കോടതിക്ക് സമീപമുണ്ടായ സംഘർഷം; സി.പി.എം നേതാക്കൾ ഉൾപ്പെടെ 11 പേർക്കെതിരെ കേസ്
text_fieldsമുട്ടം: കാണാതായ വിദ്യാർഥിനിയെ കോടതിയിൽ ഹാജരാക്കിയതിന് പിന്നാലെ കോടതിക്ക് സമീപമുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് സി.പി.എം ഏരിയ സെക്രട്ടറിമാരായ ടി.ആർ. സോമൻ, മുഹമ്മദ് ഫൈസൽ എന്നിവർ ഉൾപ്പെടെ 11 സി.പി.എം പ്രവർത്തകർക്കെതിരെ കേസെടുത്തു. പെൺകുട്ടിയുടെ ആൺസുഹൃത്തിനും രണ്ട് ബന്ധുക്കൾക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ബുധനാഴ്ച വൈകീട്ട് മൂന്ന് മണിയോടെ മുട്ടം ജില്ല കോടതിക്ക് സമീപമാണ് സംഭവം. ചെറുതോണി, മറിയാൻകുടി സ്വദേശിനിയായ കോളജ് വിദ്യാർഥിനിക്കും മലപ്പുറം സ്വദേശിയായ യുവാവിനും സുഹൃത്തുക്കൾക്കുമാണ് മർദനമേറ്റത്. നാലാം തീയതി യുവതിയെ കാണാനില്ലെന്ന പരാതി കരിങ്കുന്നം സ്റ്റേഷനിൽ ലഭിച്ചതിനെ തുടർന്ന് യുവതി മലപ്പുറത്താണെന്ന് മനസ്സിലാക്കി പൊലീസെത്തി കോടതിയിൽ ഹാജരാക്കുകയായിരുന്നു. കോടതി നിർദേശപ്രകാരം ഷെൽട്ടർ ഹോമിൽ താമസിപ്പിച്ചിരുന്ന യുവതിയെ ബുധനാഴ്ച ഉച്ചയോടെ വീണ്ടും കോടതിയിൽ ഹാജരാക്കി.
കോടതി അനുവദിച്ചതോടെ സ്വന്തം ഇഷ്ടപ്രകാരം പുരുഷ സുഹൃത്തിനൊപ്പം പോകാൻ വിദ്യാർഥിനി തീരുമാനിച്ചു. കോടതി നടപടികൾ പൂർത്തിയാക്കി പുറത്തിറങ്ങിയ യുവതിയെയും സുഹൃത്തുക്കളെയും സംഘടിച്ചെത്തിയവർ റോഡിൽ തടഞ്ഞുനിർത്തി മർദിക്കുകയായിരുന്നു. സംഭവം അറിഞ്ഞ് പൊലീസുകാരെത്തി സംഘർഷം നിയന്ത്രിക്കാൻ ശ്രമിച്ചു. എന്നാൽ, പൊലീസ് ഉദ്യോഗസ്ഥർക്കും മർദനമേറ്റു.
വനിത പൊലീസിന്റെ മൊബൈൽ ഫോൺ പിടിച്ചുപറിക്കുകയും യുവതിയെ പിടിച്ചിറക്കാൻ ശ്രമിക്കുകയും കാർ തട്ടിക്കൊണ്ട് പോകുകയും ചെയ്തു. ശേഷം ഉന്നത പൊലീസ് ഇടപെടലിൽ കാറും ഫോണും തിരികെ നൽകി. മർദനമേറ്റ ഇവരെ മണിക്കൂറുകളോളം മുട്ടം പൊലീസ് സ്റ്റേഷനിൽ താമസിപ്പിച്ച ശേഷം രാത്രിയോടെ സ്റ്റേഷൻ ഹൗസ് ഓഫിസറുടെ നേതൃത്വത്തിൽ മലപ്പുറത്ത് എത്തിക്കുകയായിരുന്നു. സി.പി.എം ജില്ല ഓഫിസിലെ ജീവനക്കാരനാണ് പെൺകുട്ടിയുടെ പിതാവ്. ഇദ്ദേഹത്തെ സഹായിക്കാനാണ് സി.പി.എം പ്രവർത്തകർ എത്തിയത്.