പ്രഖ്യാപനത്തിലൊതുങ്ങി കമ്പംമെട്ട് ഇടത്താവളം; അയ്യപ്പഭക്തരെ കാത്ത് പരാധീനതകൾ മാത്രം
text_fieldsഅയ്യപ്പഭക്തര്‍ക്ക് വിരിവെക്കാനുള്ള പഞ്ചായത്ത് കമ്യൂണിറ്റി ഹാളും ചളിവെള്ളത്തില്‍ നിറഞ്ഞ പരിസരവും
നെടുങ്കണ്ടം: അയ്യപ്പഭക്തരുടെ വരവ് ആരംഭിക്കാന്‍ ഇനി നാലുദിവസം മാത്രം അവശേഷിക്കെ സംസ്ഥാന അതിര്‍ത്തി പട്ടണമായ കമ്പംമെട്ടില്‍ ഇക്കുറിയും ഇടത്താവളം യാഥാര്‍ഥ്യമായില്ല. ഇടത്താവളത്തിനായി സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ നാലുകോടി അനുവദിച്ച് നാലുവര്‍ഷമായിട്ടും പ്രാരംഭ നടപടിപോലും ആരംഭിച്ചിട്ടില്ല.
ഇതര സംസ്ഥാനങ്ങളില്‍നിന്ന് അതിര്‍ത്തി കടന്ന് കേരളത്തിലേക്ക് എത്തുന്ന അയ്യപ്പഭക്തരുടെ പ്രധാന ഇടത്താവളമാണ് കമ്പംമെട്ട്. കേരളത്തിലേക്ക് പ്രവേശിക്കുമ്പോള്‍ അയ്യപ്പഭക്തര്‍ വിശ്രമിക്കുന്നത് ഇവിടെയാണ്. പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് ശേഷം 2021 ജനുവരിയിലാണ് സര്‍ക്കാര്‍ കമ്പംമെട്ട് ഇടത്താവളത്തിന് പച്ചക്കൊടി കാട്ടിയതും ബജറ്റില്‍ നാലുകോടി രൂപ അനുവദിച്ചതും. ഇവയെല്ലാം പ്രഖ്യാപനത്തിലൊതുങ്ങി. '
അയ്യപ്പഭക്തര്‍ക്ക് വിരിവെക്കാൻ വര്‍ഷങ്ങള്‍ക്ക് മുമ്പ് തയാറാക്കിയ സ്ഥലം ചളിയില്‍ പൊതിഞ്ഞു കിടക്കുകയാണ്. അയ്യപ്പഭക്തര്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാൻപോലും വേണ്ടത്ര സൗകര്യങ്ങളില്ല. പാര്‍ക്കിങ് സൗകര്യം, വിശ്രമകേന്ദ്രം, വഴിവിളക്കുകള്‍, ശുചിമുറികള്‍, തുടങ്ങിയവക്കായി എല്ലാവര്‍ഷവും മുറവിളി ഉയരും. ശുചിമുറികള്‍ സ്ഥാപിക്കാന്‍ എല്ലാ വര്‍ഷവും തീരുമാനമെടുക്കാറുണ്ടെങ്കിലും നടപ്പാക്കാറില്ല.
സ്ഥലം ഏറ്റെടുക്കാന്‍ കരുണാപുരം പഞ്ചായത്തിന് ആദ്യ ഗഡുവായി ലഭിച്ച തുക ഉപയോഗിച്ച് കമ്പംമെട്ട് കമ്യൂണിറ്റി ഹാളിന് സമീപം സ്വകാര്യ വ്യക്തി 20 സെന്റ് സൗജന്യമായി നല്‍കിയതടക്കം 65 സെന്റ് സ്ഥലം പഞ്ചായത്ത് ഏറ്റെടുത്ത് രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്.
തമിഴ്‌നാട്, കർണാടക, തെലങ്കാന, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ മിക്ക തീര്‍ഥാടകരും കുമളി വഴിയുള്ള യാത്ര ഒഴിവാക്കി തമിഴ്നാടുവഴി കമ്പംമെട്ടിലെത്തി കട്ടപ്പന കുട്ടിക്കാനം വഴി എരുമേലിയിലെത്തിയാണ് ശബരിമലക്ക് പോകുന്നത്. എന്നാൽ, ഇവിടെ കെട്ടിടം കാടുപിടിച്ച അവസ്ഥയിലാണ്. വിരിവെക്കാനും കുടിവെള്ളത്തിനുമുള്ള സൗകര്യവും കരുണാപുരം ഗ്രാമപഞ്ചായത്തും ഒരുക്കിയിട്ടില്ല. ടൗണിലെ മാലിന്യം അനുദിനം നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യവും അധികൃതര്‍ ചെവിക്കൊള്ളുന്നില്ല. അയ്യപ്പഭക്തരുടെ വാഹനങ്ങള്‍ റോഡിനോട് ചേര്‍ന്നാണ് പാര്‍ക്ക് ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

