കാഴ്ചക്ക് അതിമനോഹരം; അപകടം ഒളിപ്പിച്ച് തൂവൽ വെള്ളച്ചാട്ടം
text_fieldsതൂവൽ വെള്ളച്ചാട്ടം
നെടുങ്കണ്ടം: കാഴ്ചക്ക് അതിമനോഹരമെങ്കിലും തൂവൽ വെള്ളച്ചാട്ടം അപകടക്കെണിയാവുന്നു. സഞ്ചാരികൾ അപകടത്തിൽ പെടുന്നത് പതിവായിട്ടും സുരക്ഷ മുൻകരുതലുകൾ ഇല്ലാത്തതാണ് ഏറെ പ്രശ്നം. ജലപാതത്തിന് താഴ് ഭാഗത്തെ വഴുവഴുത്ത പാറകളിൽനിന്ന് തെന്നിയാണ് അപകടങ്ങൾ ഏറെയും.
കഴിഞ്ഞ ദിവസം രണ്ട് വിദ്യാർഥികളെ ഇവിടെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. മുമ്പും സമാനമായ അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. ഏതാനും വർഷങ്ങൾക്കിടയിൽ തൂവൽ സന്ദർശിക്കാൻ എത്തിയ പത്തോളം പേരാണ് അപകടത്തിൽ മരിച്ചത്.
വെള്ളച്ചാട്ടത്തിന് മുകളിലെ നടപ്പാലം ഇരുകരകളുമായി ബന്ധിപ്പിച്ചിട്ടില്ലാത്തതും അപകടം ക്ഷണിച്ചു വരുത്തുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിദേശത്തു നിന്നുമൊക്കെ ദിനേന നൂറോളം സഞ്ചാരികൾ ഇവിടെ എത്താറുണ്ട്.
മിനുസമാർന്ന പാറയിലൂടെ നടക്കുന്നവർ തെന്നി വീഴാൻ സാധ്യത ഏറെയാണ്. വെള്ളം കെട്ടി കിടക്കുന്ന ഭാഗങ്ങളിൽ ആഴമേറിയ പാറ അള്ളുകളും ഉണ്ട്. വെള്ളച്ചാട്ടത്തിന് മുകളിൽ ഒരുക്കിയിരിക്കുന്ന നടപ്പാലവും സുരക്ഷിതമല്ല. പാലത്തിന്റെ കേഡറുകൾക്കിടയിലൂടെ കുട്ടികൾ താഴേക്ക് പതിക്കാനും സാധ്യത ഉണ്ട്. സ്ഥല പരിചയമില്ലാത്തവരാണ് ഏറെയും അകടത്തിൽ പെടുക. പ്രദേശവാസികളുടെ മുന്നറിയിപ്പ് കേൾക്കാതെ സാഹസികത കാണിക്കുന്നതും അശ്രദ്ധയും അപകടം ക്ഷണിച്ചു വരുത്തുന്നുണ്ട്. മേഖലയിൽ സുരക്ഷ ക്രമീകരണങ്ങൾ വർധിപ്പിക്കുന്നതിനൊപ്പം നിർദേശങ്ങൾ നൽകാൻ ജീവനക്കാരെയും നിയമിക്കണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

