ബൈക്ക് മോഷണം; പ്രായപൂർത്തിയാകാത്ത മൂന്നുപേർ ഉൾപ്പെടെ നാലുപേർ പിടിയിൽ
text_fieldsമുട്ടം: ബൈക്ക് മോഷ്ടിച്ച കേസിൽ പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികൾ ഉൾപ്പെടെ നാലുപേർ പിടിയിൽ. മുട്ടം സ്വദേശി മഠത്തിപ്പറമ്പിൽ വീട്ടിൽ മെൽബിൻ മധു (19) ഉൾപ്പെടെ നാലുപേരാണ് പിടിയിലായത്. ചള്ളാവയൽ സ്വദേശി മുഹമ്മദിന്റെ വീടിന് മുന്നിൽ സൂക്ഷിച്ച ബൈക്കാണ് തിങ്കളാഴ്ച രാത്രി മോഷണം പോയത്. ഉടമയായ മനു മുട്ടം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ചൊവ്വാഴ്ച രാത്രി എട്ടോടെ പി.സി.ടി കോളനിക്ക് സമീപം മൂന്ന് പേർ ഇതേ ബൈക്കിൽ സഞ്ചരിക്കുന്നത് നാട്ടുകാർ കണ്ട് തിരിച്ചറിയുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഒരാൾകൂടി പിടിയിലായി. മുട്ടം പൊലീസ് എത്തി പ്രതികളെ കസ്റ്റഡിയിലെടുത്തു. പ്രായപൂർത്തിയാകാത്ത മൂന്നുപേരെ ജുവൈനൽ കോടതിയിലും മെൽബിനെ ഇടുക്കി കോടതിയിലും ഹാജരാക്കി.
ബൈക്ക് വിറ്റ് പണം സമ്പാദിക്കുക എന്നതായിരുന്നു പ്രതികളുടെ ഉദ്ദേശ്യമെന്ന് മുട്ടം പൊലീസ് പറഞ്ഞു.

