മൂന്നാറിന്റെ ഉറക്കം കെടുത്തി അരിക്കൊമ്പനും പടയപ്പയും
text_fieldsമൂന്നാർ-മറയൂർ റോഡിൽ നയമക്കാട് ഭാഗത്ത് വാഹനങ്ങൾ തടയുന്ന പടയപ്പ
മൂന്നാർ: കിഴക്ക് അരിക്കൊമ്പനും പടിഞ്ഞാറ് പടയപ്പയും. മൂന്നാറിലേക്ക് എത്തുന്ന യാത്രക്കാർക്ക് പേടിസ്വപ്നമാവുകയാണ് മൂന്നാർ കാടുകളിലെ ഈ രണ്ട് കൊമ്പന്മാർ. ദേശീയപാത 85ൽ അരിക്കൊമ്പനാണ് പ്രശ്നക്കാരനെങ്കിൽ മൂന്നാർ -ഉദുമൽപ്പെട്ട സംസ്ഥാനാന്തര പാതയിൽ പടയപ്പയാണ് യാത്രക്കാരെ ഭീതിയിലാക്കുന്നത്. വ്യാഴാഴ്ച രാത്രി നയമക്കാട് ഭാഗത്ത് റോഡിലെ വളവിൽ ഇറങ്ങിനിന്ന പടയപ്പ അതുവഴി വന്ന വാഹനങ്ങളെല്ലാം തൊട്ടു തലോടിയാണ് കടത്തിവിട്ടത്.
പൊതുവെ ശാന്ത സ്വഭാവക്കാരനാണെങ്കിലും മദപ്പാടുള്ളതാണ് ഇവൻ ജനവാസ മേഖലയിൽ കൂടുതൽ സമയം ചെലവിടാനും വാഹനങ്ങൾ തടയാനും കാരണമെന്ന് വനപാലകർ പറയുന്നു. അടുത്തിടെ രണ്ട് തവണ കെ.എസ്.ആർ.ടി.സി ബസുകൾ തടഞ്ഞ പടയപ്പ ഒന്നിന്റെ ചില്ല് തകർക്കുകയും ചെയ്തു.
വെള്ളിയാഴ്ച പുലർച്ച നയമക്കാട് നിർത്തിയിട്ട കാറുകൾക്ക് സമീപം പടയപ്പ എത്തിയെങ്കിലും ശാന്തനായി കടന്നുപോയി. എന്നാൽ, ജീവൻ ഭയന്നാണ് ആ സമയമത്രയും യാത്രക്കാർ വാഹനത്തിലിരുന്നത്. വ്യാഴാഴ്ച പുലർച്ച പൂപ്പാറക്ക് സമീപം ലോറി തടഞ്ഞ് അരിച്ചാക്ക് പുറത്തെടുത്ത് ഭക്ഷിച്ച അരിക്കൊമ്പനാണ് പടയപ്പയേക്കാൾ അപകടകാരി. ഏകദേശം 60 വയസ്സുള്ള പടയപ്പയുടെ ആരോഗ്യസ്ഥിതിയും മോശമാണ്. പിന്നിലെ ഇടതുകാൽ ശോഷിച്ച് നടക്കാനുള്ള ബുദ്ധിമുട്ടാണ് ഇവൻ കാട് കയറാതിരിക്കാൻ പ്രധാന കാരണം. റോഡിലിറങ്ങി വാഹനങ്ങൾ തടയുന്നത് പടയപ്പയുടെ ഹോബിയാണെങ്കിലും ഇതുവരെ യാത്രക്കാരെ ഉപദ്രവിച്ചിട്ടില്ല.