തൈപ്പൊങ്കൽ ഇന്ന്: തമിഴ്ജനത ഒരുങ്ങി
text_fieldsപൊങ്കല്‍ ആഘോഷത്തിന്റെ ഭാഗമായി ഇടുക്കി ജില്ലയിലെ വ്യാപാരശാലയില്‍ വില്‍പ്പനക്കെത്തിച്ച കരിമ്പും കാപ്പുകെട്ടും
നെടുങ്കണ്ടം: മാട്ടുപൊങ്കലിന് മുന്നോടിയായുള്ള തൈപ്പൊങ്കല്‍ തമിഴ് ജനത വ്യാഴാഴ്ച ആഘോഷിക്കും. മാട്ടുപൊങ്കല്‍ ദിവസം ആട് മാടുകളെ കുളിപ്പിച്ച് പൊട്ടുകുത്തി കൊമ്പുകളില്‍ ചായം പൂശി മാലയണിയിക്കും. അതോടൊപ്പം തൊഴുത്തുകളും വൃത്തിയാക്കും. തുടര്‍ന്ന് മാടുകള്‍ക്ക് കരിമ്പ് നല്‍കും. എന്നാല്‍ ചെന്നൈയിലും സമീപത്തും കാപ്പുകെട്ട്, തൈപ്പൊങ്കല്‍, മാട്ടുപ്പൊങ്കല്‍ എന്നിവക്കു പുറമെ കാണും പൊങ്കല്‍ എന്ന ചടങ്ങും ആചരിക്കും.
ബന്ധു വീടുകളിലും സുഹൃത്തുക്കളുടെ ഭവനങ്ങളിലും സന്ദര്‍ശനം നടത്തുകയാണ് കാണുംപൊങ്കല്‍. കേരളത്തിന്റെ വിവിധ മേഖലകളില്‍ കഴിയുന്ന തമിഴ് ജനതയില്‍ കുറെ പേര്‍ പൊങ്കല്‍ ആഘോഷങ്ങള്‍ക്ക് തമിഴ്‌നാട്ടിലേക്ക് പോയി. ബാക്കി കേരളത്തിലുള്ളവരും ആഘോഷങ്ങള്‍ക്ക് മുടക്കം വരുത്താറില്ല. തമിഴ്‌നാട്ടിലെ തേനി, മധുര, ദിണ്ഡിഗല്‍, കമ്പം പ്രദേശങ്ങളില്‍ മൂന്നു ദിവസമായാണ് പൊങ്കല്‍ ആചരിക്കുന്നത്. നേര്‍ച്ച സദ്യ നടത്തിയും അനുഷ്ഠാനങ്ങളാലുമാണ് തൈപ്പൊങ്കലിനെ എതിരേല്‍ക്കുന്നത്. ആര്യവേപ്പില, മാവില, കറ്റാര്‍ വാഴയില തുടങ്ങിയവ ഒരുമിച്ച് കെട്ടി പൂജാ മുറിയിലും മറ്റും സൂക്ഷിക്കുന്ന കാപ്പുകെട്ടോടെയാണ് പൊങ്കല്‍ ആഘോഷത്തിന് തുടക്കം.
പൊങ്കല്‍ ആഘോഷങ്ങള്‍ക്ക് മധുരം പകരാന്‍ ലോഡ് കണക്കിന് കരിമ്പ് ആഴ്ചകളായി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിച്ച് വില്‍പ്പന പൊടി പൊടിക്കുകയാണ്. തമിഴ്‌നാട്ടിലെ ചിന്നമന്നൂരില്‍ നിന്ന് കരിമ്പും കാപ്പുകെട്ട് ബോഡിയില്‍ നിന്നുമാണ് കേരളത്തിലെത്തിച്ചിരിക്കുന്നത്. ഇടുക്കി ജില്ലയിലെ മൂന്നാര്‍, പൂപ്പാറ, ശാന്തന്‍പാറ, ഉടുമ്പന്‍ചോല, കുമളി,വണ്ടന്‍മേട്, വണ്ടിപ്പെരിയാര്‍, പീരുമേട് എന്നിവിടങ്ങളിലാണ് തമിഴര്‍ എറ്റവും കൂടുതലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

