മദ്യവിതരണം നടത്തിയ യു.ഡി.എഫ് സ്ഥാനാര്‍ഥിയും കൂട്ടരും അറസ്റ്റിൽ
text_fieldsപൊലീസ് അറസ്റ്റ് ചെയ്ത യു.ഡി.എഫ് സ്ഥാനാർഥി എസ്.സി. രാജ
മൂന്നാര്‍: വോട്ടര്‍മാരെ സ്വാധീനിക്കാന്‍ മദ്യവിതരണം നടത്തിയ യു.ഡി.എഫ് സ്ഥാനാര്‍ഥിയും കൂട്ടരും അറസ്റ്റില്‍. പള്ളിവാസല്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡ് സ്ഥാനാർഥി എസ്.സി. രാജയെയും കൂട്ടരെയുമാണ് മൂന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
പോതമേട് ഒന്നാം വാര്‍ഡിന് സമീപത്തെ മേഘദൂത് റിസോര്‍ട്ടിലാണ് സ്ഥാനാര്‍ഥിയും കൂട്ടാളികളായ പിച്ചമണി (30), മുരുകന് (32) എന്നിവരും മദ്യസൽക്കാരം സംഘടിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. മൂന്നാര്‍ എസ്.ഐ സന്തോഷിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. മദ്യവും പിടിച്ചെടുത്തു.
പൊലീസ് പരിശോധനയില്‍ സ്ഥാനാര്‍ഥി മദ്യപിച്ചിരുന്നതായും കണ്ടെത്തി. അവധി ദിവസത്തിൽ മദ്യം ലഭിച്ചതിനെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. തോട്ടം മേഖലയില്‍ പണവും മദ്യവും നല്കി വോട്ടർമാരെ സ്വാധീനിക്കുന്നതായി ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ എ.എസ്.പിയുടെ നേതൃത്വത്തില്‍ പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ചാണ് പരിശോധനകള്‍ നടക്കുന്നത്.

