മീനച്ചിൽ കുടിവെള്ള പദ്ധതി; പൈപ്പ് സ്ഥാപിക്കൽ പാതിവഴിയിൽ നിലച്ചു
text_fieldsപ്രതീകാത്മക ചിത്രം
മുട്ടം: മീനച്ചിൽ കുടിവെള്ള പദ്ധതിയുടെ പൈപ്പിടൽ ഉൾപ്പെടെ പ്രവൃത്തി പാതിവഴിയിൽ നിലച്ചു. മീനച്ചിൽ താലൂക്കിലെ 13 പഞ്ചായത്തിലേക്ക് കുടിവെള്ളം വിതരണം ചെയ്യാൻ ഉദ്ദേശിച്ചുള്ള പദ്ധതിയാണ് മുടങ്ങിക്കിടക്കുന്നത്.
മലങ്കര പാർക്കിന് സമീപം മോട്ടോർ സ്ഥാപിച്ച് നീലൂരിന് സമീപം ബൂസ്റ്റിങ് സ്റ്റേഷനും ടാങ്കും നിർമിച്ചായിരുന്നു പദ്ധതി യാഥാർഥ്യമാക്കാൻ ലക്ഷ്യമിട്ടത്. ഇതിനായി പാർക്ക് മുതൽ കോടതി കവല വരെയും തോട്ടുംകര മുതൽ വള്ളിപ്പാറ വരെയും ഒരു മീറ്റർ വ്യാസമുള്ള പൈപ്പ് സ്ഥാപിച്ചിട്ടുണ്ട്.
എന്നാൽ, തോട്ടുംകരയിൽനിന്ന് കോടതി കവലയിലേക്ക് പൈപ്പ് സ്ഥാപിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടായിട്ടില്ല. മുട്ടം ടൗൺ ഒഴിവാക്കി മാത്രമേ പൈപ്പിടാൻ അനുവദിക്കൂ എന്നതാണ് നാട്ടുകാരുടെയും വ്യാപാരികളുടെയും നിലപാട്. ഇത് പ്രകാരം പരപ്പാൻതോട് വഴിയും തോട് പുറമ്പോക്ക് വഴിയും പൈപ്പ് സ്ഥാപിക്കാൻ ആലോചിച്ചെങ്കിലും നടപടിയുണ്ടായിട്ടില്ല. മലങ്കര പാർക്കിന് സമീപം മോട്ടോർ പുരയും മോട്ടോറുകളും സ്ഥാപിക്കേണ്ടതുണ്ടെങ്കിലും ഇതിന്റെ നിർമാണവും ആരംഭിച്ചിട്ടില്ല.
ഇഴഞ്ഞുനീങ്ങി പദ്ധതി പ്രവർത്തനം
രണ്ടു വർഷം മുമ്പാണ് മീനച്ചിൽ പദ്ധതിയുടെ നിർമാണം മുട്ടം പഞ്ചായത്ത് പ്രദേശത്ത് ആരംഭിച്ചത്. ശേഷം പലതവണ മുടങ്ങുകയും നാട്ടുകാർ തടയുകയും ചെയ്തിരുന്നു.
ടൗൺ ഒഴിവാക്കി പൈപ്പ് സ്ഥാപിക്കുന്നതിന് തോട് പുറമ്പോക്ക് അളന്ന് കുറ്റിയടിച്ചിരുന്നു. ഇത് പ്രകാരം തോട്ടുംകര കോളനിയിലെ നിരവധി വീടുകളുടെ മുറ്റത്തുകൂടി പൈപ്പ് സ്ഥാപിക്കേണ്ടിവരും. നിരവധിയാളുകളുടെ കൈവശഭൂമിയിലും കുറ്റി സ്ഥാപിച്ചിരുന്നു. കുറ്റിയടിക്കാൻ റവന്യൂ, വാട്ടർ അതോറിറ്റി, പഞ്ചായത്ത് അധികൃതർ ഉൾപ്പെടെ സ്ഥലത്ത് എത്തിയതോടെ നാട്ടുകാർ തടിച്ചുകൂടുകയും സംഘർഷാവസ്ഥ ഉണ്ടാവുകയും ചെയ്തിരുന്നു. തോട്ടിൽ തൂണുകൾ സ്ഥാപിച്ച് അതുവഴി പൈപ്പ് കൊണ്ടുപോകുമെന്നാണ് അധികൃതർ പഞ്ചായത്തിനെ അറിയിച്ചിരുന്നത്.
എന്നാൽ റവന്യൂ, ജലവകുപ്പ് ജീവനക്കാർ തോട്ടുംകരയിൽ എത്തിയപ്പോൾ മാത്രമാണ് തോട് പുറമ്പോക്ക് വഴിയാണ് പൈപ്പ് സ്ഥാപിക്കാൻ നീക്കമെന്ന് ജനപ്രതിനിധികൾ പോലും അറിയുന്നത്. ഇതോടെ ജനപ്രതിനിധികളും ആശങ്കയിലായി. ജനങ്ങൾക്ക് ഉപദ്രവമാകുന്ന രീതിയിൽ പുറമ്പോക്ക് വഴിയാണെങ്കിലും പൈപ്പ് സ്ഥാപിക്കാൻ അനുവദിക്കില്ലെന്ന് നാട്ടുകാർക്ക് വാക്കുനൽകിയാണ് അന്ന് ജനപ്രതിനിധികൾ മടങ്ങിയത്.
ബദൽ മാർഗവും തീരുമാനമായില്ല
മുട്ടം ടൗൺ ഒഴിവാക്കി പൈപ്പ് ലൈൻ സ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യം മൂലമാണ് ബദൽ മാർഗം തേടിയത്. ടൗൺ കുത്തിപ്പൊളിച്ചാൽ ഗതാഗതത്തെയും വ്യാപാരത്തെയും ഗുരുതരമായി ബാധിക്കുമെന്നാണ് നാട്ടുകാരുടെ പരാതി. ടൗൺ വഴി പൈപ്പ് സ്ഥാപിക്കാൻ കുറഞ്ഞത് ഒരു മാസം എങ്കിലും വേണം. ശേഷം ടാറിങ് നടത്തി പൂർവ സ്ഥിതിയിൽ ആക്കാൻ മാസങ്ങളും വേണ്ടിവരും.
ഇത് ഒഴിവാക്കി തോട്ടുംകര കോളനി വഴിയോ പരപ്പാൻതോട് വഴിയോ തോടിന്റെ പുറമ്പോക്ക് വഴിയോ പൈപ്പ് സ്ഥാപിക്കണമെന്ന് പഞ്ചായത്തിൽ ചേർന്ന സർവ കക്ഷി യോഗത്തിൽ അഭിപ്രായം ഉയർന്നിരുന്നു. ഇത് പരിശോധിച്ച് റിപ്പോർട്ട് നൽകുന്നതിനാണ് പുറമ്പോക്ക് അളന്നത്. എന്നാൽ, പുറമ്പോക്ക് വഴി പൈപ്പ് സ്ഥാപിച്ചാൽ കോളനി വാസികളെ സാരമായി ബാധിക്കും. ടൗൺ വഴി പൈപ്പ് സ്ഥാപിച്ചാൽ വാഹന യാത്രികരെയും വ്യാപാരികളെയും ബുദ്ധിമുട്ടിലാക്കും. ഇതാണ് തീരുമാനമെടുക്കാൻ വൈകുന്നതെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

