ഉപഭോക്താക്കളെ വലച്ച് അടിക്കടി വൈദ്യുതി മുടക്കം
text_fieldsനെടുങ്കണ്ടം: തൂക്കുപാലം, നെടുങ്കണ്ടം മേഖലകളില്‍ വൈദ്യുതി വിതരണം താളം തെറ്റുന്നു. വൈദ്യുതി എത്തുന്നതും പോകുന്നതും മിന്നല്‍ വേഗത്തിലാണ്. ഹൈറേഞ്ചില്‍ വൈദ്യുതി എത്തിത്തുടങ്ങിയ കാലത്ത് പോലും ജനങ്ങള്‍ ഇത്രയേറെ ദുരിതം അനുഭവിച്ചിട്ടില്ലെന്ന് പഴമക്കാര്‍ പറയുന്നു.
അഞ്ച് മിനിറ്റിനിടയില്‍ പതിനഞ്ച് തവണവരെ വൈദ്യുതി വന്നുപോകുന്നതായാണ് ഉപഭോക്താക്കൾ പറയുന്നത്. ഈ പ്രവണത മാസങ്ങളായി തുടരുകയാണ്. വൈദ്യുതി പ്രകാശിക്കുമ്പോള്‍ ചില ഇടങ്ങളിൽ വോള്‍ട്ടേജ് തീരെ ഇല്ല. വൈദ്യുതി അടിക്കടി മിന്നി മറയുന്നതിന്‍റെ കാരണം കണ്ടുപിടിക്കാനായിട്ടില്ലെന്നാണ് അധികൃതരുടെ വിശദീകരണം. ഇതിന് പുറമെ ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും പൂർണമായി വൈദ്യുതി മുടങ്ങാറുമുണ്ട്. യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് ഈ മുടക്കം. ആരെങ്കിലും ഓഫിസില്‍ വിളിച്ച് അന്വേഷിച്ചാല്‍ 66 കെ.വി. ലൈനിലെ തകരാറാണെന്ന മറുപടിയാണ് ലഭിക്കുക.
ഈ മാസം ഇതുവരെ ഒരു ദിവസം പോലും നേരെചൊവ്വെ വൈദ്യുതി ലഭിച്ചിട്ടില്ലെന്നാണ് പരക്കെയുള്ള ആഷേപം. വർഷങ്ങൾക്ക് മുമ്പ് പകല്‍ സമയങ്ങളില്‍ ആഴ്ചകളോളം വൈദ്യുതി വിതരണം മുടങ്ങിയിരുന്നു. ഡബ്ള്‍ സർക്യൂട്ട് ലൈനുകളില്‍ പണി നടക്കുന്നതിന്‍റെ പേരിലാണ് അന്ന് മുന്നറിയിപ്പോടെ വൈദ്യുതിബന്ധം വിച്ഛേദിച്ചിരുന്നത്.
66 കെ.വി ലൈനിൽ അറ്റകുറ്റപ്പണി പൂർത്തിയാകുന്നതോടെ കട്ടപ്പന, നെടുങ്കണ്ടം, വാഴത്തോപ്പ് സബ് സ്‌റ്റേഷനുകളിലെ വൈദ്യുതി മുടക്കത്തിന് പരിഹാരമാകുമെന്നായിരുന്നു ഉദ്യോഗസ്ഥരുടെ അന്നത്തെ അവകാശവാദം. എന്നാൽ, കാര്യങ്ങൾ ഇപ്പോഴും പഴയപടിയാണ്.
അടിക്കടിയുള്ള വൈദ്യുതി തടസ്സം ഹൈറേഞ്ചിലെ വ്യാപാര മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. ഫോട്ടോസ്റ്റാറ്റ് സ്ഥാപനങ്ങള്‍, സ്റ്റുഡിയോകള്‍, ഡി.ടി.പി. സെന്‍ററുകള്‍, വര്‍ക്‌ഷോപ്പുകള്‍, കോള്‍ഡ് സ്‌റ്റോറേജുകള്‍, ഫ്ലോർ മില്ലുകൾ തുടങ്ങിയ സ്ഥാപനങ്ങള്‍ ശരിയായി പ്രവർത്തിപ്പിക്കാൻ കഴിയാതെ ഉടമകള്‍ വലയുകയാണ്.
ആശുപത്രികള്‍, ലബോറട്ടറികള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ധനകാര്യ സ്ഥാപനങ്ങൾ എന്നിവ മാസങ്ങളായി ജനറേറ്റര്‍ ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. വൈദ്യുതി വിതരണം കാര്യക്ഷമമാക്കാന്‍ ബന്ധപ്പെട്ടവരുടെ അടിയന്തര ഇടപെടൽ വേണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

