ഹൃദ്രോഗിയായ വയോധികന് രക്ഷകരായി പൊലീസ്
text_fieldsമുട്ടം: അർധരാത്രിയിൽ നെഞ്ചുവേദനയെ തുടർന്ന് റോഡരികിൽ വാഹനം കാത്തിരുന്ന വയോധികനായ ഹൃദ്രോഗിക്ക് രക്ഷകരായി മുട്ടം പൊലീസ്. മുട്ടം കന്യാമല സ്വദേശിയായ ആശാരിപാറയിൽ പത്രോസാണ് (74) പൊലീസിന്റെ സമയോചിത ഇടപെടലിലൂടെ ചികിത്സ ലഭിച്ച് ആശ്വാസം കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം അർധരാത്രിയോടെയായിരുന്നു സംഭവം. കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് പത്രോസ് സമീപത്തെ ആശുപത്രിയിലെത്തിയെങ്കിലും ഡോക്ടറുടെ സേവനം ലഭ്യമല്ലാതിരുന്നതിനാൽ ചികിത്സ ലഭിച്ചില്ല. തുടർന്ന് ഭാര്യ അന്നകുട്ടിയോടൊപ്പം നടന്ന് തുടങ്ങനാട് ലൂർദ് മാതാ ചാപ്പലിന് സമീപമെത്തി വാഹനം കാത്ത് റോഡരികിൽ ഇരിക്കുകയായിരുന്നു. അർധരാത്രിയായതിനാൽ വാഹനങ്ങളൊന്നും ലഭിച്ചില്ല. അതേസമയം, മക്കൾ രണ്ടുപേരും അടിയന്തര ആവശ്യത്തിനായി എറണാകുളത്തായിരുന്നതിനാൽ സഹായത്തിനായി വിളിക്കാനുമാകാത്ത അവസ്ഥയായിരുന്നു.
ഇതിനിടെയാണ് പട്രോളിങ് ഡ്യൂട്ടിയിലായിരുന്ന മുട്ടം പൊലീസിന്റെ വാഹനം അതുവഴി എത്തിയത്. ഷർട്ട് ഊരി നെഞ്ച് തിരുമ്മിക്കൊണ്ട് അസ്വസ്ഥനായി ഇരുന്ന പത്രോസിനെയും ഭാര്യയെയും കണ്ട് വാഹനം നിർത്തി വിവരങ്ങൾ അന്വേഷിച്ചു. ഹൃദ്രോഗിയാണെന്നും മുമ്പും ഹൃദയാഘാതം ഉണ്ടായിട്ടുണ്ടെന്നും മനസ്സിലാക്കിയ ഉടൻതന്നെ പൊലീസ് ഇരുവരെയും വാഹനത്തിൽ കയറ്റി ആശുപത്രിയിലേക്ക് തിരിച്ചു.
മുട്ടത്തെ ആശുപത്രിയിൽ ഡോക്ടറുടെ സേവനം ലഭ്യമല്ലെന്നറിഞ്ഞതോടെ, കൂടുതൽ സമയം നഷ്ടപ്പെടുത്താതെ തൊടുപുഴ ജില്ല ആശുപത്രിയിൽ എത്തിച്ച് ചികിത്സ ഉറപ്പാക്കി. ചികിത്സക്ക് ശേഷം ആരോഗ്യനില മെച്ചപ്പെട്ട പത്രോസ് മുട്ടം പൊലീസ് സ്റ്റേഷനിലെത്തി സഹായഹസ്തം നീട്ടിയ പൊലീസുകാരെ നേരിൽ കണ്ട് നന്ദി അറിയിച്ച ശേഷമാണ് മടങ്ങിയത്. മുട്ടം സ്റ്റേഷനിലെ സാന്റിനോയും നിബിൻ പോളും ചേർന്നാണ് ഈ മാനുഷിക ഇടപെടലിലൂടെ വയോധികന് തുണയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

