രാജീവ് പുലിയൂർ: ഹൈറേഞ്ചിെൻറ ചരിത്രകാരൻ
text_fieldsരാജീവ് പുലിയൂർ
നെടുങ്കണ്ടം: മലകളുടെയും നദികളുടെയും കല്ലുകളുടെയും ചരിത്രകാരന് എന്നറിയപ്പെടുന്ന ഒരു അധ്യാപകനുണ്ട്. നെടുങ്കണ്ടം ബി.എഡ് കോളജ് പ്രിന്‍സിപ്പലായ രാജീവ് പുലിയൂരാണത്.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കേരളത്തിലെ പ്രാചീന ചരിത്രരംഗത്ത് ഇദ്ദേഹം നടത്തിയ കണ്ടെത്തലുകള്‍ അന്തര്‍ദേശീയ ശ്രദ്ധ നേടിക്കഴിഞ്ഞു. മഹാശിലായുഗ സ്മാരകങ്ങളെയും പുരാവസ്തു തെളിവുകളുടെയും ഗോത്രവംശങ്ങളെയും ഫോക്ലോര് പഠനങ്ങളെയും അടിസ്ഥാനമാക്കി ഹൈറേഞ്ചിെൻറ അറിയപ്പെടാത്ത ചരിത്രത്തിെൻറ പണിപ്പുരയിലാണിദ്ദേഹമിപ്പോൾ. നെടുങ്കണ്ടത്ത് പ്രവര്‍ത്തിക്കുന്ന പുരാവസ്തു സംരക്ഷണ സമിതിയുടെ സെക്രട്ടറി എന്ന നിലയിലും പ്രവര്‍ത്തിക്കുന്നു. കവി, ചരിത്രകാരന്, ചിത്രകാരന്, ശില്പി, തുടങ്ങിയ പല മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ചുകഴിഞ്ഞു. അധ്യാപനത്തെ തൊഴില്‍ എന്നതിനേക്കാളേറെ ആത്മാര്‍പ്പണമായ ഒരു ജീവിതാവിഷ്കാരമായി കാണുന്നയാൾ കൂടിയാണ് രാജീവ്. വ്യത്യസ്തമായ നിരവധി പ്രവര്‍ത്തനങ്ങളിലൂടെ നെടുങ്കണ്ടം ബി.എഡ് കോളജിനെ മുൻനിരയിലെത്തിക്കുന്നതിൽ ഇദ്ദേഹത്തിെൻറ പങ്ക് ഏറെ വലുതായിരുന്നു.
അതിജീവനത്തിനൊരു വര, മരത്തിലെഴുത്ത്, കലാലയ-സൈന്ധവ ശില്പം (നൃത്തം ചെയ്യുന്ന പെണ്‍കുട്ടി) ലൈബ്രറിക്കൊരു ജന്മദിനപ്പുസ്തകം, പാതയൊരുക്കാം ശകടമൊരുക്കാം, കാടറിയാം നേരറിയാം, പ്ലാസ്റ്റിക് രഹിത കാമ്പസ്, ജൈവകൃഷി ഉദ്യാനം, എന്നീ വ്യത്യസ്തമായ പ്രവര്‍ത്തനങ്ങളിലൂടെ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഈ കാമ്പസിനെ കേരളം അറിഞ്ഞത്. പാന്‍പരാഗ്, പത്ത്്് ലുത്തീനിയകള്‍, ഏഴുകടലും എണ്ണമറ്റ നക്ഷത്രങ്ങളും എന്നീ കവിത സമാഹാരങ്ങളും രചിച്ചിട്ടുണ്ട്. എം.ജി. യൂനിവേഴ്സിറ്റിയില്‍ ഫോക്ലോറില് ഗവേഷകന് കൂടിയാണ്.
അധ്യാപകനും നാടകകൃത്തുമായ ചെങ്ങന്നൂര്‍ പുലിയൂര് കൊമ്പുക്കല്‍ രവീന്ദ്രന് ശ്യാമളകുമാരി ദമ്പതികളുടെ മകനാണ് രാജീവ്. ഭാര്യ കൃഷ്ണ ആലപ്പുഴ ഗവ. മുഹമ്മദന്‍സ് ഹയര്‍ സെക്കൻഡറി സ്കൂളിലെ ഇംഗ്ലിഷ് അധ്യാപികയാണ്. മക്കള്‍ മധുബനി, സാഞ്ചി.