മൂന്നാറിനെ മാറ്റിമറിച്ച പ്രളയത്തിന് 101 വയസ്സ്
text_fieldsചെറുതോണി: മൂന്നാറിനെ മാറ്റിമറിച്ച പ്രളയത്തിന് 101 വയസ്സ്. 99ലെ വെള്ളപ്പൊക്കം എന്നറിയപ്പെടുന്ന 1924 ജൂലൈ 17ന് ആരംഭിച്ച് ഒരാഴ്ച നീണ്ട പ്രളയത്തിനാണ് 101 വയസ്സ് തികയുന്നത്. കൊല്ലവര്‍ഷം 1099ലെ പ്രളയം ഓർത്തെടുക്കാൻ പ്രായംചെന്ന ആരും ഇപ്പോൾ ജീവിച്ചിരിപ്പില്ല. പ്രളയം തകര്‍ത്തത് ബ്രിട്ടീഷുകാര്‍ പടുത്തുയര്‍ത്തിയ മൂന്നാര്‍ പട്ടണം കൂടിയായിരുന്നു. മലവെള്ളത്തിനൊപ്പം കുതിച്ചെത്തിയ പാറകളും മരങ്ങളും പട്ടണത്തെ തുടച്ചുനീക്കിയതിനൊപ്പം നൂറില്‍പരം ജീവനുമെടുത്തു. ദിവസങ്ങള്‍ക്കുശേഷം വീണ്ടും ഒരിക്കല്‍ക്കൂടി ഇത് ആവര്ത്തിച്ചപ്പോഴുണ്ടായ വെള്ളപ്പാച്ചിലില്‍ പട്ടണം തന്നെ ഇല്ലാതായി.
ആ ജൂലൈയില്‍ മാത്രം മൂന്നാര്‍ മേഖലയില്‍ 485 സെന്റീമീറ്റര്‍ മഴ പെയ്തുവെന്നാണ് കണക്കുകള്‍ പറയുന്നത്. മൂന്നാറില്‍ അന്ന് വൈദ്യുതിയും ടെലിഫോണും റെയില്‍വേയും റോപ് വേയും വീതിയേറിയ റോഡുകളും വിദ്യാലയങ്ങളും, ആശുപത്രിയും ഉണ്ടായിരുന്നു. തേയില കൊണ്ടുപോകാൻ 1902ല്‍ സ്ഥാപിച്ച റെയിൽപാത മൂന്നാറില്‍നിന്ന് മാട്ടുപ്പെട്ടി, കുണ്ടള വഴി തമിഴ്നാടിന്റെ അതിര്‍ത്തിയായ ടോപ്സ്റ്റേഷന് വരെയായിരുന്നു.
മൂന്നാറിലെ തേയില ടോപ് സ്റ്റേഷനില്‍നിന്ന് റോപ് വേ വഴി ബോഡിനായ്ക്കന്നൂരിലേക്കും തുടര്‍ന്ന് തൂത്തുക്കുടി തുറമുഖത്തെത്തിച്ച് കപ്പല്‍ കയറ്റുകയുമായിരുന്നു പതിവ്. പള്ളിവാസല്‍ മലകള്‍ക്ക് മുകളിലുണ്ടായിരുന്ന തടാകത്തിന്റെ നാശത്തെത്തുടര്‍ന്ന് പള്ളിവാസല്‍ പട്ടണവും മൂന്നാറിലേക്ക് വൈദ്യുതി വിതരണത്തിന് ഉപയോഗിച്ചിരുന്ന ഹൈഡ്രോ-ഇലക്ട്രിക് പവര്‍സ്റ്റേഷനും മണ്ണിനടിയിലായി. മാങ്കുളത്തിനും മൂന്നാറിനും ഇടയിലെ കരിന്തിരി മല മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഇല്ലാതായി. പഴയ ആലുവ-മൂന്നാര്‍ റോഡ് എന്ന് ഇപ്പോള്‍ അറിയപ്പെടുന്ന പാത കടന്നുപോയിരുന്നത് പെരിയാറിന്റെ കൈവഴിയായ കരിന്തിരി ആറിന്റെ കരയിലുള്ള ഈ മലയോരത്തുകൂടിയായിരുന്നു.
പഴയ മൂന്നാറിൽനിന്ന് ഒരു കിലോമീറ്റര്‍ മാറി പുതിയ മൂന്നാര്‍ പട്ടണം പൂര്‍ത്തിയായെങ്കിലും റെയില്‍ സംവിധാനം പുനഃസ്ഥാപിക്കാന്‍ കഴി ഞ്ഞില്ല. വെള്ളപ്പൊക്കത്തില്‍ രൂപംകൊണ്ട തടാകം ഇപ്പോഴും പഴയ മൂന്നാറിലുണ്ട്. ഒപ്പം പാളങ്ങളുടെയും സ്റ്റേഷന്റെയും അവശിഷ്ടങ്ങള്‍ ടോപ്സ്റ്റേഷനിലും മറ്റു പലഭാഗങ്ങളിലും ഇപ്പോഴും കാണാം. അന്ന് പെരിയാറില്‍ ആകെയുണ്ടായിരുന്ന ഡാം മുല്ലപ്പെരിയാര്‍ മാത്രമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

