സമ്പൂർണ കുടിവെള്ള പദ്ധതി ആരംഭിക്കാനായില്ല: മുട്ടത്തെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകലെ
text_fieldsമുട്ടം: വർഷങ്ങളുടെ പഴക്കമുള്ള മുട്ടത്തെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകുന്നില്ല. പരിഹാരമാകേണ്ട സമ്പൂർണ കുടിവെള്ള പദ്ധതി എങ്ങുമെത്താതെ ഇഴഞ്ഞുനീങ്ങുന്നതാണ് കാരണം. നിലവിലെ മാത്തപ്പാറയിലെ പമ്പ് ഹൗസിൽ പുതിയ മോട്ടറുകൾ സ്ഥാപിച്ച് പെരുമറ്റത്ത് ശുചീകരണ ശാലയും നിർമിച്ച് അഞ്ച് കുന്നിൻ പ്രദേശങ്ങളിൽ ടാങ്കുകൾ നിർമിച്ച് പഞ്ചായത്തിലെ എല്ലായിടത്തും കുടിവെള്ളമെത്തിക്കുമെന്നതാണ് പദ്ധതി. എന്നാൽ, ഇതിന്‍റെ നടപടികൾ ഒച്ചിഴയും വേഗത്തിലാണ് പുരോഗമിക്കുന്നത്.
വേനലിൽ കുടിവെള്ള ക്ഷാമം രൂക്ഷമാകുമ്പോൾ ജനങ്ങളുടെ പ്രതിഷേധം കനക്കുകയും സമരങ്ങളും പ്രതിഷേധങ്ങളും പഞ്ചായത്തിലേക്കും ജല വകുപ്പിലേക്കും നടക്കുകയും പതിവാണ്. താൽക്കാലിക പരിഹാരമാർഗങ്ങൾ കണ്ടെത്തി ജനങ്ങളെ തിരികെ പറഞ്ഞയക്കുന്നതല്ലാതെ ശാശ്വത പരിഹാരം ഉണ്ടാകുന്നില്ല. സാധാരണ വേനൽക്കാലത്താണ് കുടിവെള്ള ക്ഷാമം രൂക്ഷമാകാറുള്ളതെങ്കിലും കഴിഞ്ഞ മഴക്കാലത്തും കുടിവെള്ളത്തിനായി നെട്ടോട്ടമോടേണ്ട അവസ്ഥയുണ്ടായി.
വേനലിൽ മുട്ടം ടൗണിൽ ഉൾപ്പെടെ മിക്കയിടത്തും കുടിവെള്ള ക്ഷാമം രൂക്ഷമാണ്. മാത്തപ്പാറ, അറക്ക ഉന്നതി, പി.സി.റ്റി ഉന്നതി, അമ്പാട്ട് ഉന്നതി, പോളിടെക്നിക്കിന് പിറകുവശം, അറയാനി, തുടങ്ങനാട് എന്നിവിടങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷമാണ്. മറ്റിടങ്ങളിലെ അവസ്ഥയും വിഭിന്നമല്ല.
പലതും കാലഹരണപ്പെട്ട പദ്ധതികൾ
മുട്ടത്തെ ഭൂരിപക്ഷം ആളുകളും ജലവകുപ്പിന്റെ കുടിവെള്ള പദ്ധതികളേയാണ് ആശ്രയിച്ചുപോരുന്നത്. വലിയ ഒരു കുടിവെള്ള പദ്ധതിയും ചെറിയ ഏതാനും പദ്ധതികളും ഉണ്ടെങ്കിലും മിക്കതും കാലപ്പഴക്കം ചെന്നവയാണ്. വർഷങ്ങൾക്ക് മുമ്പ് ഒമ്പതിനായിരത്തോളം ജനസംഖ്യ കണക്കാക്കി ഒരാൾക്ക് 35 ലിറ്റർ എന്ന രീതിയിൽ ആരംഭിച്ച പദ്ധതിയാണ് ഏറ്റവും വലിയ പദ്ധതിയായ മാത്തപ്പാറയിലേത്. വർഷങ്ങൾ കഴിഞ്ഞതോടെ ജനസംഖ്യ 13000ത്തിൽ എത്തിയെങ്കിലും പദ്ധതി മാത്രം മാറിയില്ല. ഇതുമൂലം കുടിവെള്ളം ലഭിക്കുന്നതിന്റെ അളവ് കുറയുകയും മറ്റിടങ്ങളിൽ ലഭിക്കാതെ വരുകയും ചെയ്തു.പദ്ധതിയുടെ കാലപ്പഴക്കംമൂലം പൈപ്പുകൾ മിക്കതും ദിനേനയെന്നോണം പൊട്ടി നശിക്കാറുണ്ട്. നിലവിലെ പൈപ്പുകളും പദ്ധതിയും കാലഹരണപ്പെട്ടതാണ്.
മൂലമറ്റം പവർഹൗസിൽനിന്നും വൈദ്യുതി ഉപയോഗശേഷം പുറംതള്ളുന്ന ജലം കെട്ടിനിർത്തി മലങ്കര മിനി ജലവൈദ്യുതി നിലയം പ്രവർത്തിപ്പിക്കുന്നതിനാൽ മുട്ടം പഞ്ചായത്തിൽ വർഷത്തിൽ 365 ദിവസവും നിറഞ്ഞുകിടക്കുന്ന ജലാശയമുണ്ട്. എന്നാൽ, ഇത് ശുചീകരിച്ച് കുടിവെള്ളമാക്കി വീടുകളിൽ എത്തിക്കാൻ സാധിക്കുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

