70ന്റെ നിറവിൽ പട്ടം കോളനി
text_fieldsകല്ലാറിലെ പട്ടംകോളനിയുടെ സ്ഥാപക ഫലകം
നെടുങ്കണ്ടം: സംസ്കാരങ്ങളുടെ സംഗമ ഭൂമിയായ പട്ടംകോളനി സപ്തതി നിറവില്‍. ഒരു വര്‍ഷം നീളുന്ന 70 ാം പിറന്നാള്‍ ആഘോഷത്തിന് 20ന് തിരിതെളിയും. കാര്‍ഷിക ചരിത്രത്തില്‍നിന്ന് വേര്‍പിരിക്കാനാകാത്ത ഒരേടാണ് പട്ടംകോളനിക്കുള്ളത്. തിരുകൊച്ചി സര്‍ക്കാര്‍ പ്രോത്സാഹിപ്പിച്ച് കുടിയിരുത്തല്‍ ചരിത്രമുള്ളിടമാണ് പട്ടംകോളനി. ആനമുടിക്ക് ഉദ്ദേശം 60 കിലോമീറ്റര്‍ തെക്ക് മാറിയാണ് ഈ ഭൂപ്രദേശം. പട്ടം താണുപിള്ളയുടെ ദീര്‍ഘ വീക്ഷണമായിരുന്നു കോളനി രൂപവത്ക്കരണത്തിനു പിന്നില്‍.
പട്ടം താണുപിള്ള
1955 ജനുവരി 20 നാണ് പട്ടം കോളനി രൂപീകൃതമായത്. പട്ടം കൊടുത്ത സ്ഥലമായതിനാല്‍ കോളനിക്ക് പട്ടം കോളനി എന്ന പേര് ലഭിച്ചു. പട്ടംകോളനി പ്രഖ്യാപനം നടന്നത് കല്ലാറിലാണ്. നിലവില്‍ നെടുങ്കണ്ടം, പാമ്പാടുംപാറ, കരുണാപുരം പഞ്ചായത്തുകളിലായാണ് കോളനി സ്ഥിതി ചെയ്യുന്നത്.
നെടുങ്കണ്ടം കിഴക്കേ കവലയില്‍ ആരംഭിച്ച് കൂട്ടാര്‍ വരെയുള്ള 15 കിലോമീറ്ററോളം ചുറ്റളവില്‍ വ്യാപിച്ചു കിടക്കുന്ന പ്രദേശമാണിത്. ഈ മേഖലയിലെ കുടുംബങ്ങളെ വീട്ടുപേരിനു പകരം ബ്ലോക്ക് നമ്പറിലാണ് അറിയപ്പെടുന്നത്.
ഹൈറേഞ്ച് കേരളത്തിനോടൊപ്പം നില്ക്കാന് കാരണം പട്ടം കോളനി
കല്ലാര്‍ പട്ടം കോളനിയുടെ രൂപവത്കരണമാണ് സംസ്ഥാനരൂപവത്കരണ സമയത്ത് ഹൈറേഞ്ച് കേരളത്തിനോടൊപ്പം നില്ക്കാന് ഇടയാക്കിയത്. മലമുകളില്‍ മഴ പെയ്താല്‍ വെള്ളം ഒഴുകുന്നത് എങ്ങോട്ടെന്ന് നോക്കിയാണ് സഹ്യപര്‍വത നിരകളില്‍ കേരളവും തമിഴ്നാടും തമ്മില്‍ അതിര്‍ത്തി തിരിച്ചിരിക്കുന്നത്. എന്നാല്‍, കൂട്ടാറ്റില്‍ അണകെട്ടി കട്ടേക്കാനംവഴി ചാലുകീറി കൂട്ടാറിലെ വെള്ളം തമിഴ്നാട്ടിലേക്ക് കൊണ്ടുപോകാന്‍ തമിഴ്നാട് ശ്രമിക്കുകയും അതിന്റെ ഭാഗമായി തണ്ണിപ്പാറ ഭാഗത്ത് തമിഴ്നാട് പട്ടയം പോലും നല്‍കിയിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട അന്നത്തെ തിരുക്കൊച്ചി മുഖ്യമന്ത്രിയായിരുന്ന പട്ടംതാണുപിള്ള അടിയന്തരമായി പദ്ധതിക്ക് രൂപം നല്കി.
