വായ്പ തട്ടിപ്പുമായി ഓൺലൈൻ സംഘങ്ങൾ
text_fieldsനെടുങ്കണ്ടം: വായ്പ തട്ടിപ്പ് നടത്തി ലക്ഷങ്ങൾ കൊയ്യുന്ന ഓൺലൈൻ സംഘങ്ങൾ കൊഴുക്കുന്നു. ഒരു മാനദണ്ഡവും ഇല്ലാതെ വായ്പ നൽകും എന്ന പരസ്യത്തിലൂടെയാണ് തട്ടിപ്പുസംഘങ്ങൾ ജനങ്ങളെ ആകർഷിക്കുന്നത്.
തട്ടിപ്പിനിരയായി ലക്ഷങ്ങൾ നഷ്ടപ്പെട്ടവർ നിരവധിയാണ്. ഇത്തരം വ്യാജ ആപ്പുകളിൽനിന്ന് ലോണെടുത്ത് കെണിയിലായവരിലേറെയും യുവാക്കളാണ്. അനായാസം വായ്പ കിട്ടും എന്ന മുന്നറിയിപ്പുമൂലം മറ്റൊന്നും ആലോചിക്കാതെ സാധാരണക്കാർ ഇത്തരം ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാറാണ് പതിവ്. ചെറിയൊരു തുക അക്കൗണ്ടിൽ ലഭിക്കുകയും ചെയ്യും. എന്നാൽ, പിന്നീട് ഫോണിന്റെ പൂർണ നിയന്ത്രണം തട്ടിപ്പുകാർ കൈക്കലാക്കും.
അവർ പറയുന്നത്രയും പണം നൽകിയില്ലെങ്കിൽ പിന്നാലെ ഭീഷണിയും പതിവാണ്.
തിരിച്ചടവ് മുടങ്ങുമ്പോൾ ഫോണിലുള്ള ഫോട്ടോ, വിഡിയോ എന്നിവ ഉപയോഗിച്ച് വ്യാജമായി അശ്ലീല വിഡിയോ നിർമിക്കുകയും അതുപയോഗിച്ച് ഭീഷണിപ്പെടുത്തുകയുമാണ് ഇവരുടെ രീതി. പലരും സ്വകാര്യത പേടിച്ചു പൊലീസിൽ പരാതി നൽകാറില്ല.
നവമാധ്യമങ്ങളിൽ വരുന്ന പരസ്യങ്ങൾ കണ്ട് ഗെയിം ആപ്പുകൾ ഫോണിലേക്ക് ഇൻസ്റ്റാൾ ചെയ്തവരും പറ്റിക്കപ്പെട്ട സംഭവം ഉണ്ട്.
ലോൺ ആപ്പുകൾ നിയന്ത്രിക്കുന്നവർ ബന്ധപ്പെടാൻ ഉപയോഗിക്കുന്നത് താൽക്കാലികമായി നിർമിക്കപ്പെടുന്ന ഇന്റർനറ്റ് കാളിങ് നമ്പറുകളാണ്. അതിനാൽ നമ്പറുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണങ്ങൾ എങ്ങുമെത്താതെ പോകുന്നു.
ഫോണിൽ ബന്ധപ്പെടുന്ന ഇതര സംസ്ഥാനക്കാർ തട്ടിപ്പിലെ ഏജന്റുമാർ മാത്രമാണന്നും അവരിലൂടെ പണമെത്തുന്നത് പലപ്പോഴും രാജ്യത്തിന് പുറത്തേക്കാണെന്നുമാണ് വിവരം. ഓൺലൈൻ ലോൺ തട്ടിപ്പുമായി ബന്ധപ്പെട്ട് ദിനേന നിരവധി പരാതി ലഭിക്കുന്നുണ്ടെന്നാണ് ജില്ല സൈബർ സെൽ അധികൃതർ പറയുന്നത്. എന്നാൽ, ഇവയിലൊന്നും കേസെടുക്കാൻ കഴിയുന്നില്ല. ഇത്തരക്കാരെ കുടുക്കുക എന്നത് ഏറെ ശ്രമകരമാണെന്നും സൈബർ പൊലീസ് പറയുന്നു. തട്ടിപ്പ് സംഘം ഉപയോഗിക്കുന്ന അക്കൗണ്ട് നമ്പറുകൾ പലതും വ്യാജമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

