പിതാവിനെയും മകനെയും വെട്ടി പരിക്കേൽപിച്ച സംഭവം: പ്രതി പിടിയിൽ
text_fieldsപ്രതിയെ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ
നെടുങ്കണ്ടം: ഇരുചക്രവാഹനത്തിൽ ജോലി സ്ഥലത്തേക്കുപോയ പിതാവിനെയും മകനെയും വഴിയിൽ പതിയിരുന്ന്് കമ്പിവടിക്ക് അടിച്ച് നിലത്തിട്ട് വെട്ടിപ്പരിക്കേൽപിച്ച സംഭവത്തിൽ ഒരാളെ നെടുങ്കണ്ടം പൊലീസ് അറസ്റ്റുചെയ്തു.
നെടുങ്കണ്ടം മൈനർസിറ്റി സ്വദേശി അറക്കൽ ബിനോയിയാണ് (45) പിടിയിലായത്. നെടുങ്കണ്ടം കുരിശുപാറ സ്വദേശി താലപ്പറമ്പിൽ മോഹനൻ(62) മകൻ സരീഷ് (34) എന്നിവരെയാണ് വെട്ടിപരിക്കേൽപിച്ചത്.
ഗുരുതര പരിക്കേറ്റ സരീഷ് നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ശനിയാഴ്്ച രാവിലെ 7.45ന് നെടുങ്കണ്ടം-പച്ചടി റോഡിൽ ആട്ടുപാറക്ക് സമീപമായിരുന്നു സംഭവം. ഓടി രക്ഷപ്പെടാൻ ശ്രമിച്ച സരീഷിനെ പിൻതുടർന്ന് വെട്ടുകയായിരുന്നു.
തടയാൻ ശ്രമിച്ച പിതാവിനും വെട്ടേറ്റു. മോഹനനും ചികിത്സയിലാണ്. നെടുങ്കണ്ടം എസ്.ഐ കെ. ദിലീപ്കുമാർ, സി.പി.ഒമാരായ സലീം, സൂരജ്, േഗ്രയ്സൺ ആൻറണി എന്നിവരടങ്ങിയ സംഘം പ്രതിയെ കമ്പംമെട്ടിൽനിന്നാണ് പിടികൂടിയത്. പ്രതിയുടെ ഭാര്യയെ ശല്യംചെയ്തതിനാണ് സരീഷിനെ കൊല്ലാൻ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.

