സർക്കാർ വിലക്കിയിട്ടും ഭൂഗർഭ ജലമൂറ്റി ഗ്രാൻറിസ് തഴച്ചുവളരുന്നു
text_fieldsഗ്രാൻറിസ് തോട്ടം
മൂന്നാർ: നാടൊട്ടുക്ക് മരംമുറി വിവാദമാകുമ്പോൾ നശിപ്പിക്കാൻ സർക്കാർ നിർദേശിച്ച മരങ്ങൾ സംരക്ഷിച്ച് തടിമാഫിയ. വട്ടവടയിലെ ആയിരക്കണക്കിന് ഏക്കർ ഗ്രാൻറിസ് കൃഷിയാണ് സർക്കാർ ഉത്തരവ് ലംഘിച്ച് സംരക്ഷിക്കുന്നത്. പരിസ്ഥിതിക്ക് വൻ പ്രത്യാഘാതം സൃഷ്ടിക്കുന്ന ഗ്രാൻറിസ് മരങ്ങൾ മുറിച്ചുമാറ്റി കുറ്റികൾ നശിപ്പിക്കണമെന്ന സർക്കാർ ഉത്തരവ് ഇറങ്ങിയിട്ട് വർഷങ്ങളായി. എന്നാൽ, വട്ടവടയിലും കാന്തല്ലൂരിലും വ്യാപകമായി ഗ്രാൻറിസ് കൃഷി തുടരുകയാണ്.
വലിയ മുടക്കില്ലാതെ ലക്ഷങ്ങൾ ലാഭം കൊയ്യുന്ന വൻ കച്ചവടമാണ് ഇത്. തരിശുഭൂമിയിൽ അധികം പരിചരണമില്ലാതെ വളർത്താമെന്ന സൗകര്യം മുതലെടുത്ത് ജില്ലക്ക് പുറത്തുനിന്നുള്ള തടിലോബിയാണ് ഗ്രാൻറിസ് കൃഷിക്ക് പിന്നിൽ.
ഭൂഗർഭജലം വൻതോതിൽ വലിച്ചെടുക്കുകയും അന്തരീക്ഷ ഊഷ്മാവ് വർധിപ്പിക്കുകയും ചെയ്യുന്നവയാണ് ഗ്രാൻറിസ്. ഉയരത്തിലേക്ക് വളരുന്ന അത്രയുംതന്നെ അടിയിലേക്ക് വേര് ഇറക്കി ഇവ ഭൂഗർഭജലം ഊറ്റിയെടുക്കും. പൂർണമായും കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നവരാണ് വട്ടവടയിലെയും കാന്തല്ലൂരിെലയും കർഷകർ.
ഗ്രാൻറിസ് മരങ്ങൾ ഇവരുടെ കൃഷിക്ക് ഭീഷണിയായതോടെയാണ് അധികൃതരുടെ ശ്രദ്ധയിൽെപട്ടത്. ജലസമൃദ്ധമായിരുന്ന കാന്തല്ലൂരിെലയും വട്ടവടയിലെയും പാടങ്ങൾ വറ്റിവരണ്ടതിന് പിന്നിൽ ഗ്രാൻറിസ് മരങ്ങളാണെന്ന് വിദഗ്ധ പഠനത്തിൽ കണ്ടെത്തിയിരുന്നു.
വട്ടവട പഞ്ചായത്തിൽ 25,000 ഏക്കറിലും കാന്തല്ലൂരിൽ 20,000ഏക്കറിലും ഗ്രാൻറിസ് മരങ്ങളുണ്ടെന്നാണ് കണക്ക്. അഞ്ച് മുതൽ എട്ട് വർഷത്തിനുള്ളിൽ വെട്ടിയെടുക്കാവുന്ന ഇവക്ക് ലോഡിന് ഒന്നര ലക്ഷം രൂപ വരെ ലഭിക്കും. തടിലോഡുകൾക്ക് പാസ് നൽകി ഉദ്യോഗസ്ഥരും കൃഷിക്ക് കൂട്ടുനിൽക്കുന്നു. പരിസ്ഥിതി പ്രത്യാഘാതം മനസ്സിലാക്കിയാണ് മരങ്ങൾ മുറിച്ച് കുറ്റികൾ തീയിട്ട് നശിപ്പിക്കാൻ സർക്കാർ ഉത്തരവിട്ടത്. മുറിച്ച മരക്കുറ്റിയിൽനിന്ന് കൂടുതൽ തടി ലഭിക്കുന്നതിനാൽ കൃഷി അവസാനിക്കുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

