മുട്ടത്ത് അഞ്ചിടത്ത് പൈപ്പ് ചോർച്ച; നന്നാക്കാൻ നടപടിയില്ല
text_fieldsമുട്ടം കോടതിക്ക് സമീപം പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു
മുട്ടം: മുട്ടത്ത് മാത്രം അഞ്ച് സ്ഥലത്ത് പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നതായി പരാതി. മുട്ടം കോടതി ഭാഗം, ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപം രണ്ടിടത്ത്, മാത്തപ്പാറ കോളനി, ടാക്സി സ്റ്റാന്റിന് സമീപം എന്നിവിടങ്ങളിലാണ് ചോർച്ചയുള്ളത്. പലതവണ അധികാരികൾക്ക് പരാതി നൽകിയെങ്കിലും നടപടി സ്വീകരിച്ചിട്ടില്ല. കരാറുകാർക്ക് ലക്ഷക്കണക്കിന് രൂപ കുടിശ്ശിക ഉള്ളതിനാൽ പൈപ്പ് പൊട്ടിയാലും അവർ നന്നാക്കാൻ തയാറാകുന്നില്ല. 10 മാസത്തോളമായി കുടിശ്ശികയാണെന്നാണ് കരാറുകാർ പറയുന്നത്.
മുട്ടം ടാക്സി സ്റ്റാന്റിന് സമീപം പൈപ്പ് ചോരാൻ തുടങ്ങിയിട്ട് മാസങ്ങളായി. മുട്ടം - ഈരാറ്റുപേട്ട റോഡിലാണ് വെള്ളം ചോർന്നൊലിക്കുന്നത്. ഇത് മൂലം ടാറിങും തകർന്നു. ടാറിങ് പൊളിച്ച് പൈപ്പ് നന്നാക്കാൻ പി.ഡബ്ല്യു.ഡി.യുടെ അനുമതി ആവശ്യമാണ്. അനുമതി നൽകണമെങ്കിൽ ജലവകുപ്പ് പി.ഡബ്ല്യു.ഡിയിൽ പണം അടക്കണം. അത് ഇതുവരെ ചെയ്തിട്ടില്ല. ഇതേതുടർന്ന് നാട്ടുകാർ റോഡിൽ വാഴ നട്ടിരിക്കുകയാണ്.