മൂന്നാറിലെ അതിക്രമങ്ങൾ: ടൂറിസം മന്ത്രി ഇടപെടുന്നു
text_fieldsതൊടുപുഴ: മൂന്നാറിൽ സഞ്ചാരികൾക്ക് നേരെയുള്ള അതിക്രമങ്ങൾ ആവർത്തിക്കുന്നതിൽ ആശങ്ക രേഖപ്പെടുത്തി ടൂറിസം മന്ത്രി പി.സി വിഷ്ണുനാഥ് അടിയന്തര യോഗം വിളിച്ചുചേർക്കും. 30 ന് ജന പ്രതിനിധികൾ, വിവിധ വകുപ്പ് മേധാവികൾ, വ്യാപാരികൾ, റിസോർട്ട് ഉടമകൾ, ടാക്സി ഡ്രൈവർമാർ എന്നിവരടങ്ങുന്നവരുടെ യോഗം വിളിച്ച് ചേർക്കാനാണ് ആലോചന.
മൂന്നാറിന്റെ പ്രശസ്തി കണ്ടെത്തുന്ന സഞ്ചാരികൾക്ക് ആശങ്ക ഉളവാക്കുന്ന രീതിയിലാണ് പല സംഭവങ്ങളും ഉണ്ടാകുന്നതെന്നും മൂന്നാറിന്റെ വിഷയത്തിൽ ഗൗരവമായി ഇടപെടുമെന്നും മന്ത്രി പറഞ്ഞു. രണ്ടു വർഷത്തിനിടയിൽ ഒട്ടേറെ അക്രമ സംഭവങ്ങളാണ് മൂന്നാർ മേഖലയിൽ ഉണ്ടായത്. ഏറെ സന്തോഷത്തോടെയാണ് മൂന്നാറിലെ കാഴ്ചകൾ കാണാൻ സഞ്ചാരികൾ എത്തുന്നത്.
മണിക്കൂറുകൾ ഗതാഗത കുരുക്കിൽ കിടന്ന് മൂന്നാറിലെത്തുമ്പോൾ ആക്രമണം കൂടി നേരിടേണ്ട സ്ഥിതിയിൽ പലരും വന്ന വഴി മടങ്ങുന്ന സാഹചര്യമുണ്ട്. വാഹനങ്ങൾ പാതയോരത്ത് പാർക്ക് ചെയ്യുന്നത്, വാഹനങ്ങൾ ഉരസുന്നത്, ഊബർ വാഹനത്തിലെത്തുന്നത്, വാഹനങ്ങൾക്ക് സൈഡ് നൽകാത്തത് തുടങ്ങിയവ സംബന്ധിച്ച വക്കേറ്റമാണ് പലപ്പോഴും പ്രശ്നങ്ങൾക്ക് കാരണം. ഊബർ വാഹനത്തിൽ യാത്ര ചെയ്ത വിദേശ സഞ്ചാരികളെ പോലും വാഹനത്തിൽനിന്ന് ഇറക്കിയ സംഭവങ്ങൾ വലിയ പ്രതിഷേധത്തിനടക്കം കാരണമായിരുന്നു. ഓരോ പ്രശ്നങ്ങൾക്ക് ശേഷവും താൽക്കാലിക പരിഹാരം മാത്രമാണ് ഉണ്ടാകുന്നത്.
ആവർത്തിച്ച് അതിക്രമം
പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ രണ്ടാം മൈൽ, ഫോട്ടോ പോയന്റ്, മാട്ടുപ്പെട്ടി, ടോപ് സ്റ്റേഷൻ, എക്കോ പോയന്റ്, പള്ളിവാസൽ തുടങ്ങിയ ഇടങ്ങളിലെല്ലാം ആക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇവിടെ വഴിയോര കച്ചവടക്കാർ, ടാക്സി ഡ്രൈവർമാർ, ഗൈഡുമാർ എന്നിവരിൽ നിന്നാണ് സഞ്ചാരികൾക്ക് കൂടുതലും മോശം അനുഭവം നേരിട്ടത്. വാഹനം ഉരസിയെന്നാരോപിച്ച് പള്ളിവാസൽ ആറ്റുകാട് തമിഴ്നാട് ട്രിച്ചിയിൽ നിന്നെത്തിയ യുവാക്കളെ കല്ലുകൊണ്ട് ഇടിച്ച് പരുക്കേൽപിച്ച സംഭവം ഉണ്ടായത് അടുത്തിടെയാണ്. വാഹനവും തകർത്തു.
