പരാധീനതകൾക്ക് നടുവിൽ നെടുങ്കണ്ടം അഗ്നിരക്ഷാ നിലയം
text_fieldsനെടുങ്കണ്ടം: അനുവദിച്ച് എട്ടുവർമായിട്ടും നെടുങ്കണ്ടത്തെ അഗ്നിരക്ഷാസേന യൂനിറ്റ് അടിസ്ഥാന സൗകര്യം പോലുമില്ലാതെ മുടന്തുന്നു. 12 ഫയര്മാന്മാർ വേണ്ട സ്ഥാനത്ത് ഒമ്പത് പേരാണ് നിലവിലുള്ളത്. ലീഡിങ് ഫയര്മാന് ഡെപ്യൂട്ടേഷനില്‍ പോയതോടെ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. ആറ് ഡ്രൈവര്‍മാര്‍ വേണ്ടസ്ഥാനത്ത് മൂന്ന് പേരാണുള്ളത്. രണ്ട് വാഹനം ഉണ്ടെങ്കിലും ഒരെണ്ണത്തിന്റെ ഫിറ്റ്നസ് കാലാവധി കഴിഞ്ഞു.
മഴക്കാലമായാല്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ മണ്ണിടിച്ചിലും മരം വീണ് ഗതാഗത തടസ്സവും പതിവാണ്. ഒരുവണ്ടി വേണം എല്ലായിടത്തും ഓടിയെത്താന്‍. അത് പലപ്പോഴും സാധിച്ചെന്ന് വരില്ല. ഉള്‍പ്രദേശങ്ങളില്‍ വണ്ടിയെത്താന്‍ കഴിയാത്തതാണ് ഏറെ പ്രശ്നം. മറ്റൊരു ചെറിയ വണ്ടിയുള്ളത് നാല് വീല്‍ ഡ്രൈവ് അല്ലാത്തതിനാല്‍ കയറ്റം കയറില്ല. മലമ്പാതകളില്‍ സഞ്ചരിക്കാന്‍ ഓഫ്റോഡ് വാഹനങ്ങളുമില്ല.
മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ തുടങ്ങിയ സാഹചര്യങ്ങളിലെ സേവനത്തിന് സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ക്കും ആപത്മിത്ര വളന്റിയര്‍മാര്‍ക്കും സഞ്ചരിക്കാന്‍ സേനയുടെ വാഹനം ഇല്ലാത്തതിനാല്‍ സ്വന്തം വാഹനങ്ങളിലാണ് അപകടസ്ഥലത്തെത്തുന്നത്. വെള്ളത്തില്‍ വീണുണ്ടാകുന്ന അപകടങ്ങളില്‍ തിരിച്ചിലിനായി ഡിങ്കിപോലെയുള്ള ചെറുബോട്ടുകള്‍ നെടുങ്കണ്ടം അഗ്നിരക്ഷാ നിലയത്തിലില്ല.
24 ഫയര്മാന്മാര്, നാല് ലീഡിങ് ഫയര്മാന്മാര്, ആറ് ഡ്രൈവര്‍മാര്‍, മെക്കാനിക്കല്‍ ഡ്രൈവര്‍, എല്‍.ഡി ക്ലര്‍ക്ക്, സ്റ്റേഷന് ഓഫിസര്‍, അസി.ഓഫിസര്‍, പി.ടി.എസ് ഉള്‍പ്പെടെ 39 ജീവനക്കാര്‍, രണ്ട് വലിയ വാഹനം, ആംബുലന്‍സ്, ജീപ്പ് എന്നിവ അടങ്ങിയ പൂര്‍ണതോതിലുള്ള യൂനിറ്റ് നെടുങ്കണ്ടത്ത് ആരംഭിക്കുമെന്നായിരുന്നു ആദ്യപ്രഖ്യാപനം. എന്നാല്‍, ആരംഭിച്ചത് മിനിയൂനിറ്റാണ്.
യൂനിറ്റ് പരിധിയെല്ലാം സ്ഥിരം അപകട മേഖല
മഴക്കാലമായാൽ നെടുങ്കണ്ടം, പാമ്പാടുംപാറ, ഉടുമ്പന്‍ചോല, ശാന്തന്‍പാറ, സേനാപതി, രാജാക്കാട്, രാജകുമാരി പഞ്ചായത്തുകളില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ തുടങ്ങിയ അപകടങ്ങള്‍ പതിവാണ്. ജീവനക്കാര്‍ ജില്ലക്ക് വെളിയിലുള്ളവരായതിനാല് സ്ഥലപരിചയക്കുറവ് ഏറെ ബുന്ധിമുട്ട് ഉളവാക്കുന്നുണ്ട്. ഈ ജില്ലക്കാര്‍ മറ്റ് ജില്ലകളിലാണ് സേവനം ചെയ്യുന്നത്. അഞ്ച് ഫയര്മാന്മാര്, നാല് ഡ്രൈവര്‍മാര്‍, ആറ് താല്‍ക്കാലിക ഹോംഗാര്ഡടക്കം 14പേരാണ് നിലവിലുള്ളത്.
പതിറ്റാണ്ടുകളായുള്ള നിവേദനങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും ഫലമായി പേരിന് മാത്രം ഒരു യൂനിറ്റ് ആരംഭിച്ച് അന്നത്തെ സര്‍ക്കാര്‍ തടിയൂരുകയായിരുന്നു. വൊക്കേഷനല്‍ ഹയര്‍ സെക്കഡറി സ്കൂളിന് സമീപത്ത് സേനക്കുവേണ്ടി പഞ്ചായത്ത് വിട്ടുനല്‍കിയ 83 സെന്റ് സ്ഥലം കാടുകയറി കിടക്കുന്നത്. സ്ഥലത്ത് കെട്ടിടം ഉള്‍പ്പെടെ അടിസ്ഥാന സൗകര്യം ഒരുക്കുംവരെ താല്‍ക്കാലിക സംവിധാനം ഉപയോഗിക്കാനായിരുന്നു അന്നത്തെ തീരുമാനം. സ്ഥലത്ത് കെട്ടിടം നിര്‍മിച്ച് അങ്ങോട്ടേക്ക് യൂനിറ്റ് മാറിയാല്‍ മാത്രമേ ആവശ്യത്തിന് ജീവനക്കാരും ഇവര്‍ക്ക് മതിയായ താമസ സൗകര്യവും വെള്ളം സംഭരിക്കല് തുടങ്ങിയ മറ്റിതര സൗകര്യങ്ങളും ഒരുക്കാനാവൂ. ഇത് അപ്ഗ്രേഡ് ചെയ്ത് കുറഞ്ഞപക്ഷം സിംഗിള്‍ സ്റ്റേഷന് എങ്കിലും ആക്കണമെന്നാണ് നെടുങ്കണ്ടം നിവാസികളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.