വട്ടവടയിലെ ഗ്രാൻറീസ് കൃഷി: മരക്കുറ്റികൾ കത്തിച്ചു കളയണമെന്ന് ഉത്തരവ്
text_fieldsമൂന്നാർ: വട്ടവടയിലെയും സമീപ പഞ്ചായത്തുകളിലെയും അനധികൃത ഗ്രാൻറീസ് തോട്ടങ്ങൾക്കെതിരെ കലക്ടറുടെ നോട്ടീസ്. മുറിച്ച മരങ്ങളുടെ കുറ്റികൾ നശിപ്പിക്കണമെന്ന സർക്കാർ നിർദേശം ലംഘിച്ചതിനാണ് നോട്ടീസ്. വട്ടവട, കാന്തല്ലൂർ വില്ലേജുകളിലായി മുപ്പതിനായിരത്തിലധികം ഏക്കർ ഭൂമിയിൽ ഗ്രാൻറീസ് കൃഷിയുണ്ട്.
പരിസ്ഥിതിക്ക് വലിയ പ്രത്യാഘാതം സൃഷ്ടിക്കുന്നതിനാൽ ഇവ നശിപ്പിക്കണമെന്ന് സർക്കാർ നിർദേശിച്ചിരുന്നു. ഇത് സംബന്ധിച്ച് കഴിഞ്ഞദിവസം 'മാധ്യമം' വാർത്ത നൽകിയിരുന്നു. മുറിച്ചു മാറ്റുന്ന മരങ്ങളുടെ എണ്ണം വില്ലേജ് ഓഫിസർ പരിശോധിച്ച് എണ്ണമെടുക്കണം.
അത്രയും മരക്കുറ്റികളും കത്തിച്ചു നശിപ്പിച്ചുവെന്ന് ഉറപ്പുവരുത്തുകയും ചെയ്യണമെന്ന് കലക്ടർ എച്ച്. ദിനേശെൻറ ഉത്തരവിൽ പറയുന്നു. ഇത് ലംഘിക്കുന്ന സ്ഥലമുടമകൾക്ക് മരം മുറിക്ക് പാസ് അനുവദിക്കരുതെന്നും ഭൂനികുതി സ്വീകരിക്കരുതെന്നും ഉത്തരവിലുണ്ട്. വട്ടവട, കാന്തല്ലൂർ വില്ലേജ് ഓഫിസർമാർക്കാണ് വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ഉത്തരവ് നൽകിയത്. വലിയ മുടക്കില്ലാതെ ലക്ഷങ്ങൾ ലാഭം കൊയ്യുന്ന വൻ കച്ചവടമാണ് ഇത്.
തരിശുഭൂമിയിൽ അധികം പരിചരണമില്ലാതെ വളർത്താൻ പറ്റുന്ന സാഹചര്യം മുതലെടുത്ത് ജില്ലക്ക് പുറത്ത് നിന്നുള്ള വൻ തടിലോബികളാണ് ഇവിടത്തെ ഗ്രാൻറീസ് കൃഷിക്ക് പിന്നിൽ. പൂർണമായും കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നവരാണ് വട്ടവടയിലെയും കാന്തല്ലൂരിലെയും ആയിരക്കണക്കിന് കർഷകർ. ഭൂഗർഭജലം ഊറ്റിയെടുക്കുന്ന ഗ്രാൻറീസ് മരങ്ങൾ മേഖലയിലെ കർഷകരുടെ അന്നം മുട്ടിച്ചതോടെയാണ് സർക്കാർ നടപടിയെടുത്തത്. എന്നാൽ, ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെ തടിവ്യാപാരം തുടരുകയായിരുന്നു.
കലക്ടർ ഇടപെട്ടതോടെ നിലവിലെ കുറ്റികൾ നശിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ. പുതിയ മരങ്ങൾ മുറിക്കണമെങ്കിൽ പഴയ കുറ്റികൾ നശിപ്പിക്കണം. അല്ലെങ്കിൽ പാസ് നൽകില്ലെന്ന കർശന നിലപാടും ജനങ്ങൾക്ക് ആശ്വാസമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