രണ്ടാം ലോകയുദ്ധത്തെ തുടര്‍ന്നുണ്ടായ പട്ടിണിക്ക് തടയിടാനും തമിഴ്ഭാഷ ന്യൂനപക്ഷങ്ങള്‍ക്ക് ആധിപത്യമുണ്ടായിരുന്ന ഈ ഭൂപ്രദേശം തമിഴ്നാടിന്റെ ഭാഗമാകാതിരിക്കുന്നതിനുമാണ് തിരുക്കൊച്ചി സര്‍ക്കാര്‍ പത്ര പരസ്യത്തിലൂടെ അര്‍ഹരെ തെരഞ്ഞെടുത്ത് ഒരാള്‍ക്ക് അഞ്ചേക്കര്‍ സ്ഥലവും ആയിരം രൂപ വായ്പയും പണിയായുധങ്ങളും അനുവദിച്ച് 1800ഓളം കുടുംബങ്ങളെ ഇവിടെ കുടിയിരുത്തിയത്.
കല്ലാര്‍ മുതല്‍ രാമക്കല്‍മേട് വരെ
1954ല്‍ ഹൈറേഞ്ച് കോളനൈസേഷന്‍ പദ്ധതി പ്രകാരമാണ് അന്നത്തെ കോട്ടയം ജില്ലയില്‍ പീരുമേട്, ദേവികുളം താലൂക്കുകളിലായി വ്യാപിച്ചു കിടന്നിരുന്ന കല്ലാര്‍ മുതല്‍ രാമക്കല്‍മേട് വരെയുള്ള വിവിധ പ്രദേശങ്ങളില്‍ കോളനി രൂപവത്കരിക്കാന്‍ തീരുമാനമായത്. വിവിധ കോളനികളിലായി 7326 ഏക്കര്‍ ഭൂമി ജനങ്ങള്‍ക്കായി വിട്ടുനല്‍കിയതില്‍ 6860 ഏക്കര്‍ ഭൂമിയും പട്ടം കോളനിയിലായിരുന്നു.
അഞ്ച് ഘട്ടങ്ങളിലായി അഞ്ച് ഏക്കര്‍ വീതമുള്ള 1397 ബ്ലോക്കുകളാണ് പട്ടംകോളനിയില്‍ വിതരണം ചെയ്തത്. ആദ്യതവണ 200 പേര്‍ക്കാണ് ഭൂമി നല്‍കിയത്. കല്ലാര്‍ പട്ടംകോളനിയില്‍ ഉള്‍പ്പെടുന്ന പ്രധാന സ്ഥലങ്ങളാണ് മുണ്ടിയെരുമ, പാമ്പാടുംപാറ, നെടുങ്കണ്ടം, തൂക്കുപാലം, ബാലഗ്രാം, തേര്‍ഡ്ക്യാമ്പ്,കൂട്ടാര്‍, കോമ്പയാര്‍,രാമക്കല്‍മേട്,തോവാള, അല്ലിയാര്‍,ചേമ്പളം, കട്ടേക്കാനം,ആദിയാര്‍പുരം,ഒറ്റക്കട,കുമരകംമെട്ട, ചേലമൂട്, കുരുവിക്കാനം, ഈറ്റക്കാനം, കരുണാപുരം, തണ്ണിപ്പാറ, നാലുമുക്ക് തുടങ്ങിയവ. ഈ സ്ഥലങ്ങള്‍ക്കെല്ലാം സ്ഥലനാമ ചരിത്രങ്ങളുമുണ്ട്.
സ്വാഗതസംഘം രൂപവത്കരിച്ചു
തൂക്കുപാലം പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ ബഹുജന പങ്കാളിത്തത്തോടെ 20ന് തുടക്കം കുറിക്കുന്ന സപ്തതി ആഘോഷത്തിന്റെ ഭാഗമായി സ്വാഗതസംഘം രൂപവത്കരിച്ചു. ലൈബ്രറി പ്രസിഡന്റ് കെ.ആര്. ഉണ്ണികൃഷ്ണന് നായര്‍ അധ്യക്ഷത വഹിച്ചു.
പാമ്പാടുംപാറ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് സി.എസ്. യശോധരന്, പഞ്ചായത്ത്അംഗങ്ങളായ സതി അനില്‍കുമാര്‍,രമ്യ ഷിജു,ശ്യാമള മധുസൂധനന്, മുഹമ്മദ് ബഷീര്‍, കെ.എസ്.രാജ്മോഹന്‍, മുഹമ്മദ് ഷാജി, കെ.വി.ഐസക്, രാജേഷ് ചന്ദ്ര, സിന്ധു സുകുമാരന്‍ നായര്‍, ജോണ്‍ പുല്ലാട്, കെ.വി.പരമേശ്വരന് എന്നിവര്‍ സംസാരിച്ചു.
കെ. ആര്. ഉണ്ണികൃഷ്ണന് നായര്‍ ചെയര്‍മാനായും ജോമോന് താന്നിക്കല്‍ ജനറല്‍ കണ്‍വീനര്‍ ആയും 101 അംഗ സ്വാഗതസംഘം പ്രവര്‍ത്തനം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