മൂന്നാർ ടൗണിൽ വാഹനം തട്ടിയെന്നാരോപിച്ച് ഓട്ടോ ഡ്രൈവറുടെ നേതൃത്വത്തിൽ കുറിച്ചി സ്വദേശികളായ കുടുംബത്തെ മർദിച്ച് വാഹനത്തിന് കേടുവരുത്തി. പാട്ട് ഉച്ചത്തിൽ വച്ചെന്നാരോപിച്ച് പത്തനംതിട്ട സ്വദേശികൾ സഞ്ചരിച്ചിരുന്ന ബസ് തടഞ്ഞ് നിർത്തി യാത്രക്കാരെ ആക്രമിച്ച സംഭവവും അരങ്ങേറിയിട്ടുണ്ട്. മാട്ടുപ്പെട്ടി എക്കോ പോയന്റിൽ വാക്കു തർക്കത്തെ തുടർന്ന് കൊല്ലം സ്വദേശികളെ ആക്രമിച്ചതും ഊബർ വാഹനത്തിലെത്തിയ മുംബൈ സ്വദേശിനിയെ മൂന്നാർ ടൗണിലെ ടാക്സി ഡ്രൈവർമാർ തടഞ്ഞ് ഭീഷണിപ്പെടുത്തി മടക്കി അയച്ചതും അടുത്തിടെ നടന്ന സംഭവങ്ങളാണ്.
സുരക്ഷ വേണം
മൂന്നാറിൽ ഏറ്റവുമധികമാളുകളെത്തുന്ന സ്ഥലമാണ് ടോപ് സ്റ്റേഷൻ. തമിഴ്നാട്ടിലെ ബോഡിനായ്ക്കന്നൂരിന് സമീപമുള്ള കൊരങ്ങണി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് മൂന്നാറിൽ നിന്നും 45 കിലോമീറ്റർ ദൂരത്തുള്ള ടോപ് സ്റ്റേഷൻ. പ്രദേശവാസികളായ വഴിയോര കച്ചവടക്കാർ, ടാക്സി ഡ്രൈവർമാർ, ഗൈഡുമാർ എന്നിവരും സഞ്ചാരികളുമായി ഇവിടെ വാക്കേറ്റവും കൈയാങ്കളിയും പതിവാണ്.
പ്രദേശവാസികൾ സംഘം ചേർന്ന് മർദിക്കുന്നതും വാഹനങ്ങൾ തകർക്കുന്നതും പതിവായിട്ടും സഞ്ചാരികൾക്ക് നിയമ സഹായമോ, പൊലീസ് സംരക്ഷണമോ നൽകാൻ തമിഴ്നാട് നടപടികളെടുക്കുന്നില്ല. ചൊവ്വാഴ്ച വർക്കലയിൽ നിന്നെത്തിയ 68 പേരടങ്ങുന്ന സംഘം സഞ്ചരിച്ചിരുന്ന ബസ് വഴിയോര കടയുടെ മുന്നിൽ നിർത്തിയെന്നാരോപിച്ച് കച്ചവടക്കാരും നാട്ടുകാരും ചേർന്ന് സ്ത്രീകളും കുട്ടികളുമടക്കമുള്ളവരെ മർദിച്ചതാണ് ഒടുവിലത്തെ സംഭവം. വിവരമറിഞ്ഞ് വട്ടവട എയ്ഡ് പോസ്റ്റിൽ നിന്നെത്തിയ രണ്ട് പൊലീസുകാരാണ് ഇവരെ രക്ഷപ്പെടുത്തിയത്. തേനി കലക്ടർ ഇടപെട്ട ശേഷം പൊലീസ് ഏഴ് പേർക്കെതിരെ ഇപ്പോൾ കേസെടുത്തിട്ടുണ്ട്. ടൂറിസം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ഈ വിഷയത്തിൽ റിപ്പോർട്ട് ചോദിച്ചിട്ടുണ്ട്. മന്ത്രി നേരിട്ട് വിളിച്ച് ചേർക്കുന്ന യോഗത്തിൽ സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള കർശന നടപടികൾക്ക് രൂപം നൽകുമെന്നാണ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

