മുട്ടം കാമ്പസിൽ ടൂറിസം പഠന കേന്ദ്രം നിർമാണം അന്തിമ ഘട്ടത്തിൽ
text_fieldsമുട്ടത്ത് നിർമാണം പൂർത്തിയാകുന്ന ടൂറിസം പഠന കേന്ദ്രം
മുട്ടം: മഹാത്മാഗാന്ധി സർവ്വകലാശാലയുടെ മുട്ടം കാമ്പസിൽ പുതിയതായി ആരംഭിക്കുന്ന ടൂറിസം പഠന കേന്ദ്രം നിർമാണം അന്തിമ ഘട്ടത്തിൽ. വൈദ്യുതി, പ്ലംബിങ്, പെയിന്റിങ്, ചുറ്റു മതിൽ തുടങ്ങിയ ജോലികളാണ് പൂർത്തിയാകാനുള്ളത്.
10കോടി രൂപ വിനിയോഗിച്ച് രണ്ട് നിലകളിലായി 40,000 ചതുരശ്ര വിസ്തീർണ്ണമുളള കെട്ടിട സമുച്ചയമാണ് ഇവിടെ വിഭാവനം ചെയ്തിരിക്കുന്നത്. എം.ജി സർവ്വകലാശാലക്ക് കീഴിൽ പുതുതായി ആരംഭിക്കുന്ന കോഴ്സുകൾ മിക്കതും മുട്ടം ക്യാമ്പസിൽ നടത്താനാണ് ഉന്നതതല തീരുമാനം. ഇതിന് മുന്നോടിയായാണ് ടൂറിസം പഠനകേന്ദ്രം ആരംഭിക്കുന്നത്. എം.ജി സർവ്വകലാശാലയുടെ കീഴിൽ നിലവിൽ മുട്ടത്ത് പ്രവർത്തിക്കുന്ന വിശാലമായ എഞ്ചിനീയറിംഗ് കോളജ് കാമ്പസിന് സമീപത്താണ് ടൂറിസം പഠന കേന്ദ്രവും ഒരുങ്ങുന്നത്.
തൊടുപുഴ - പുളിയന്മല സംസ്ഥാന പാതയോട് ചേർന്നുള്ള മുട്ടം കാമ്പസിൽ സർവ്വകലാശാലക്ക് 25 ഏക്കറോളം സ്ഥലം സ്വന്തമായിട്ടുണ്ട്. വിസ്തൃതമായ കാമ്പസിൽ പുതിയ മറ്റ് കോഴ്സുകളും ആരംഭിക്കാൻ സ്ഥല സൗകര്യമുണ്ട്.സർവ്വകലാശാലയുടെ കീഴിൽ വിവിധ സ്ഥലങ്ങളിലായി 14 ടീച്ചിങ്ങ് കോഴ്സുകളുണ്ട്. ഇതിൽ പ്രധാനപ്പെട്ട കോഴ്സുകൾ മിക്കതും അതിരമ്പുഴയിൽ സർവ്വകലാശാല ആസ്ഥാനത്ത് തന്നെയാണ്. സ്കൂൾ ഓഫ് സോഷ്യൽ സയൻസ്, സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ട് എന്നിങ്ങനെ മറ്റ് ചില സ്ക്കൂളുകൾ സർവകലാശാല ആസ്ഥാനത്തിന് പുറത്തുള്ള കാമ്പസുകളിലും പ്രവർത്തിക്കുന്നുണ്ട്.
മുട്ടം കാമ്പസിൽ സജ്ജമാകുന്ന ടൂറിസം പഠന കേന്ദ്രത്തിൽ മാസ്റ്റർ ഓഫ് ടൂറിസം ആന്റ് ട്രാവൽ മാനേജ്മെന്റ്, മാസ്റ്റർ ഓഫ് ട്രാൻസ്പോർട്ടേഷൻ ആന്റ്ലോജിസ്റ്റിക്ക്സ്, മാസ്റ്റർ ഓഫ്ഹോട്ടൽ മാനേജ്മെന്റ് തുടങ്ങിയ കോഴ്സുകളാണ് ഉൾപ്പെടുന്നത്.സിനിമ, ടെലിവിഷൻ കോഴ്സുകൾക്കായുളള ഫിലിം ഇൻസ്റ്റിറ്റൂട്ട്, ഡിപ്ലോമ, ഹൃസ്വകാലകോഴ്സുകൾക്കുള്ള ഡയറക്ടറേറ്റ് ഫോർ അപ്ലൈഡ് ഷോർട്ട് ടേം പ്രോഗ്രാംസ് പ്രാദേശിക കേന്ദ്രം, പിഎച്ച്.ഡി, എം.ഫിൽ പ്രോഗ്രാമുകൾ എന്നിവയാണ് മുട്ടം കാമ്പസിലേക്ക് എത്തുന്ന പുതിയ കോഴ്സുകൾ.