പത്രവിതരണക്കാരനായ ബാലനെ കാറിടിച്ച് വഴിയിൽ ഉപേക്ഷിച്ച് മുങ്ങി
text_fieldsനെടുങ്കണ്ടം: പത്രവിതരണക്കാരനായ ബാലനെ കാർ ഇടിച്ച് പരിക്കേൽപിച്ച് വഴിയിൽ ഉപേക്ഷിച്ച് മുങ്ങിയതായി പരാതി. നെടുങ്കണ്ടം താന്നിമൂട് കിഴക്കേ മാടപ്പാട്ട് ബാബുരാജിെൻറ മകൻ അമൽരാജിനെയാണ് (14) വെള്ളിയാഴ്ച വൈകീട്ട് താന്നിമൂട് തിരുവല്ലാപടിക്ക് സമീപം വെള്ളനിറമുള്ള മാരുതി ആൾട്ടോ കാർ പിന്നിൽനിന്ന് ഇടിച്ച് പരിക്കേൽപിച്ചത്.
തലക്ക് ഗുരുതര പരിക്കേറ്റ അമൽരാജിന് വിദഗ്ധ ചികിത്സ നൽകാനാകാതെ മാതാപിതാക്കൾ കഷ്ടപ്പെടുകയാണ്. ഇടിച്ചുവീഴ്ത്തിയ കാറിെൻറ നമ്പർ 5888 എന്ന് മാത്രമാണ് അമലിന് ഓർമയുള്ളത്. പ്രദേശത്ത് വിതരണം നടത്തിയ പത്രത്തിെൻറ പണംവാങ്ങി തിരികെ വീട്ടിലേക്ക് പോകുന്നതിനിടയിലാണ് അപകടം.
തലക്കും കാലിനും പരിക്കേറ്റ അമലിനെ കാറിൽനിന്ന് ഇറങ്ങിയ സ്ത്രീ ഒന്നും പറ്റിയില്ലല്ലോ വേഗം വീട്ടിലേക്ക് പൊയ്ക്കൊള്ളൂ എന്ന് പറഞ്ഞയച്ചശേഷം വാഹനത്തിൽ കയറി പോകുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
മുറിവുകളോടെ വീട്ടിലെത്തിയ അമലിനെ മാതാപിതാക്കൾ നെടുങ്കണ്ടത്തെ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നെടുങ്കണ്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

