കെ.എസ്.ആർ.ടി.സിയിൽ മാതൃക പദ്ധതികൾ ഒരുക്കിയ സേവി ജോർജ് പടിയിറങ്ങുന്നു
text_fieldsസേവി ജോർജ്
മൂന്നാർ: നഷ്ടക്കണക്ക് മാത്രം പറയുന്ന കെ.എസ്.ആർ.ടി.സിക്ക് മികച്ച വരുമാനവും നൂതന ആശയവും സമ്മാനിച്ച മൂന്നാർ ഡിപ്പോയിലെ ഇൻസ്പെക്ടർ ഇൻ ചാർജ് സേവി ജോർജ് 31 വർഷത്തെ സേവനത്തിനുശേഷം ശനിയാഴ്ച പടിയിറങ്ങുന്നു. മൂന്നാർ ഡിപ്പോ ചുമതലക്കാരൻ എന്നതിനപ്പുറം കേരളമാകെ ശ്രദ്ധിച്ച പല പദ്ധതികളുടെയും ആശയത്തിന് പിന്നിൽ ഈ കോതമംഗലത്തുകാരനായിരുന്നു.
വിനോദ സഞ്ചാരികൾക്ക് മൂന്നാറിലെയും പരിസര പ്രദേശങ്ങളിലെയും കാഴ്ചകൾ ആനവണ്ടിയിൽ സഞ്ചരിച്ചു കാണാനുള്ള ജംഗിൾ സഫാരി എന്നത് സേവിയുടെ ആശയമാണ്. ആനവണ്ടിയിലൂടെ വിനോദസഞ്ചാര യാത്ര സംഘടിപ്പിച്ച് അധിക വരുമാനമുണ്ടാക്കാമെന്ന ആശയം കെ.എസ്.ആർ.ടി.സിക്കും വഴിത്തിരിവായി. 2021 ജനുവരി ഒന്നിന് മൂന്നാറിൽ ഒരു ബസിൽ നടത്തിയ പരീക്ഷണം മറ്റു പല ഡിപ്പോകളും ഏറ്റെടുത്ത് ലാഭം കൊയ്തു.
ആനവണ്ടിയിൽ ആളുകൾക്ക് അന്തിയുറങ്ങാൻ ഇടം ഒരുക്കാമെന്ന ആശയവും സർക്കാറിന് നൽകിയത് സേവിയാണ്. കെ.എസ്.ആർ.ടി.സിയുടെ ഭൗതികസൗകര്യങ്ങൾ പ്രയോജനപ്പെടുത്തി എങ്ങനെ വരുമാനമുണ്ടാക്കാമെന്ന എം.ഡിയുടെ ചോദ്യത്തിന് ഇദ്ദേഹം നൽകിയ മറുപടി പുതിയ അധ്യായം രചിച്ചു. ഓടാതെ കിടക്കുന്ന കെ.എസ്.ആർ.ടി.സി ബസുകൾ സ്ലീപ്പർ വാഹനങ്ങളാക്കി മാറ്റിയാൽ, സഞ്ചാരികൾക്ക് രാത്രി വിശ്രമത്തിന് നൽകാമെന്നായിരുന്നു ഇദ്ദേഹത്തിന്റെ ആശയം. എം.ഡി ബിജു പ്രഭാകർ അനുമതി നൽകിയതോടെ 2020 നവംബർ 14ന് ഒരു ബസുമായി വാഹന ലോഡ്ജ് ആരംഭിച്ചു. ദിവസം 100രൂപ വാടകക്ക് ആരംഭിച്ച സംവിധാനം ഇന്ന് ഒമ്പത് ബസുകളിലായി 144 പേർക്ക് കിടക്കാവുന്ന രീതിയിൽ വളർന്നു. മറ്റ് ഡിപ്പോകളും ഇതേവഴിയിലേക്ക് തിരിഞ്ഞു. ഡിപ്പോയുടെ വളർച്ചക്ക് ചുക്കാൻ പിടിക്കാൻ തന്നെ സഹായിച്ചത് ജീവനക്കാരുടെ സഹകരണമാണെന്ന് സേവി പറയുന്നു. കോതമംഗലം, കുത്തുകുഴി തഴുത്തേടത്ത് വീട്ടിൽ സേവി അവതരിപ്പിച്ച ആശയങ്ങളിലൂടെ ടൂറിസം ഇനത്തിൽ മാത്രം മൂന്നാർ ഡിപ്പോ 57.34 ലക്ഷം രൂപ വരുമാനമുണ്ടാക്കി.
കെ.എസ്.ആർ.ടി.സിയിൽ ഡ്രൈവർ ആയി ജോലി ചെയ്തിരുന്ന പിതാവ് ടി.വി. ജോർജിന്റെ അകാല വിയോഗത്തിൽ ആശ്രിത നിയമനത്തിലൂടെയാണ് 1991ൽ സേവി മുവാറ്റുപുഴ ഡിപ്പോയിൽ കണ്ടക്ടറായി ജോലിയിൽ പ്രവേശിച്ചത്. ഭാര്യ: ആൻസി. മക്കൾ: അമൽ, അതുൽ, ആഷിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

