കോഫീ ഷോപ്പിന്റെ മറവില്‍ വ്യാജ വിദേശമദ്യ നിര്‍മാണം; രണ്ടുപേര്‍ അറസ്റ്റില്‍
text_fieldsപിടിയിലായ പ്രതികൾ
നെടുങ്കണ്ടം: എഴുകുംവയലില്‍ കോഫീ ഷോപ്പിന്റെ മറവില്‍ സ്പിരിറ്റ് കളര്‍ ചേര്‍ത്ത് വദേശമദ്യമായി വില്പന നടത്തിവന്ന രണ്ട് പേരെ നാർകോട്ടിക് എന്‍ഫോഴ്സ്മെന്റ് ടീം അറസ്റ്റ് ചെയ്തു. എഴുകുംവയല്‍ കൊട്ടാരത്തില്‍ സന്തോഷ്(ഉണ്ണി), കൊച്ചുമലയില്‍ അനീഷ് എന്നിവരാണ് അറസ്റ്റിലായത്.
ഇവരുടെ പക്കല്‍നിന്നും 315 ലിറ്റര്‍ സ്പിരിറ്റും ഒന്നര കന്നാസ് നേര്‍പ്പിച്ച സ്പിരിറ്റ്, ആറ് ചാക്ക് കാലിക്കുപ്പികള്‍, സ്പിരിറ്റില്‍ കളര്‍ ചേര്‍ക്കുന്നതിനുള്ള പൊടികള്‍, കുപ്പികളുടെ ആറ് പാക്കറ്റ് അടപ്പ് തുടങ്ങിയവ പിടിച്ചെടുത്തു. എഴുകുംവയലില്‍ സന്തോഷിന്റെ ഉടമസ്ഥതയിലുള്ള പ്രിയാസ് കോഫിബാറിന്റെ ഭാഗമായ മുറിയില്‍നിന്നും, സമീപത്തെ അനീഷിന്റെ മുറിയില്‍ നിന്നുമാണ് സ്പിരിറ്റ് കണ്ടെത്തിയത്. പല ബ്രാൻഡുകളുടെ കുപ്പികളാണ് കണ്ടെടുത്തത്.
സ്പിരിറ്റ് നേര്‍പ്പിച്ച് കളര്‍ ചേര്‍ത്തശേഷം കുപ്പികളില്‍ നിറച്ച് മൊത്തമായും ചില്ലറയായും ഇവര്‍ വില്പന നടത്തിവരികയായിരുന്നു.എറണാകുളത്ത് കഴിഞ്ഞ ദിവസം സ്പിരിറ്റ് പിടിച്ച കേസുമായി ബന്ധപ്പെട്ട് പിടിയിലായവരെ ചോദ്യം ചെയ്തപ്പോഴാണ് എഴുകുംവയല്‍ സഹകരണ ബാങ്കിന് എതിര്‍വശത്തുള്ള പ്രിയാസ് കോഫി ബാര്‍ എന്ന സ്ഥാപനത്തില്‍ വന്‍ തോതില്‍ വ്യാജമദ്യം നിര്‍മിച്ച് വില്പന നടത്തി വരുന്നതായി വിവരം ലഭിച്ചത്.
തുടര്‍ന്ന് ഇടുക്കി നാർകോട്ടിക് സ്ക്വാഡ് തിങ്കളാഴ്ച രാത്രി 8 മണിയോടെ എഴുകുംവയലില്‍ എത്തി കോഫീ ബാറില്‍ പരിശോധന നടത്തുകയായിരുന്നു. 35 ലിറ്ററിന്റെ 13 ജാറുകളിലായാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്.
വ്യാജമദ്യം നിര്‍മിച്ച് നിറക്കാനുള്ള കാലിക്കുപ്പികളും ലേബലുകളും എസന്സുമടക്കം പിടികൂടിയിട്ടുണ്ട്. നാർകോട്ടിക് എന്‍ഫോഴ്സ്മെന്റ് സി.ഐ ഷൈബു പി.ഇ, പ്രിവന്റീവ് ഓഫിസര്‍മാരായ കെ. സതീഷ്, അനില്‍ എം.പി, എക്സൈസ് കമീഷണര്‍ സ്ക്വാഡ് അംഗങ്ങളായ ജലീല്‍ പി.എം, സിജിമോന് കെ.എസ്, അനൂപ് തോമസ്, നാസര്‍ പി.വി എന്നിവരടങ്ങുന്ന സംഘമാണ് റെയ്ഡിന് നേതൃത്വം നല്‍കിയത്. പിടിയിലായ പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുമെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

