കൂറുമാറ്റം; മൂന്നാറിൽ രണ്ട് പഞ്ചായത്ത് അംഗങ്ങൾക്ക് അയോഗ്യത
text_fieldsമൂന്നാർ: പഞ്ചായത്ത് ഭരണ സമിതിയിലെ രണ്ട് എൽ.ഡി.എഫ് അംഗങ്ങൾക്ക് തെരഞ്ഞെടുപ്പ് കമീഷൻ അയോഗ്യത കൽപിച്ചു. സി.പി.ഐ അംഗം പ്രവീണ രവികുമാർ, സി.പി.എമ്മിലെ എം. രാജേന്ദ്രൻ എന്നിവരെയാണ് കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കി കമീഷൻ ഉത്തരവിട്ടത്.
തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് അംഗങ്ങളായി വിജയിച്ച ഇരുവരും 2021ൽ കൂറുമാറി എൽ.ഡി.എഫിൽ ചേരുകയും പ്രസിഡന്റും വൈസ് പ്രസിഡന്റുമാകുകയും ചെയ്തിരുന്നു. ഇതോടെ യു.ഡി.എഫിന് ഇവിടെ ഭരണം നഷ്ടമായി. ഇവരുടെ കൂറുമാറ്റത്തിനെതിരെ മുൻ വൈസ് പ്രസിഡന്റ് മാർഷ് പീറ്ററാണ് തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയത്.
ഇരുവരും അയോഗ്യരാക്കപ്പെട്ടതോടെ കൂറുമാറ്റ നിരോധന നിയമപ്രകാരം ഇവർക്കിനി ആറു വർഷത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല. 21 അംഗ ഭരണസമിതിയിൽ യു.ഡി.എഫ് 11, എൽ.ഡി.എഫ് 10 എന്നിങ്ങനെയായിരുന്നു കക്ഷിനില.
ഭൂരിപക്ഷം യു.ഡി.എഫിനാണെങ്കിലും പ്രസിഡന്റ് സ്ഥാനം ഇവിടെ ഇടതുമുന്നണിക്കാണ്. രണ്ടുമാസം മുമ്പ് യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ തുടർന്ന് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ ഒരു വോട്ട് അസാധുവായതിനെത്തുടർന്ന് നടത്തിയ നറുക്കെടുപ്പിൽ എൽ.ഡി.എഫിനായിരുന്നു വിജയം.
ഇപ്പോൾ രണ്ട് ഇടത് അംഗങ്ങൾക്ക് അയോഗ്യത വന്നതോടെ യു.ഡി.എഫ് -10 എൽ.ഡി.എഫ് -8 എന്നിങ്ങനെയാണ് കക്ഷിനില.

