ഇടത് കോട്ടകൾ തകർത്തെറിഞ്ഞ് ഉടുമ്പഞ്ചോലയിൽ യു.ഡി.എഫ് വിജയം
text_fieldsനെടുങ്കണ്ടം: ഉടുമ്പഞ്ചോല മണ്ഡലത്തിലെ 10 പഞ്ചായത്തുകളില്‍ ഉടുമ്പഞ്ചോല ഒഴികെ എല്ലാ പഞ്ചായത്തുകളിലും ലീഡ് നേടിയാണ് സേനാപതി വേണു മണ്ഡലത്തിലെ ഇടത് കോട്ട പൊളിച്ചത്. ഇടത് കോട്ടയെന്ന് വിശേഷിപ്പിക്കുന്ന പഞ്ചായത്തുകള്‍പോലും ഈ മുന്നേറ്റത്തിൽ തകർന്നുവീണു. ഇതോടെ സേനാപതി വേണുവിന്റെ ഭൂരിപക്ഷത്തില്‍ യു.ഡി.എഫ് പോലും ഞെട്ടി. കാല്‍നൂറ്റാണ്ടിന് ശേഷമാണ് യു.ഡി.എഫിന് ഉടുമ്പന്‍ചോലയില്‍ എം.എൽ.എയെ ലഭിക്കുന്നത്. 2001ല്‍ കെ.കെ. ജയചന്ദ്രനിലൂടെ ഇടത് പാളയത്തിലെത്തിയ മണ്ഡലം അതേ ജയചന്ദ്രനെ 20021 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് 2026ൽ യു.ഡി.എഫ് തിരികെ പിടിച്ചത്. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും ഇടതിന് അവസരം നല്‍കാതെയാണ് യു.ഡി.എഫ് സ്ഥാനാർഥി സേനാപതി വേണു വിജയം നേടിയെടുത്തത്.വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ മുതല്‍ ഓരോ റൗണ്ടിലും കുതിപ്പ് പ്രകടമായിരുന്നു. പോസ്റ്റല്‍ ബാലറ്റില്‍ 1072 വോട്ടുകളാണ് നേടിയത്. രാജാക്കാട് പഞ്ചായത്തുൾപ്പെട്ട മേഖലയാണ് ആദ്യം എണ്ണിയത്. ഇവിടെ 1447 വോട്ടുകളുടെ ലീഡായിരുന്നു.
രണ്ടാം റൗണ്ടില്‍ ലീഡ് 3075 ആയി ഉയര്‍ന്നു. സേനാപതിയും ശാന്തന്‍പാറയും ഉള്‍പ്പെടുന്ന 4ഉം 5ഉം റൗണ്ട് എണ്ണിയപ്പോള്‍ 4418 ആയി. ശാന്തന്‍പാറയില്‍ കേവലം 7 വോട്ടുകളുടെ മുന്‍തൂക്കമാണ് ജയചന്ദ്രന് ലഭിച്ചത്. ആറാം റൗണ്ടില്‍ 5134. നെടുങ്കണ്ടം ഉള്‍പ്പെടുന്ന 7, 8 റൗണ്ടുകളിലേക്ക് കടന്നപ്പോള്‍ ഭൂരിപക്ഷം അഞ്ചക്ക സംഖ്യ കടന്നു. 9ാം റൗണ്ടില്‍ 12141ഉം 10ം റൗണ്ടില്‍ 14463 ആയും 11ാം റൗണ്ടില്‍ 15,000വും കടന്നു മുന്നേറുകയായിരുന്നു. 12, 13, 14 റൗണ്ടുകള്‍ എണ്ണിത്തീർന്നപ്പോള്‍ ഭൂരിപക്ഷം 19115 വോട്ടുകളായി. വണ്ടൻമേട് ഉള്‍പ്പെടുന്ന അവസാന റൗണ്ട് എണ്ണിയപ്പോള്‍ 20021 േവാട്ടുകളുടെ ഭൂരിപക്ഷത്തില്‍ മികവാർന്ന മുന്നേറ്റത്തിലായിരുന്നു. സേനാപതി വേണുവിന് 64,916 വോട്ടുകളും എല്‍.ഡി.എഫ് സ്ഥാനാർഥി കെ.കെ ജയചന്ദ്രന് 44,895 വോട്ടുകളും എന്‍.ഡി.എ സ്ഥാനാർഥി സംഗീതാ വിശ്വനാഥന് 10,157 വോട്ടുകളുമാണ് ലഭിച്ചത്. കാലങ്ങളായി ഇടതുപക്ഷം അടക്കിവാണിരുന്നതിനാല്‍ മണ്ഡലത്തിലെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ നിരാശയിലായിരുന്നു. എന്നാല്‍, ഇത്തവണ എന്ത് വിലകൊടുത്തും ഉടുമ്പഞ്ചോല തിരികെപ്പിടിക്കുമെന്ന വാശിയിലായിരുന്നു പ്രവര്‍ത്തകര്‍. ഗ്രൂപ്പുകളിയും വിഭാഗീയതയും ഒന്നുമില്ലാതെ നേതാക്കളും കളത്തിലിറങ്ങിയതോടെ അസാധ്യം എന്ന് കരുതിയ വിജയം മികച്ച ഭൂരിപക്ഷത്തില്‍ സാധ്യമാകുകയായിരുന്നു.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ പത്ത് പഞ്ചായത്തുകളില്‍ അഞ്ചിടത്ത് യു.ഡി.എഫ് വിജയിച്ചിരുന്നു. രാജകുമാരിയില്‍ ഒപ്പത്തിനൊപ്പം എത്തുകയും ചെയ്തു. ബ്ലോക്ക് പഞ്ചായത്തും പിടിച്ചതോടെ ലഭിച്ച ആത്മവിശ്വാസവും ജയിക്കാനുള്ള പ്രവര്‍ത്തകരുടെ ദൃഢനിശ്ചയവും ഉടുമ്പഞ്ചോലയില്‍ മികച്ച വിജയം നേടുന്നതിന് ഘടകമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

