ദേശീയ ന്യൂനപക്ഷ കമീഷൻ അംഗവും കുടുംബവും വനത്തിൽ കുടുങ്ങി; അഗ്നിരക്ഷാ സേന രക്ഷകരായി
text_fields1. ഡോക്ടർ നവാബ് ബാജിദും കുടുംബവും 2. കാട്ടിലകപ്പെട്ട കാർ ചളിയിൽനിന്ന് പുറത്തെത്തിക്കുന്ന അഗ്നിരക്ഷാ സേന
മൂന്നാർ: വഴിതെറ്റി ആനക്കാട്ടിൽ അകപ്പെട്ട ദേശീയ ന്യൂനപക്ഷ കമീഷൻ അംഗത്തെയും കുടുംബത്തെയും രാത്രി മുഴുവൻ നീണ്ട തിരച്ചിലിനൊടുവിൽ അഗ്നിരക്ഷാ സേന സാഹസികമായി രക്ഷപ്പെടുത്തി. എറണാകുളം സ്വദേശി ഡോ. നവാബ് ബാജിദിനും കുടുംബത്തിനുമാണ് മൂന്നാർ അഗ്നി രക്ഷാ സേനാംഗങ്ങൾ തുണയായത്.
എറണാകുളത്തുനിന്ന് ഒരു പ്രോജക്ടിെൻറ ഭാഗമായി മൂന്നാറിൽ എത്തിയതായിരുന്നു ഡോ. നവാബ് ബാജിദും ഭാര്യയും ബന്ധുവും. ടോപ്പ് സ്റ്റേഷനിൽനിന്ന് രാത്രി പത്ത് മണിക്ക് ഇവർ കാറിൽ തിരിച്ചു വരുമ്പോൾ മാട്ടുപ്പെട്ടിയിൽ െവച്ച് വഴിതെറ്റി കൊടുംകാട്ടിലെത്തുകയായിരുന്നു. കാർ ചെളിയിൽ പുതഞ്ഞതോടെ മുന്നോട്ടുള്ള യാത്രയും അസാധ്യമായി. പലരെയും ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഒടുവിൽ ഫയർഫോഴ്സിൽ വിളിച്ച് തങ്ങളുടെ അവസ്ഥ വിവരിച്ചു.
രാത്രി ഒരു മണിക്ക് ഇവരുടെ ഫോൺവിളി എത്തിയത് തൊടുപുഴ അഗ്നി രക്ഷാ നിലയത്തിലായിരുന്നു. അവിടെ നിന്ന് മൂന്നാറിൽ വിളിച്ചറിയിച്ചതനുസരിച്ച് അവർ നവാബിനെ വിളിച്ച് സ്ഥലം ചോദിച്ചു. എന്നാൽ, അദ്ദേഹത്തിനിത് കൃത്യമായി പറഞ്ഞുകൊടുക്കാൻ കഴിഞ്ഞില്ല. ഇവർ നൽകിയ സൂചനകൾ െവച്ച് മാട്ടുപ്പെട്ടി, ഗ്രാംസ്ലാൻറ്, സൈലൻറ് വാലി എന്നിവിടങ്ങളിലെല്ലാം പല സംഘങ്ങളായി തിരിഞ്ഞ് തിരച്ചിൽ നടത്തി. അന്വേഷണം തുടരുന്നതിനിടയിൽ കാട്ടിൽ കുടുങ്ങിയവർ ഗൂഗിൾ ലൊക്കേഷൻ അയച്ചെങ്കിലും അതും വ്യക്തമായില്ല. ഒടുവിൽ വാഹനത്തിെൻറ ഹോൺ നീട്ടി അടിച്ചും ലൈറ്റ് തെളിച്ചും കാറിലിരുന്നവർക്കടുത്തേക്ക് രക്ഷാപ്രവർത്തകർ പുലർച്ച അഞ്ചരയോടെ എത്തിച്ചേർന്നു.
ഇവർ വഴിതെറ്റി എത്തിയത് കുറ്റിയാർവാലി വനത്തിലായിരുന്നു. സ്ഥലത്തെത്തിയ സേനാംഗങ്ങൾ ഒന്നരമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ കാർ പുറത്തെത്തിച്ചു. മൂന്നാർ അഗ്നി രക്ഷാ നിലയത്തിലെ ഷാജിഖാൻ, തമ്പിദുരൈ, ജീവൻ കുമാർ, സനീഷ്, അജയചന്ദ്രൻ, രാജേഷ്, അനൂപ്, ദാനിയേൽ, കൈലാസ് എന്നിവരാണ് രാത്രി മുഴുവൻ നീണ്ട തിരച്ചിൽ നടത്തിയത്. കാട്ടാനയും വന്യമൃഗങ്ങളുമുള്ള കാട്ടിൽനിന്ന് തങ്ങളെ രക്ഷിച്ചവരോട് നന്ദി പറഞ്ഞാണ് ഡോക്ടറും കുടുംബവും മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

