ബൈക്ക് യാത്രികനെ ജീപ്പിടിച്ചുവീഴ്ത്തി മര്‍ദിച്ചതായി പരാതി
text_fieldsനെടുങ്കണ്ടം: ബൈക്ക് യാത്രികനെ ജീപ്പിലെത്തിയ സംഘം ഇടിച്ചുവീഴ്ത്തിയ ശേഷം ക്രൂരമായി മര്‍ദിച്ചതായി പരാതി. ഉടുമ്പന്‍ചോല പൂയപ്പള്ളില്‍ അരവിന്ദിനാണ് (29) മർദനമേറ്റത്. ബുധനാഴ്ച ഉച്ചക്ക് തേക്കടി-മൂന്നാര്‍ സംസ്ഥാന പാതയില്‍ പാറത്തോടിനു സമീപമാണ് സംഭവം. ഉടുമ്പന്‍ചോലയില്‍നിന്ന് നെടുങ്കണ്ടത്തേക്ക് ബൈക്കിൽ വരുകയായിരുന്നു അരവിന്ദ്.
പാറത്തോടിനു സമീപം എത്തിയപ്പോഴാണ് പിന്നില്‍നിന്നുവന്ന ജീപ്പ് ഇടിച്ചുവീഴ്ത്തിയത്. റോഡിലേക്ക് തെറിച്ചുവീണ അരവിന്ദിനെ ജീപ്പിലുണ്ടായിരുന്നവര്‍ നെഞ്ചിനും തലക്കും ചവിട്ടി. ഇതിനിടെ മറ്റു വാഹനങ്ങള്‍ എത്തിയതോടെ അക്രമിസംഘം വാഹനത്തില്‍ കടന്നുകളഞ്ഞു. അരവിന്ദിെൻറ വലതുകൈക്ക് ആഴത്തിലുള്ള മുറിവും ദേഹമാസകലം ചതവുമുണ്ട്.
എന്നാല്‍, വാഹനം മറികടക്കുന്നത് സംബന്ധിച്ച വാക്തര്‍ക്കവും തുടര്‍ന്ന് ഉന്തും തള്ളുമാണ് ഉണ്ടായതെന്ന്്് പൊലീസ് പറഞ്ഞു. ഇരുകൂട്ടരോടും വ്യാഴാഴ്ച സ്റ്റേഷനില്‍ എത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് നെടുങ്കണ്ടം സി.െഎ പി.ബി. ബിനു പറഞ്ഞു.

