍ കുരുക്ക് അഴിച്ചു വിട്ടു. ഉടൻ ഓടിപ്പോയ പന്നി തൊഴിലുറപ്പ് തൊഴിലാളികളെ ആക്രമിക്കുകയായിരുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. എന്നാല്‍, പന്നിയെ വെടിവെക്കാൻ ലൈസന്‍സുള്ള ആളെ ഏര്‍പ്പാട് ചെയ്തിട്ടാണ് തങ്ങള്‍ സംഭവ സ്ഥലത്തെത്തിയതെന്നും തങ്ങളെ കണ്ടമാത്രയില്‍ പന്നി ഓടിപ്പോവുകയായിരുന്നുവെന്നുമാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. ഇവരെത്തിയ ഓട്ടോയിൽ തന്നെയാണ് മിനിമോളെ ആശുപത്രിയിലെത്തിച്ചതെന്നും വനം വകുപ്പധികൃതര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

