മൂന്നാര്‍: ടൗണില്‍ രാത്രിയിലെ കാട്ടാനകളുടെ സാന്നിധ്യം മൂന്നാര്‍ നിവാസികളുടെ ഉറക്കം കെടുത്തുന്നു.കഴിഞ്ഞ രാത്രിയിൽ കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയോട് ചേര്‍ന്ന് പഴയമൂന്നാറിലെ സര്‍ക്കാര്‍ സ്കൂളിെൻറ ചുറ്റുമതിൽ കാട്ടാന തകര്‍ത്തു. രാത്രിയിലും വാഹനങ്ങളുടെയും യാത്രക്കാരുടെ സാന്നിധ്യമുള്ള റോഡിലെ ചുറ്റുമതില്‍ തകര്‍ത്തതോടെ പ്രദേശവാസികള്‍ ഭീതിയിലാണ്.
കാട്ടാന തകര്‍ത്ത ചുറ്റുമതിലിന് സമീപം നിരവധി വ്യാപാര സ്ഥാപനങ്ങളും വീടുകളുമുണ്ട്. രാത്രിയിലെത്തിയ കാട്ടാന പുലർച്ചയോടെയാണ് കാട്ടിലേക്ക് മടങ്ങിയത്. കഴിഞ്ഞ ദിവസം ചൊക്കനാട് എസ്റ്റേറ്റിലെ ജനവാസമേഖലയിലെത്തിയ കാട്ടാന വീടിന്മുന്നില്‍ നിര്‍ത്തിയിട്ട വാഹനം ആക്രമിച്ച് കേടു വരുത്തിയിരുന്നു.
കഴിഞ്ഞയാഴ്ച മൂന്നാര്‍ ടൗണില്‍ പോസ്റ്റ് ഒാഫിസ് ജങ്ഷന് സമീപത്തെ ഒരു കട രാത്രിയിലെത്തിയ കാട്ടാന തകര്‍ത്തിരുന്നു. നല്ലതണ്ണി പാലത്തിന് സമീപത്തെ കടകളും മൂന്നാര്‍ മാര്‍ക്കറ്റിനുള്ളിലെ കടകളും രാത്രിയിലെത്തിയ കാട്ടാനകള്‍ തകര്‍ത്തിരുന്നു. വനംവകുപ്പ് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.