ഇരട്ടക്കുട്ടികളുടെ മരണത്തിൽ നടുങ്ങി നാട്
text_fieldsഅടിമാലി: കുരുന്നുകളുടെ ദാരുണമരണത്തിൽ നെഞ്ചുപൊട്ടി നിൽക്കുകയാണ് ഒരു നാടും നാട്ടുകാരും. വെള്ളിയാഴ്ച രാത്രിയോടെയാണ് കീടനാശിനി ഉള്ളിൽചെന്ന് അഫ്സൽ-സാന്ദ്ര ദമ്പതികളുടെ ഒരു വയസ്സ് പ്രായമുള്ള ഇഹാൻ, റിഹാൻ എന്നീ ഇരട്ടക്കുട്ടികളുടെ മരണം. ചിതൽശല്യത്തിന് തളിക്കുന്ന കീടനാശിനി കുട്ടികളുടെ ഉള്ളിൽ പോയതാണ് മരണത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. അടുക്കളയിൽ ബർത്തിന് മുകളിൽവെച്ചിരുന്ന കീടനാശിനി കുപ്പി കാലപ്പഴക്കംകൊണ്ട് പൊട്ടി ഒലിച്ച് തറയിൽ വീഴുകയും വൈദ്യുതി പോയ സമയത്ത് കുട്ടികൾ ഇതിന് സമീപത്ത് വരുകയും ഇരുവരും തറയിൽ കിടന്ന ദ്രാവകം കഴിക്കുകയുമായിരുന്നുവെന്നാണ് മാതാപിതാക്കളുടെ മൊഴി.
മുടിപ്പാറയിൽ ഇവരുടെ സ്വന്തം വീട് നിർമാണം നടക്കുകയായിരുന്നു. ഇവിടെ ഷെഡിൽ താമസിക്കുന്നത് കുട്ടികൾക്ക് പലവിധ അസുഖങ്ങൾക്ക് കാരണമായി. ഇതോടെ ഒഴുവത്തടത്ത് രണ്ട് മാസം മുമ്പ് വാടക വീടെടുത്ത് മാറുകയായിരുന്നു. എന്നാൽ, ബർത്തിന് മുകളിൽ ചിതലിന് തളിക്കാൻ വാങ്ങിയ വിഷക്കുപ്പി ഇരിക്കുന്ന കാര്യം ഇവർ ശ്രദ്ധിച്ചിരുന്നില്ലെന്നാണ് പറയുന്നത്. വായിൽനിന്ന് നുരയും പതയും വന്ന നിലയിലാണ് മാതാപിതാക്കൾ കാണുന്നത്.
ഉടൻതന്നെ രക്ഷിതാക്കളും അയൽവാസികളും ചേർന്ന് കുഞ്ഞുങ്ങളെ ആദ്യം സമീപത്തുള്ള ഇരുമ്പുപാലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അവിടെനിന്ന് അടിയന്തര ശുശ്രൂഷകൾ നൽകിയ ശേഷം വിദഗ്ധ ചികിത്സക്കായി ഉടൻതന്നെ അടിമാലിയിലെ പ്രധാന ആശുപത്രിയിലേക്ക് കുട്ടികളെ മാറ്റി. എന്നാൽ, ആശുപത്രിയിലെത്തിച്ചപ്പോഴേക്കും കുഞ്ഞുങ്ങളുടെ നില അതിഗുരുതരമാവുകയും ജീവൻ രക്ഷിക്കാൻ സാധിക്കാതെ വരുകയുമായിരുന്നു. നാല് വയസ്സുള്ള മറ്റൊരു കുട്ടിയും ഈ ദമ്പതികൾക്കുണ്ട്. പത്താംമൈൽ ടൗൺ ജുമാ മസ്ജിദിൽ ഒരു ഖബറിലായാണ് രണ്ട് പേരെയും അടക്കിയത്. നാടിന്‍റെ നാനാ ഭാഗങ്ങളിൽനിന്ന് നൂറുകണക്കിനാളുകൾ സംസ്കാര ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

