മുട്ടത്ത് വാഹനാപകട പരമ്പര; ആർക്കും പരിക്കില്ല
text_fieldsമുട്ടത്തിന്റെ വിവിധ ഭാഗങ്ങളിൽ ചൊവ്വാഴ്ചയുണ്ടായ വാഹനാപകടങ്ങൾ
മുട്ടം: ചളിയിൽ താഴ്ന്നും നിയന്ത്രണം നഷ്ടപ്പെട്ടും ചൊവ്വാഴ്ച മുട്ടത്ത് അഞ്ച് വാഹനാപകടങ്ങൾ. സമ്പൂർണ കുടിവെള്ള പദ്ധതിക്കായി എടുത്ത കുഴിയിൽ ലോറി താഴ്ന്നതാണ് ആദ്യ സംഭവം. രാവിലെ എട്ടോടെ മുട്ടം-പാലാ റൂട്ടിൽ ചള്ളാവയൽ കവലയിലാണ് ലോറി താഴ്ന്നത്. ലോറി റോഡിൽ കുടുങ്ങിയതോടെ അതുവഴിയുള്ള ഗതാഗതം ഒരുമണിക്കൂറോളം പൂർണമായും തടസ്സപ്പെട്ടു. വള്ളിപ്പറ വഴിയും പഴയമറ്റം വഴിയും വാഹനങ്ങൾ വഴിതിരിച്ചുവിട്ടാണ് ഗതാഗതം നിയന്ത്രിച്ചത്.
ബസ് ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ ഇടവഴികളിലൂടെ കയറിയപ്പോൾ ആ മേഖലയിലും ഗതാഗതക്കുരുക്ക് രൂക്ഷമായി. മണ്ണുമാന്തി യന്ത്രം എത്തിച്ച് ലോറി ഉയർത്തിയാണ് ഗതാഗതക്കുരുക്ക് അഴിച്ചത്. കുഴിയെടുത്തുകൊണ്ടിരുന്ന ഹിറ്റാച്ചി മുട്ടം എൻജിനീയറിങ് കോളജിന് സമീപത്തെ കുഴിയിൽ വീണതാണ് രണ്ടാമത്തെ സംഭവം. ആഴം വർധിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ കുഴിയിലേക്ക് വീഴുകയായിരുന്നു.
ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം ഹിറ്റാച്ചി കരക്ക് കയറി. ഒമ്പത് മണിയോടെ തണ്ണിക്കോട്ട് വളവിൽ നിയന്ത്രണംവിട്ട സ്കൂൾ ബസ് കലുങ്കിൽ ഇടിച്ചുനിന്നു. കൊടുംവളവ് തിരിക്കുന്നതിനിടെ തെന്നി മാറുകയായിരുന്നു. മുട്ടം-പാലാ റൂട്ടിൽ മുഞ്ഞനാട്ട് വളവിൽ കാറുകൾ കൂട്ടിയിടിച്ചും അപകടം ഉണ്ടായി. രണ്ട് കാറുകൾക്കും സാരമായ തകരാർ സംഭവിച്ചെങ്കിലും യാത്രികർ പരിക്കില്ലാതെ രക്ഷപ്പെട്ടു. മണിക്കൂറുകൾക്കകം നാല് അപകടം സംഭവിച്ചെങ്കിലും ആർക്കും പരിക്കില്ലാത്തത് ആശ്വാസമായി.
ചൊവ്വാഴ്ച വൈകീട്ടോടെ മറ്റൊരു ചരക്ക് ലോറിയും കുഴിയിൽ വീണു. ഇതോടെ മുട്ടത്ത് ചൊവ്വാഴ്ച മാത്രം അപകടത്തിൽപെടുന്ന വാഹനങ്ങളുടെ എണ്ണം അഞ്ചായി. പിറകിലെ അഞ്ച് ടയറുകളും മണ്ണിൽ പുതഞ്ഞതോടെ ലോറിക്ക് കരക്ക് കയറാനായില്ല. റോഡിന് കുറുകെ ലോറി കിടന്നതോടെ മറ്റ് വാഹനങ്ങൾക്കും കടന്നുപോകാൻ സാധിച്ചില്ല. ഇതുമൂലം ഏറെനേരം ഇതുവഴി ഗതാഗതം തടസ്സപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

