തുടങ്ങനാട് സ്പൈസസ് പാർക്ക്: നിർമാണം ദ്രുതഗതിയിൽ
text_fieldsമുട്ടം തുടങ്ങനാട്ട് സ്പൈസസ് പാർക്ക് ഒന്നാം ഘട്ട നിർമാണ പ്രവൃത്തികൾ പുരോഗമിക്കുന്നു
മുട്ടം: തുടങ്ങനാട് സ്പൈസസ് പാർക്കിൽ ഒന്നാം ഘട്ട നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നു. റോഡ്, വെള്ളം, ചുറ്റുമതിൽ, സുരക്ഷാവേലി, ഓഫിസ് കെട്ടിടം തുടങ്ങി അടിസ്ഥാന സൗകര്യം ഒരുക്കുന്ന പ്രവൃത്തികളാണ് നടന്നുവരുന്നത്. പ്രാരംഭ പ്രവൃത്തികൾ പൂർത്തീകരിക്കുന്നതിന് 14 കോടിയാണ് വകയിരുത്തിയിരിക്കുന്നത്. 2023 ഏപ്രിലോടെ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. 2021 ഫെബ്രുവരി എട്ടാം തീയതിയാണ് മന്ത്രി ഇ.പി. ജയരാജൻ സ്പൈസസ് പാർക്കിന്‍റെ ശിലാസ്ഥാപനം നടത്തിയത്. തുടർന്ന് ഒരു വർഷം എടുത്തു നിർമാണം തുടങ്ങാൻ.
ആദ്യഘട്ട പ്രവൃത്തികൾ 15 ഏക്കറിൽ
ആദ്യഘട്ട പ്രവൃത്തികൾ നടക്കുന്നത് 15 ഏക്കർ പ്രദേശത്താണ്. രണ്ടാം ഘട്ട നിർമാണത്തെക്കുറിച്ച് പഠിക്കാൻ വെഞ്ചേഴ്സ് എന്ന കൺസൾട്ടൻസിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 19 ഏക്കർ പ്രദേശത്താണ് രണ്ടാം ഘട്ട നിർമാണം നടക്കുക. ഏലം, കുരുമുളക് എന്നിവയുടെ സംസ്‌കരണവും കയറ്റുമതിയും ലക്ഷ്യമിട്ട് 2007ൽ കേന്ദ്രസർക്കാർ സംസ്ഥാനത്തിന് 27 കോടി അനുവദിച്ചതോടെയാണ് പദ്ധതിക്ക് തുടക്കമായത്.
നെടുങ്കണ്ടത്തിനടുത്ത് പച്ചടിയിൽ 100 ഏക്കറും മുട്ടത്ത് 90 ഏക്കറും ഏറ്റെടുത്ത് സ്‌പൈസസ് പാർക്ക് നിർമിക്കുന്നതിനാണ് പദ്ധതിയിട്ടിരുന്നത്. പച്ചടിയിൽ പട്ടയഭൂമി ലഭ്യമല്ലാതായതോടെ അവിടുത്തെ പദ്ധതി ഉപേക്ഷിച്ചു. തുടർന്ന് മുട്ടം തുടങ്ങനാടിൽ 90 ഏക്കർ ഭൂമി കണ്ടത്താൻ നടപടി ആരംഭിച്ചു. 92 പേരുടെ പേരിലുള്ള ഭൂമിയാണ് ഏറ്റെടുത്തത്. ആദ്യം ചെറിയ എതിർപ്പ് ഉയർത്തിയെങ്കിലും വികസന പദ്ധതിക്കായി സ്ഥലം വിട്ടുകൊടുക്കാൻ ആളുകൾ തയാറാകുകയായിരുന്നു.
ഇതിനിടെ വിവരം അറിഞ്ഞ ചില റിയൽ എസ്‌റ്റേറ്റ് ലോബിയും ഇവിടെ സ്ഥലം ചുളുവിലയിൽ സ്വന്തമാക്കി. തുടർന്ന് സ്ഥലം ഏറ്റെടുക്കാൻ 2008ൽ വിജ്ഞാപനമിറക്കി. എന്നാൽ, സർക്കാർ വില കുറവായതിനാൽ സ്ഥലം വിട്ടുകൊടുക്കുന്നതിന് പലരും തയാറാകാതെ വന്നതോടെ കലക്ടറുടെ നേതൃത്വത്തിൽ പർച്ചേസ് കമ്മിറ്റി രൂപവത്കരിച്ചു. റോഡ് സൗകര്യം അനുസരിച്ച് സ്ഥലങ്ങളെ മുന്നായി തിരിച്ച് വില നിശ്ചയിച്ചു.
