മൂന്നാറിൽ ജീപ്പ് മറിഞ്ഞ് ദമ്പതികൾക്ക് പരിക്ക്
text_fieldsമൂന്നാർ: മൂന്നാറിൽ ജീപ്പ് നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്. മാങ്കുളം വേലിയാംപാറ ഊര് നിവാസികളായ രാമചന്ദ്രൻ, ഭാര്യ ജ്യോതി എന്നിവർക്കാണ് പരിക്കേറ്റത്. മൂന്നാർ-മറയൂർ റൂട്ടിൽ പെരിയവരൈ ഭാഗത്ത് വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം.
റോഡിൽനിന്ന് നിയന്ത്രണംവിട്ട് കന്നിയാറിന്റെ തീരത്തേക്ക് മറിഞ്ഞ ജീപ്പ് മരത്തിൽ തട്ടി നിന്നതിനാലാണ് വൻ അപകടം ഒഴിവായത്. അപകടത്തെ തുടർന്ന് ഇരുവരും ജീപ്പിൽനിന്ന് പുറത്തിറങ്ങി റോഡിലെത്തി ഇതുവഴി വന്ന മറ്റൊരു വാഹനത്തിൽ മൂന്നാർ ടാറ്റ ആശുപത്രിയിൽ എത്തി പ്രാഥമിക ചികിത്സ തേടി. തുടർന്ന് രാത്രിതന്നെ അടിമാലി സർക്കാർ ആശുപത്രിയിൽ എത്തി. രാമചന്ദ്രന് കൈകാലുകൾക്കും തലക്കുമാണ് പരിക്ക്. ജ്യോതിയുടെ പരിക്ക് നിസ്സാരമാണ്.

