തേയിലത്തോട്ടത്തിൽ നായയെ കെട്ടിയിട്ട് അജ്ഞാതര്‍; സങ്കടത്തോടെ അഞ്ച് കുഞ്ഞുങ്ങൾ
text_fieldsപഴയമൂന്നാറിലെ തേയിലക്കാട്ടില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയ നായ്. സമീപത്ത് കുഞ്ഞുങ്ങളെയും കാണാം
മൂന്നാര്‍: പഴയമൂന്നാര്‍ ഹെഡ്വര്ക്സ് ജലാശയത്തിന് സമീപം തേയിലത്തോട്ടത്തിൽ നായയെ അജ്ഞാതര്‍ കമ്പി കഴുത്തില്‍ചുറ്റി ചെടിയിൽ കെട്ടി ഉപേക്ഷിച്ചു. മൂന്നുദിവസം മുമ്പ് വീടിന് സമീപത്തെ തേയിലക്കാട്ടില്‍ നായക്കുഞ്ഞുങ്ങളുടെ ശബ്ദം കേട്ടതിനെ തുടര്‍ന്ന് പ്രദേശവാസിയായ ഭാസ്കരനും ബന്ധുക്കളും നടത്തിയ തിരച്ചിലിലാണ് തേയിലക്കാട്ടില്‍ അവശനിലയില്‍ നായയെ കണ്ടത്. അഞ്ച് കുഞ്ഞുങ്ങളുമുണ്ടായിരുന്നു.
നായക്ക് ഭക്ഷണവും കുഞ്ഞുങ്ങള്‍ക്ക് പാലും നല്‍കിയശേഷം കഴുത്തിലെ കമ്പി വെട്ടിമാറ്റാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. രണ്ടുദിവസമായി മിണ്ടാപ്രാണിയെ രക്ഷപ്പെടുത്താന്‍ പഞ്ചായത്തിനോടും അഗ്നിശമനസേനയോടും ആവശ്യപ്പെട്ടിട്ടും മറുപടി ലഭിച്ചില്ലെന്ന് ഇയാള്‍ പറയുന്നു. കമ്പിയിറുകി കിടക്കുന്നതിനാല്‍ ഇപ്പോള്‍ ഭക്ഷണം കഴിക്കാന്‍പോലും കഴിയാത്ത അവസ്ഥയിലാണ്.

