അടിസ്ഥാന സൗകര്യങ്ങളില്ലാതെ കാർഡിയോളജി വിഭാഗം: വലഞ്ഞ് രോഗികൾ
text_fieldsപ്രതികാത്മക ചിത്രം
നെടുങ്കണ്ടം: താലൂക്ക് ആശുപത്രിയിലെ കാർഡിയോളജി വിഭാഗത്തിൽ അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനാൽ രോഗികൾക്ക് ദുരിതം മാത്രം. മിനി മെഡിക്കല്‍ കോളജ് നിലവാരത്തിലേക്ക് ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ നിര്‍മാണം നടക്കുന്ന നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലാണ് ഈ ദുർഗതി. ഇവിടെ കാര്‍ഡിയോളജി ഡോക്ടര്‍ ഉണ്ടെങ്കിലും തസ്തികയില്ല.
ഇതോടെ അടിസ്ഥാന സൗകര്യം ഏര്‍പ്പെടുത്താത്തതിനാല്‍ രോഗികള്‍ വലയുകയാണ്. ഹൃദയാഘാതം മൂലം ഇവിടെയെത്തുന്ന രോഗികളെ കിലോ മീറ്ററുകൾ ദൂരെയുള്ള സ്വകാര്യ ആശുപത്രികളിലേക്ക് പറഞ്ഞയക്കുകയാണ്. ഇങ്ങനെ പോകുന്ന പല രോഗികളും പാതി വഴിയില്‍ മരണമടയുന്ന സംഭവങ്ങൾ നിരവധിയാണ്. കഴിഞ്ഞ ദിവസവും ഒരു രോഗി പാതി വഴിയില്‍ മരണമടഞ്ഞിരുന്നു.
ഇഴഞ്ഞ് നീങ്ങി നിർമാണം
നെടുങ്കണ്ടം താലൂക്ക് ആശുപത്രിയെ മിനി മെഡിക്കല്‍ കോളജ് നിലവാരത്തിലേക്ക് ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ എം.എം. മണി എം.എല്‍.എയുടെ ശ്രമഫലമായി ഒമ്പതു വര്‍ഷം മുമ്പ് ആരംഭിച്ച ജില്ല ആശുപത്രിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇഴഞ്ഞു നീങ്ങുകയാണ്. 45 ഡോക്ടര്‍മാരും 300 കിടക്കകളും അനുബന്ധ സൗകര്യങ്ങളുമുള്ള ജില്ല ആശുപത്രിയുടെ പ്രവര്‍ത്തനം മാര്‍ച്ചോടെ ആരംഭിക്കുമെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. നിലവില്‍ ആദ്യഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 149 കോടിയും രണ്ടാംഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ക്ക് 200 കോടിയും മൂന്നാംഘട്ടത്തില്‍ 250 കോടിയുമാണ് സര്‍ക്കാര്‍ ആനുവദിച്ചത്.
കാന്‍സര്‍ പരിശോധന കേന്ദ്രം, ഡയാലിസിസ് കേന്ദ്രം, ബ്ലഡ് ബാങ്ക്, എയ്ഡ്‌സ് കണ്‍ട്രോള്‍ പരിശോധന കേന്ദ്രം, എന്നിവയടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കുമെന്നായിരുന്നു പ്രഖ്യാപനം. ആശുപത്രി പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ തോട്ടം മേഖലയിലെ തൊഴിലാളികള്‍ക്കും കൃഷിക്കാര്‍ക്കും മെച്ചപ്പെട്ട ചികിത്സ സൗകര്യം ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് മലയോര നിവാസികള്‍.
തസ്തികയില്ലാത്തത് തിരിച്ചടി
വര്‍ഷങ്ങളായി കാര്‍ഡിയോളജി ഡോക്ടര്‍ നിലവിലുണ്ടെങ്കിലും ഫിസിഷ്യന്റെ തസ്തികയിലാണ് സേവനമനുഷ്ടിക്കുന്നത്. ഇതോടെ കാർഡിയോളജി വിഭാഗത്തിലാകട്ടെ പരിമിതമായ സൗകര്യങ്ങളാണ് ഇവിടെയുള്ളത്. ഇതിനിടയിൽ ഇവിടുത്തെ ഡോക്ടറെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റാന്‍ നിരവധി തവണ ശ്രമം നടത്തിയിരുന്നു. മതിയായ ഉപകരണങ്ങളും സംവിധാനങ്ങളും ഇല്ലാത്തതാണ് രോഗികളെ വലക്കുന്നത്. അത്യാവശ്യ ഘട്ടങ്ങളില്‍ ചികിത്സ വേണമെങ്കില്‍ കിലോമീറ്ററുകള്‍ സഞ്ചരിച്ച് തേനി മെഡിക്കല്‍ കോളജ് ആശുപത്രിയിലോ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലോ പോകേണ്ട അവസ്ഥയിലാണ് രോഗികള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

