ബസിൽ സീറ്റിനെച്ചൊല്ലി മർദനം: പ്രതിക്ക് ആറുമാസം തടവും പിഴയും
text_fieldsമൂന്നാർ: സീറ്റ് തർക്കത്തെചൊല്ലി സഹയാത്രികനെ ബസിൽ മർദിച്ച് പരിക്കേൽപിച്ച പ്രതിക്ക് ആറുമാസം തടവും 5000 രൂപ പിഴയും ശിക്ഷ.
അടിമാലി ചാറ്റുപാറ കൂട്ടക്കല്ലേൽ രാജൻ കുഞ്ഞപ്പനെയാണ് (55) ദേവികുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് അരുൺ മൈക്കിൾ ശിക്ഷിച്ചത്. പിഴ അടക്കാതിരുന്നാൽ പ്രതി ഒരുമാസം തടവ് അധികം അനുഭവിക്കണം.
2014 ആഗസ്റ്റിൽ മാങ്കുളം - അടിമാലി റൂട്ടിൽ മുനിപ്പാറ വെച്ചാണ് കേസിനാസ്പദമായ സംഭവം. ബസിൽ യാത്ര ചെയ്തിരുന്ന മറ്റൊരാളുമായി സീറ്റിനെച്ചൊല്ലി രാജൻ കുഞ്ഞപ്പൻ വാക്തർക്കമുണ്ടായി. തുടർന്ന് പ്രതി യാത്രക്കാരനെ ക്രൂരമായി മർദിക്കുകയും മുഖത്തിനും പല്ലുകൾക്കും കാലുകൾക്കും കേടുവരുത്തുകയും ചെയ്തു.
പരിക്കേറ്റുകിടന്ന യാത്രക്കാരനെ ബസ് ജീവനക്കാരും മറ്റ് യാത്രക്കാരും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. സംഭവത്തിന് യാത്രക്കാരും ജീവനക്കാരും ദൃക്സാക്ഷികളായിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡീ. പബ്ലിക് പ്രോസിക്യൂട്ടർ എസ്. ബിജുകുമാർ ഹാജരായി.

