അധ്വാന മികവിന് ദേശീയ പുരസ്കാരം; അഭിമാനമായി മഹേശ്വരിയും രാജകുമാരിയും
text_fieldsമഹേശ്വരി, രാജകുമാരി
മൂന്നാർ: രാജ്യത്തെ മികച്ച തൊഴിലാളികൾക്ക് നൽകുന്ന പ്രധാനമന്ത്രിയുടെ ശ്രംദേവി അവാർഡ് ഇടുക്കി ജില്ലയിൽനിന്നുള്ള രണ്ട് വനിതകൾക്ക്. കണ്ണൻ ദേവൻ കമ്പനിയിലെ തൊഴിലാളികളായ ചെണ്ടുവരൈ എസ്റ്റേറ്റ് പി.ആർ ഡിവിഷനിലെ വൈ. മഹേശ്വരി (48), നൈമക്കാട് എസ്റ്റേറ്റ് കന്നിമല ടോപ് ഡിവിഷനിലെ രാജകുമാരി (37) എന്നിവരാണ് അവാർഡിന് അർഹരായത്.
രാജ്യത്ത് പൊതു, -സ്വകാര്യ മേഖലയിൽ അസാധാരണ തൊഴിൽ മികവും ഉൽപാദനക്ഷമതയും പ്രകടിപ്പിക്കുന്ന തൊഴിലാളികൾക്ക് നൽകിവരുന്നതാണ് അവാർഡ്. 40,000 രൂപ വീതമാണ് അവാർഡ് തുക. 28 വർഷമായി കണ്ണൻ ദേവനിൽ മസ്ദൂർ ആയി ജോലി ചെയ്യുന്ന മഹേശ്വരി, തൊഴിലിനോടുള്ള ആത്മാർഥതകൊണ്ട് സഹപ്രവർത്തകരുടെയും കമ്പനിയുെടയും പ്രശംസ പിടിച്ചുപറ്റിയ തൊഴിലാളിയാണ്. 96.35 ശതമാനം ഹാജർ നിരക്ക് നിലനിർത്തുന്ന ഇവർ ദിവസവും 98.77 കിലോ പച്ചക്കൊളുന്ത് എടുക്കും. തേയിലത്തോട്ടത്തിലെ ജോലി കഴിഞ്ഞാൽ പച്ചക്കറി കൃഷി, പശുവളർത്തൽ എന്നിവയിലൂടെയും വരുമാനം ഉണ്ടാക്കുന്നുണ്ട്. വനിത സ്വയംസഹായ സംഘത്തിെൻറ നേതൃത്വത്തിലും സജീവ സാന്നിധ്യമാണ്. ഭർത്താവ് യേശുരാജനും കമ്പനി തൊഴിലാളിയാണ്. രണ്ട് മക്കളുണ്ട്.
കന്നിമല ഡിവിഷനിലെ മാതൃക തൊഴിലാളിയായി പേരെടുത്ത രാജകുമാരി പച്ചക്കറി കൃഷിയും പാലുൽപാദനവും കൊണ്ട് അധികവരുമാനം നേടുന്നതിനുപുറമെ മറ്റ് തൊഴിലാളികളെ പ്രചോദിപ്പിക്കുന്ന വ്യക്തിത്വം കൂടിയാണ്. ദിവസം 97.87 കിലോ പച്ചക്കൊളുന്ത് ശേഖരിച്ചും ജോലിയിൽ മികവുകാട്ടി. കമ്പനി തൊഴിലാളിയായ പാണ്ഡ്യരാജാണ് ഭർത്താവ്. വിദ്യാർഥികളായ മുത്തുകൃഷ്ണനും ധനുഷുമാണ് മക്കൾ.
ഇത്തവണ പൊതുമേഖലയിൽനിന്ന് 49 പേർക്കും സ്വകാര്യമേഖലയിൽ 20 പേർക്കുമാണ് അവാർഡ്. കേരളത്തിൽ സ്വകാര്യമേഖലയിൽ ലഭിച്ച രണ്ട് അവാർഡും മൂന്നാറിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

