നെടുങ്കണ്ടം: മാലിന്യം നാടുകടന്നു; വിഴുപ്പലക്കി തീരാതെ പഞ്ചായത്ത്
text_fieldsനെടുങ്കണ്ടം: ബേഡ്മെട്ടിലെ മാലിന്യം നീക്കം ചെയ്ത് മാസങ്ങള്‍ പിന്നിട്ടിട്ടും പഞ്ചായത്തിൽ ചളിവാരിയെറിയൽ തുടരുന്നു. മാസങ്ങള്‍ക്ക് മുമ്പ് അധികാരത്തിലേറിയ വനിത പ്രസിഡന്റിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള ശ്രമവും തകൃതിയാണ്.
അവസരം ലഭിച്ചപ്പോള്‍ പ്രതിപക്ഷത്തോടൊപ്പം ഭരണപക്ഷത്തിലെ ചില അംഗങ്ങളും കൈകോര്‍ത്തു. ഇടതു മുന്നണിക്കാണ് പഞ്ചായത്ത് ഭരണം. സി.പി.ഐക്കാരാണ് പ്രസിഡന്റും വൈസ് പ്രസിഡന്റും.
നെടുങ്കണ്ടം ബേഡ്മെട്ട് മാലിന്യസംസ്കരണ പ്ലാന്റിൽ തരംതിരിക്കാന്‍ കഴിയാതെ സൂക്ഷിച്ച 74 ലോഡ് മാലിന്യം, ലെഗസി വേസ്റ്റ് ക്ലീന്‍ കേരള കമ്പനി അധികൃതര്‍ക്ക് നല്‍കിയതാണ് ഭരണ പ്രതിപക്ഷങ്ങള്‍ പരസ്പരം പോരടിക്കാൻ കാരണം. മാലിന്യം നീക്കം ചെയ്തതിലെ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പഞ്ചായത്തിലെ മുന്‍ സെക്രട്ടറിയെ ആഴ്ചകള്‍ക്ക് മുമ്പ് സസ്പെൻഡ് ചെയ്തിരുന്നു. അതോടെ പ്രശ്നം കെട്ടടങ്ങുമെന്ന് കരുതിയിരുന്നെങ്കിലും ഓരോ ദിവസവും പ്രശ്നം രൂക്ഷമാകുകയാണ്. മേയ് ഒന്നുമുതല്‍ 11 ദിവസങ്ങളിലായാണ്, 74 ലോഡ് വേസ്റ്റ് 11 വ്യത്യസ്ത ലോറികളിലായി പ്ലാന്റില്‍നിന്ന് കൊണ്ടുപോയത്.
ലോഡ് കയറിപ്പോയതില്‍ ചില സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. മാലിന്യപ്ലാന്റില്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചതിന് പ്രസിഡന്റ് അറിയാതെ ഉദ്യോഗസ്ഥര്‍ ഒപ്പിട്ടതായും സൂചനയുണ്ട്.
എറണാകുളം ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ തീപിടിത്തത്തിന്റെ സാഹചര്യത്തില്‍ കേരള ഹൈകോടതിയുടെ വിധി ന്യായത്തെ തുടര്‍ന്നും മന്ത്രി റോഷി അഗസ്റ്റിന്റെ നിർദേശവും കണക്കിലെടുത്താണ് മാലിന്യം നീക്കം ചെയ്യാന്‍ തീരുമാനിച്ചത്. മണ്ണുമാന്തി ഉപയോഗിച്ച് മാലിന്യം നീക്കം ചെയ്ത് തുടങ്ങിയപ്പോള്‍ മുന്‍ ഭരണ സമിതിയുടെ കാലത്ത് മണ്ണിട്ടുമൂടിയ മാലിന്യം സഹിതം ഇളകിവന്നു. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം തരംതിരിക്കാത്ത മാലിന്യം കൊണ്ടുപോകുന്നതിന് കിലോക്ക് 10 രൂപയും 18 ശതമാനം നികുതിയും ഉള്‍പ്പെടെ 1180 രൂപ നല്‍കേണ്ടതുണ്ട്.
11 ദിവസങ്ങളിലായി 74 ലോഡുകളിലായി കൊണ്ടുപോയത് 10,98,410 കിലോ മാലിന്യമാണ്. ഇതിനു 1,09,84,100 രൂപ ഫീസായും 1,97,71,380 രൂപ നികുതിയായും ആകെ 12,96,12,380 രൂപ നല്‍കേണ്ടതുണ്ട്.
2013ല്‍ പ്രവര്‍ത്തനമാരംഭിച്ച് പൂര്‍ണമായും സര്‍ക്കാറിന്റെയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും സംയുക്ത ഉടമസ്ഥതയിലുള്ള ക്ലീന്‍ കേരള കമ്പനി ചെയ്ത സേവനത്തിന് നിയമാനുസൃത തുക നല്കാതിരിക്കാന് ഗ്രാമപഞ്ചായത്തിന് കഴിയില്ലെന്നിരിക്കെയാണ് പണം നല്കാന് ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ വിസമ്മതിക്കുന്നത്.
മേയില്‍ കൊടുത്ത മാലിന്യത്തിന് നല്‍കാനുള്ള തുകയില്‍ പകുതിയെങ്കിലും നല്‍കണമെന്നാണ് എല്‍.എസ്.ജി.ഡി ജോയന്റ് ഡയറക്ടര്‍ വഴി പഞ്ചായത്ത് സെക്രട്ടറിക്ക് ലഭിച്ചിരിക്കുന്ന നിർദേശം.
ഇതുപ്രകാരം ഭരണസമിതിയുടെ അനുമതി ആവശ്യപ്പെട്ട് ചേര്‍ന്ന കമ്മിറ്റിയിലാണ് പ്രസിഡന്റ് ഒഴികെ ഭൂരിപക്ഷ അംഗങ്ങള്‍ വിയോജിപ്പ് പ്രകടമാക്കിയത്. ഇതോടെ ഭരണകക്ഷിയില്‍ തന്നെ ഭിന്നാഭിപ്രായമാണ് നിലവിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

