പട്ടം വാനിലുയര്‍ത്തി കന്നിവോട്ടർമാർ
text_fieldsമൂന്നാര്‍: എല്ലാവരും വോട്ട് ചെയ്യണമെന്ന സന്ദേശം ജനങ്ങളിലെത്തിക്കാന്‍ തെരഞ്ഞെടുപ്പ് കമീഷെൻറ 'സ്വീപ്' വോട്ടര്‍ ബോധവത്കരണ പരിപാടിയുടെ ഭാഗമായി ജില്ല ഭരണകൂടവും ജില്ല ടൂറിസം പ്രൊമോഷന് കൗണ്‍സിലും വണ്‍ ഇന്ത്യ കൈറ്റ് ടീമും സംയുക്തമായി സംഘടിപ്പിച്ച പട്ടം പറത്തല്‍ ശ്രദ്ധേയമായി.
പഴയ മൂന്നാര്‍ ഹൈ ആൾറ്റിറ്റ്യൂഡ് സ്റ്റേഡിയത്തില്‍ നടന്ന പരിപാടി ഫുട്ബാള്‍ താരം ഐ.എം. വിജയന് ഉദ്ഘാടനം ചെയ്തു. രണ്ടുദിവസമായാണ് മൂന്നാര്‍ സ്റ്റേഡിയത്തില്‍ പട്ടംപറത്തല്‍ നടത്തുന്നത്. 'ഓരോ വോട്ടും വിലപ്പെട്ടതാണ്, സമ്മതിദാനാവകാശം വിനിയോഗിക്കുക' ആശയത്തിലൂന്നിയാണ് പരിപാടി.
സ്വീപ് മുദ്ര ആലേഖനം ചെയ്ത വിവിധ വര്‍ണങ്ങളിലുള്ള നൂറോളം പട്ടങ്ങള്‍ നവ വോട്ടര്‍മാര്‍ വാനിലുയര്‍ത്തി. ഇടുക്കിയിലെ ടൂറിസം പ്രൊമോഷന് പദ്ധതിയായ വിബ്ജിയോറുമായി കൈകോര്‍ത്താണ് ജില്ല ഭരണകൂടം പരിപാടി സംഘടിപ്പിക്കുന്നത്. ദേവികുളം സബ് കലക്ടര്‍ പ്രേംകൃഷ്ണന്‍ വോട്ടര്‍മാര്‍ക്ക് സന്ദേശം നല്കി. ലോക പട്ടംപറത്തല്‍ മത്സരത്തില്‍ ഒന്നാംസമ്മാനം നേടിയ കഥകളിപ്പട്ടമാണ് മുഖ്യ ആകര്‍ഷണം.
വിവിധ വര്‍ണങ്ങളിലും രൂപങ്ങളിലുമുള്ള നിറപ്പകിട്ടാര്‍ന്ന ഇൻഫ്ലാറ്ററബിൾ ടെക്നോളജിയിലെ 15 ഭീമന് പട്ടങ്ങളാണ് വണ്‍ ഇന്ത്യ കൈറ്റ് ടീം ക്യാപ്റ്റന്‍ അബ്ദുല്ല മാളിയേക്കലിെൻറ നേതൃത്വത്തില്‍ വാനിലുയര്ത്തുന്നത്. അസി. കലക്ടര്‍ സൂരജ്, മൂന്നാര്‍ പഞ്ചായത്ത് സെക്രട്ടറി അജിത് കുമാര്‍ എന്നിവര്‍ പങ്കെടുത്തു. വൈകീട്ട് കെ.ഡി.എച്ച്.പി കമ്പനിയും ഇടുക്കി പൊലീസുമായി സൗഹൃദ ഫുട്ബാൾ മത്സരവും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

