ഇടമലക്കുടിയിൽ നാശംവിതച്ച് കാട്ടാനകൾ
text_fieldsഇടമലക്കുടിയിൽ കാട്ടാന ആക്രമണത്തിൽ തകർന്ന വീട്
മൂന്നാർ: ഇടമലക്കുടിയിൽ നാശംവിതച്ച് കാട്ടാനകളുടെ ആക്രമണം. രണ്ട് വീടുകൾ കഴിഞ്ഞ ദിവസം തകർത്തു. വെള്ളിയാഴ്ച രാവിലെ 9.30ഓടെ മീൻകുത്തി ഉന്നതിയിലാണ് അഞ്ച് കാട്ടാനകള്‍ ഇറങ്ങിയത്. തങ്കരാജ്, പത്മാവതി എന്നിവര്‍ക്ക് ലൈഫ് മിഷൻ മുഖേന നിർമിച്ച വീടുകളാണ് തകർത്തത്. സംഭവസമയം വീട്ടിൽ ആരുമില്ലാതിരുന്നത് വലിയ അപകടം ഒഴിവായി. വനപാലകരെത്തി സ്ഥലം പരിശോധിച്ചു.
ഒരാഴ്ചയായി പ്രദേശത്ത് ചുറ്റിത്തിരിയുന്ന കാട്ടാനകൾ വ്യാപകമായി കൃഷി നശിപ്പിച്ചതായി നാട്ടുകാര്‍ പറഞ്ഞു. പകലും കൃഷിയിടങ്ങളിൽ കാട്ടാനകൾ എത്തുന്നത് ജീവന് ഭീഷണിയാണ്. ഏക്കർകണക്കിന് സ്ഥലത്തെ ഏലം ഉൾപ്പെടെ നശിപ്പിച്ചിട്ടുണ്ട്.
വേനൽ കനത്ത് തുടങ്ങിയതോടെയാണ് പഞ്ചായത്തിൽ കാട്ടാനശല്യം രൂക്ഷമായത്. കവയ്ക്കാട്ടുകുടി, ഷെഡ്കുടി, ആണ്ടവൻകുടി എന്നിവിടങ്ങളിലാണ് കൂടുതൽ കൃഷിനാശം. ഏലത്തിനടക്കം മികച്ച വില ലഭിക്കുന്ന സാഹചര്യത്തിലാണ് ഈ കൃഷി നശിപ്പിച്ചത്. ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായതെന്ന് കുടി നിവാസികൾ പറയുന്നു.
നാലു സംഘങ്ങളിലായി 14 കാട്ടാനകളാണ് മൂന്ന് സെറ്റിൽമെന്റുകളിലായി നാശം വിതച്ചത്. ഉൾവനങ്ങളിൽ തീറ്റയും വെള്ളവും കുറഞ്ഞതോടെ ആനകൾ കൂട്ടമായി ജനവാസമേഖലകളിലേക്ക് ഇറങ്ങുകയായിരുന്നു. ഏലം കൂടാതെ ആദിവാസികളുടെ പച്ചക്കറി ഉൾപ്പെടെയുള്ള കൃഷികളും കാട്ടാനകൾ നശിപ്പിച്ചു. ജനവാസ മേഖലകൾക്കടുത്ത് നിന്ന് മാറാതെ നിൽക്കുന്ന കാട്ടാനകൾ ഇനിയും നാശം വിതക്കുമെന്ന ഭീതിയിലാണ് പ്രദേശവാസികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

