നെടുങ്കണ്ടത്ത് ആധുനിക മാര്‍ക്കറ്റ് ഉയരുന്നു
text_fieldsനെടുങ്കണ്ടം: ആധുനിക മാർക്കറ്റ് നിർമാണം നെടുങ്കണ്ടത്ത് പുരോഗമിക്കുന്നു. 19 കോടി രൂപ മുടക്കി മാലിന്യ സംസ്കരണ പ്ലാന്റടക്കം ആധുനിക മാർക്കറ്റ് സമുച്ചയത്തിന്റെ നിർമാണമാണ് നടക്കുന്നത്. സർക്കാർ അംഗീകൃത ഏജൻസിയായ സിഡ്കോക്കാണ് നിർമാണ ചുമതല. അഞ്ച് നിലകളിലാണ് നിർമാണം.
ഒന്നാംഘട്ടത്തിൽ രണ്ട് നിലകൾ പൂർത്തീകരിക്കും. തറ നിരപ്പിൽ പാർക്കിങ് സംവിധാനമാണ്. ഒന്നാം നിലയിൽ 19 ഷട്ടർ കടമുറികളും രണ്ടാം നിലയിൽ 18 ഷട്ടറുകളുമാണ്. രണ്ടാം ഘട്ടം ഓഡിറ്റോറിയവും ഹോട്ടൽ സംവിധാനവുമടക്കമാണ് നിർമാണം.
പഴയ ചന്ത പ്രവർത്തിച്ചിരുന്ന മാർക്കറ്റിലെ പഴയ കെട്ടിടങ്ങൾ പൊളിച്ചുനീക്കിയാണ് വിശാലമായ പാർക്കിങ് സൗകര്യങ്ങളോടെ ബഹുനില സമുച്ചയം ഉയരുന്നത്.
നെടുങ്കണ്ടം പടിഞ്ഞാറേ കവലയിൽ മാർക്കറ്റ് സ്ഥിതിചെയ്തിരുന്ന ഇരുനിലകൾ അടക്കം ആറ് കെട്ടിടങ്ങളും ടോയ്ലറ്റും ബ്ലോക്ക് പഞ്ചായത്ത് വക ഇരുനില കെട്ടിടവും മറ്റുമാണ് പൊളിച്ചുനീക്കിയത്. മത്സ്യ, മാംസ, പച്ചക്കറി, പഴം, പലചരക്ക്, മാർക്കറ്റുകളും വിവിധയിനം വാണിജ്യ സ്ഥാപനങ്ങളും സർക്കാർ, അർധസർക്കാർ, സ്വകാര്യ ഓഫിസുകളും പ്രവർത്തിക്കത്തക്ക വിധത്തിലാണ് രൂപകൽപന.
സംസ്ഥാന സർക്കാർ അനുവദിച്ച തുകയും പഞ്ചായത്തിന്റെ വിഹിതവും ചേർത്താണ് ആധുനിക മാർക്കറ്റ് സമുച്ചയം നിർമിക്കുന്നത്. മാർക്കറ്റ് സമുച്ചയം പൂർത്തിയാവുന്നതോടെ നെടുങ്കണ്ടം പട്ടണത്തിന്റെ മുഖച്ഛായ മാറുമെന്നാണ് പ്രതീക്ഷ.