രണ്ടുമാസത്തിനകം സ്ഥലം ഏറ്റെടുക്കുമെന്നും സ്ഥലവില മാത്രമേ നൽകുകയുള്ളൂവെന്നും അറിയിച്ചതോടെ സ്ഥലം വിട്ടുകൊടുക്കാൻ ഒരുങ്ങിയവർ തങ്ങളുടെ സ്ഥലത്തെ റബർ അടക്കമുള്ള മരങ്ങൾ വെട്ടി വിറ്റു. ചിലർ സൗകര്യപ്രദമായ സ്ഥലങ്ങളിൽ വസ്തു വാങ്ങുന്നതിന് അഡ്വാൻസും നൽകി. എന്നാൽ, സ്ഥലമേറ്റെടുപ്പ് നീണ്ടതോടെ പലരും വെട്ടിലായി. 90 ഏക്കർ ഏറ്റെടുക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും 33.57 ഏക്കർ മാത്രമാണ് എടുത്തത്.
തൊടുപുഴ ലാൻഡ് അക്വിസിഷൻ വിഭാഗത്തിനായിരുന്നു സ്ഥലം ഏറ്റെടുത്ത് നൽകേണ്ടതിന്‍റെ ചുമതല. 33.57 ഏക്കർ ഏറ്റെടുത്താൽ മതിയെന്ന് സ്പൈസ് ബോർഡ് അധികൃതർ അറിയിച്ചതോടെ സ്ഥലം ഏറ്റെടുപ്പ് പൂർത്തിയായി.
സുഗന്ധവ്യഞ്ജന മേഖലയില്‍ കുതിച്ചുചാട്ടമുണ്ടാക്കും
സുഗന്ധവ്യഞ്ജന മേഖലയില്‍ പ്രീ പ്രോസസിങ്, മൂല്യവര്‍ധന എന്നിവയെ ലക്ഷ്യമാക്കിയാണ് പദ്ധതി വിഭാവനം ചെയ്തത്. പാര്‍ക്കില്‍ അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസ് കെട്ടിടം, ഡോക്യുമെന്‍റേഷൻ സെന്‍റർ, കോണ്‍ഫറന്‍സ് ഹാള്‍, ബാങ്ക്, പോസ്റ്റ് ഓഫിസ്, അസംസ്‌കൃത വസ്തുക്കള്‍ സൂക്ഷിക്കാനുള്ള സൗകര്യം, മാര്‍ക്കറ്റിങ് സൗകര്യം, കാൻറീൻ എന്നിവയുണ്ടാകും. ജലം, വൈദ്യുതി, റോഡുകള്‍, മലിനീകരണ നിയന്ത്രണ പ്ലാൻറ്, സ്ട്രീറ്റ് ലൈറ്റുകള്‍, മഴവെള്ള സംഭരണി തുടങ്ങിയവ കിൻഫ്രയുടെ നേതൃത്വത്തിലാണ് തയാറാക്കുന്നത്.
സുഗന്ധ വ്യഞ്ജന തൈലങ്ങള്‍, സുഗന്ധവ്യഞ്ജന കൂട്ടുകള്‍, ചേരുവകകള്‍, കറിപ്പൊടികള്‍, കറി മസാലകള്‍, നിർജലീകരണം ചെയ്ത സുഗന്ധവ്യഞ്ജനങ്ങള്‍, സുഗന്ധവ്യഞ്ജന പൊടികള്‍, ഉണക്കിയ സുഗന്ധവ്യഞ്ജനങ്ങള്‍ ഫ്രീസ് ചെയ്യൽ തുടങ്ങിയ സംരംഭങ്ങളാണ് ഇവിടെ പ്രതീക്ഷിക്കുന്നത്. ജില്ലയിലെ സുഗന്ധവ്യഞ്ജനങ്ങൾക്ക് പരമാവധി വില ലഭിക്കാൻ സാധ്യതയുള്ള ഈ പദ്ധതി 2024 നകം പൂർത്തീകരിക്കാനാകും എന്നാണ് പ്രതീക്ഷ.