കൈക്കൂലി വാങ്ങുന്നതിനിടെ ബി.ഡി.ഒ ഉൾപ്പെടെ രണ്ട് ഉദ്യോഗസ്ഥർ അറസ്റ്റിൽ
text_fieldsനെടുങ്കണ്ടം: പൊതുകാര്‍ഷിക ജലസേചനത്തിനുള്ള കുളം സ്വകാര്യകുളം പോലെ ഉപയോഗിക്കാൻ സൗകര്യം ചെയ്ത് നല്‍കാമെന്ന് പറഞ്ഞ്്് കൈക്കൂലി വാങ്ങുന്നതിനിടെ ബി.ഡി.ഒ ഉൾപ്പെടെ രണ്ട് ഉദ്യോഗസ്ഥരെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തു. രാജാക്കാട് സ്വദേശിയോട് 25,000 രൂപ വാങ്ങുന്നതിനിടെ നെടുങ്കണ്ടം ബ്ലോക്ക് ഡെവലപ്മെൻറ് ഓഫിസർ ഷൈമോൻ ജോസഫ്, എക്സ്റ്റൻഷൻ ഓഫിസർ (പ്ലാനിങ് ആൻഡ് മോണിറ്ററിങ്) നാദിർഷ എന്നിവരാണ് അറസ്റ്റിലായത്. രാജാക്കാട് കള്ളിമാലിയിലെ പരാതിക്കാരെൻറ വീട്ടിലേക്ക് വിളിച്ചുവരുത്തി പണം കൊടുക്കുന്നതിനിടെ പുറത്ത് കാത്തുനിന്ന വിജിലന്‍സ് സംഘം ഇരുവരെയും പിടികൂടുകയായിരുന്നു.
രാജാക്കാട് സ്വദേശിയായ പരാതിക്കാരന് കുളം നിര്‍മിക്കുന്നതിന് സൗജന്യമായി കൊടുത്ത വസ്തുവില്‍ നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തും തൊടുപുഴ ഇറിഗേഷന്‍ വകുപ്പും ചേര്‍ന്ന് 25 ലക്ഷം രൂപ മുടക്കി നിര്‍മിക്കുന്ന കുളത്തിെൻറ കരാര്‍ കാലാവധി നീട്ടി നല്‍കാമെന്നും വ്യാജ മിനിറ്റ്സ് തയാറാക്കി നല്‍കാമെന്നും പറഞ്ഞാണ് ഷൈമോൻ കൈക്കൂലി ആവശ്യപ്പെട്ടത്. കള്ളിമാലി കാർഷിക ജലസേചന പദ്ധതിയുടെ കീഴിൽ കുളം നിർമിക്കാൻ രാജാക്കാട് സ്വദേശി 2019ൽ അഞ്ച് സെൻറ് വസ്തു നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തിന് സൗജന്യമായി എഴുതി നൽകിയിരുന്നു. ബ്ലോക്ക് പഞ്ചായത്ത് 25 ലക്ഷം രൂപ കുളം നിർമാണത്തിന് അനുവദിക്കുകയും ചെയ്തു. 2020 ഫെബ്രുവരിയിൽ നിർമാണം ആരംഭിച്ചു. കുളം കുഴിച്ചു തീർന്നെങ്കിലും ചുറ്റുമുള്ള കോൺക്രീറ്റ് ജോലികൾ കോവിഡും മറ്റും കാരണം പൂർത്തിയായില്ല.
ഇതുമായി ബന്ധപ്പെട്ട് ബി.ഡി.ഒ ഷൈമോൻ ജോസഫ് സ്ഥലം സന്ദർശിച്ചശേഷം പദ്ധതി കൊണ്ട് വ്യക്തിപരമായ ലാഭം സ്ഥലം ഉടമക്കാണെന്നും കുളം നിർമാണം പൂർത്തിയാക്കാൻ ഗുണഭോക്താക്കളായ കർഷകരുടെ മീറ്റിങ് വിളിക്കണമെന്നും ആവശ്യപ്പെട്ടു. സർക്കാർ പണം ഉപയോഗിച്ച് നിർമിക്കുന്ന കുളത്തിന് വ്യക്തിപരമായ പ്രയോജനം ഉള്ളതിനാൽ പരാതിപ്പെട്ടാൽ പ്രശ്നമാകുമെന്നും അങ്ങനെ വരാതെ മിനിറ്റ്സ് റെഡിയാക്കാമെന്നും വേണ്ടതുപോലെ കാണണമെന്നും ഷൈമോൻ പറഞ്ഞു. തനിക്ക് 20,000 രൂപയും ക്ലർക്കിന് 10,000 രൂപയുമാണ് ഷൈമോൻ ആവശ്യപ്പെട്ടത്. അത്രയും പണം ഉണ്ടാകില്ലെന്ന് പറഞ്ഞപ്പോൾ 25,000 രൂപക്ക് ഉറപ്പിച്ചു. തുടർന്നാണ് പരാതിയുമായി വിജിലൻസ് കിഴക്കൻ മേഖല പൊലീസ് സൂപ്രണ്ട് വി.ജി. വിനോദ്കുമാറിനെ സമീപിച്ചത്. പൊലീസ് സൂപ്രണ്ടിെൻറ നിർദേശപ്രകാരം ഇടുക്കി യൂനിറ്റിൽ പരാതി നൽകി.
ഇടുക്കി യൂനിറ്റ് ഡിവൈ.എസ്.പി. വി.ആർ. രവികുമാറിെൻറ നേതൃത്വത്തിൽ സി.ഐമാരായ ടി. ബിജു, റെജി എം. കുന്നിപ്പറമ്പൻ, രാഹുൽ രവീന്ദ്രൻ, എസ്.ഐമാരായ കെ.എൻ. സന്തോഷ്, എ.എസ്.ഐമാരായ തുളസീധരകുറുപ്പ്, സ്റ്റാൻലി തോമസ്, ബിജു വർഗീസ്, വി.കെ. ഷാജികുമാർ, കെ.ജി. സഞ്ജയ്, എസ്.സി.പി.ഒമാരായ പി.ബി. ഷിനോദ്, അനൂപ് സത്യൻ, എ.പി. സൂരജ്, രഞ്ജിനി, സന്ദീപ് ദത്തൻ, കെ.എ. നൗഷാദ്, കെ.പി. സജീവ്കുമാർ എന്നിവർ അറസ്റ്റിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

