കാട്ടാന ആക്രമണം പതിവായി; ഭീതിയൊഴിയാതെ എസ്റ്റേറ്റുകൾ
text_fieldsകല്ലാര്‍ എസ്റ്റേറ്റില്‍ വീടിനുമുമ്പില്‍ നിര്‍ത്തിയിരുന്ന ഓട്ടോ കാട്ടാന മറിച്ചിട്ടനിലയിൽ
മൂന്നാർ: കാട്ടാനയുടെ ആക്രമണത്തില്‍നിന്ന് മുക്തമാകാതെ തോട്ടം മേഖലയിലെ എസ്റ്റേറ്റുകള്‍. കഴിഞ്ഞയാഴ്ച പെരിയവര എസ്റ്റേറ്റില്‍ വീടിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോ തകര്‍ത്തതിനു പിന്നാലെ കല്ലാര്‍ എസ്റ്റേറ്റിലും വീടിനു മുമ്പില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോ കാട്ടാന തകര്‍ത്തു. ഫാക്ടറി ഡിവിഷന് സ്വദേശി വിമലിെൻറ ഓട്ടോയാണ് തകര്‍ത്തത്. ഫാക്ടറി ഡിവിഷനിലെതന്നെ ലയങ്ങള്‍ക്കു സമീപമുള്ള കൃഷിയിടങ്ങളിലെ വിളകളും കാട്ടാന നശിപ്പിച്ചു.
വൈകീട്ട് ഏേഴാടെ എത്തിയ കാട്ടാന അർധരാത്രിയോടെയാണ് എസ്റ്റേറ്റിലെ ഈ ഡിവിഷനില്‍നിന്ന് മടങ്ങിയത്. കാട്ടാനയെ കണ്ട് ഭയന്ന ലയങ്ങളിലെ കുട്ടികള്‍ ഉറക്കമിളച്ചിരുന്നാണ് നേരം വെളുപ്പിച്ചത്.
അർധരാത്രിയോടെ ഫാക്ടറി ഡിവിഷനു സമീപത്തുള്ള പുതുക്കാട് ഡിവിഷനിലെത്തിയ കാട്ടാന അവിടെ എസ്റ്റേറ്റ് ലയത്തോട് ചേര്‍ന്നുള്ള ഷെഡ് തകര്‍ക്കുകയും ചെയ്തു. പുതുക്കാട് ഡിവിഷന് സ്വദേശി സെല്വത്തിെൻറ ഷെഡാണ് തകര്‍ത്തത്. എസ്റ്റേറ്റുകളിലെ ജനവാസ മേഖലകളില്‍ നിരന്തരമുണ്ടാകുന്ന കാട്ടാനസാന്നിധ്യം ജനങ്ങളുടെ ഉറക്കംകെടുത്തുകയാണ്.
പലപ്പോഴും വീട്ടുമുറ്റത്താണ് ആനകള്‍ നിലയുറപ്പിക്കുന്നത്. സന്ധ്യ മയങ്ങുന്നതിനു മുമ്പുതന്നെ കാട്ടാനകള്‍ എത്തും. കാട്ടാനശല്യം ഒഴിവാക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

