പെട്ടിമുടിയില്‍ കാണാതായവർക്കായി തിരച്ചില്‍ സ്വന്തം നിലയില്‍ തുടരുമെന്ന് ബന്ധുക്കൾ
text_fieldsമൂന്നാര്‍: പെട്ടിമുടിയില്‍ കാണാതായ പ്രിയപ്പെട്ടവര്‍ക്കായുള്ള തിരച്ചില്‍ സ്വന്തം നിലയില്‍ തുടരുമെന്ന് ബന്ധുക്കള്‍. പ്രതികൂല കാലാവസ്ഥയും മറ്റും കൊണ്ട് കഴിഞ്ഞ ദിവസം പെട്ടിമുടിയിലെ തിരച്ചില്‍ താല്‍ക്കാലികമായി അധികൃതര്‍ അവസാനിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ബന്ധുക്കളുടെ മൃതദേഹങ്ങള്‍ക്കായി ദുരന്തഭൂമിയില്‍ ബാക്കിയായവര്‍ തിരച്ചില്‍ നടത്താന്‍ തീരുമാനിച്ചത്. അവസാന ആളെ കിട്ടുന്നതുവരെ തിരച്ചില്‍ തുടരാന്‍ തന്നെയാണ് തീരുമാനമെന്ന് എസ്. രാജേന്ദ്രന് എം.എൽ.എയും പറഞ്ഞു.
ദുരന്തം കഴിഞ്ഞ് പതിനെട്ട് ദിവസം നടത്തിയ തിരച്ചിലില്‍ 65 പേരുടെ മൃതദേഹമാണ് കണ്ടെത്തിയത്. അഞ്ചു പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്താനുണ്ട്. പെട്ടിമുടിയാർ കേന്ദ്രീകരിച്ചാണ് അവസാന ദിവസങ്ങളില്‍ തിരച്ചില്‍ നടത്തിയത്. എന്നാല്‍, ഉള്‍വനത്തില്‍ വന്യമൃഗങ്ങളുടെ സാന്നിധ്യവും പ്രതികൂല കാലാവസ്ഥയും പുഴയിലെ കുത്തൊഴുക്കും തിരച്ചിലിന് തിരിച്ചടിയായതോടെയാണ് താല്ക്കാലികായി തിരച്ചില്‍ അവസാനിപ്പിച്ചത്.
എന്നാല്‍, ബാക്കിയുള്ളവരെ കൂടി കണ്ടെത്തുംവരെ സ്വന്തം നിലയില്‍ തിരച്ചില്‍ തുടരാനാണ് ബന്ധുക്കളുടെ തീരുമാനം. തിരച്ചില്‍ നിര്‍ത്തിയ ജില്ല ഭരണകൂടത്തിെൻറ നടപടി ശരിയല്ലെന്ന് ദേവികുളം എം.എല്‍.എ എസ്. രാജേന്ദ്രൻ നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. തിരച്ചില്‍ തുടരുന്നതിന് നടപടി സ്വീകരിക്കുമെന്ന് മന്ത്രി എം.എം. മണിയും പറഞ്ഞു.