തൈപ്പൊങ്കലും മാട്ടുപ്പൊങ്കലും ആഘോഷിച്ച് തമിഴ് ജനത
text_fieldsപൊങ്കല്‍ ആഘോഷത്തിന്റെ ഭാഗമായി ഹൈറേഞ്ചില്‍ വില്പനക്കെത്തിച്ച കരിമ്പ്
നെടുങ്കണ്ടം: വിളവെടുപ്പുത്സവമായ തൈപ്പൊങ്കലിനെ വരവേല്‍ക്കാന്‍ തമിഴ് ജനത ഒരുങ്ങി. കേരളത്തിന്റെ വിവിധ മേഖലകളില്‍ അധിവസിക്കുന്ന തമിഴ് ജനവിഭാഗം പൊങ്കല്‍ ആഘോഷങ്ങള്‍ക്ക് തമിഴ്നാട്ടിലേക്ക് മടങ്ങി. തേനി, മധുര, ദിണ്ഡിഗല്‍, കമ്പം പ്രദേശങ്ങളില്‍ മൂന്നുദിവസമായാണ് പൊങ്കല്‍ ആഘോഷിക്കുന്നത്. ഈ മാസം 14, 15 തീയതികളിലാണ് ആഘോഷം. കേരളത്തിലുള്ള തമിഴരും ആഘോഷങ്ങള്‍ക്ക് മുടക്കം വരുത്താറില്ല.
പൊങ്കല്‍ ആഘോഷങ്ങള്‍ക്ക് മധുരം പകരാന്‍ ലോഡ് കണക്കിന് കരിമ്പ് ആഴ്ചകളായി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിച്ച് വില്പന പൊടിപൊടിക്കുകയാണ്. മൂന്നാര്‍, പൂപ്പാറ, ശാന്തന്‍പാറ, ഉടുമ്പന്‍ചോല, കുമളി, വണ്ടിപ്പെരിയാര്‍, പീരുമേട് എന്നിവിടങ്ങളിലാണ് ജില്ലയിൽ തമിഴര്‍ ഏറ്റവും കൂടുതലുള്ളത്. നേര്‍ച്ച സദ്യ നടത്തിയും അനുഷ്ഠാനങ്ങളും കൊണ്ടാണ് തൈപ്പൊങ്കലിനെ വരവേല്‍ക്കുന്നത്.
മാട്ടുപ്പൊങ്കലിന് മുന്നോടിയായ ഉത്സവമാണ് തൈപ്പൊങ്കല്‍. ആര്യവേപ്പില, മാവില, കറ്റാര്‍ വാഴയില തുടങ്ങിയവ ഒരുമിച്ച് കെട്ടി പൂജാമുറിയിലും മറ്റും സൂക്ഷിക്കുന്ന കാപ്പുകെട്ടോടെയാണ് പൊങ്കല്‍ ആഘോഷത്തിന് തുടക്കം. വീട്ടിനുള്ളിലെ പാഴ്വസ്തുക്കളും പഴയ തുണികളും മറ്റും കത്തിച്ചുകളയുക, പരിസരം വൃത്തിയാക്കുക, ചായം പൂശുക എന്നിവക്ക് ശേഷം വീടിന്റെ മുന്‍ഭാഗത്തോ പൂജാമുറിയിലോ കാപ്പുകെട്ടും.
പുലര്‍ച്ച ഉണര്‍ന്ന് കുളി കഴിഞ്ഞ് ക്ഷേത്രങ്ങളില്‍ പോയി പ്രാർഥനയും വഴിപാടും നടത്തും. തുടര്‍ന്ന് വീട്ടില്‍ പച്ചക്കറി ഉപയോഗിച്ച് വിവിധ ഭക്ഷണങ്ങളും പൊങ്കല്‍ പായസവും തയാറാക്കും. ബന്ധുമിത്രാദികളും ഒത്തുചേരും. ഇവര്‍ക്ക് കരിമ്പും മധുരപലഹാരങ്ങളും നൽകും.
ഹിന്ദുവിശ്വാസ പ്രകാരം മനുഷ്യന്റെ ജന്മദിനമായി തൈപ്പൊങ്കലും മാടുകളുടെ ജന്മദിനമായി മാട്ടുപ്പൊങ്കലും കൊണ്ടാടുന്നു. ബന്ധുവീടുകളിലും സുഹൃത്തുക്കളുടെ ഭവനങ്ങളിലും സന്ദര്‍ശനം നടത്തുകയാണ് കാണുംപൊങ്കല്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

