വേനൽച്ചൂടിൽ നാട് ഉരുകുമ്പോഴും മൂന്നാർ സുഖശീതളം
text_fieldsമൂന്നാർ-തൊടുപുഴ: സംസ്ഥാനത്ത് വേനൽച്ചൂട് റെക്കോഡ് കടക്കുമ്പോഴും സുഖശീതള കാലാവസ്ഥയാണ് തെക്കിന്റെ കശ്മീരായ മൂന്നാറിൽ.
പകൽച്ചൂട് സാധാരണയിൽനിന്ന് മൂന്ന് മുതൽ നാല് ഡിഗ്രി വരെ ഉയർന്നിട്ടുണ്ടെങ്കിലും വൈകുന്നേരമാകുന്നതോടെ സുഖകരമായ കുളിരാണ്. 22 ഡിഗ്രിയാണ് ഇവിടത്തെ സാധാരണ പകൽച്ചൂട്. ഇപ്പോഴത് ചില ദിവസങ്ങളിൽ 27വരെ എത്തുന്നു. എന്നാൽ, രാത്രിയും പുലർച്ചയും 10നും 15നും ഇടയിലാണ് താപനില. കുണ്ടള, മാട്ടുപ്പെട്ടി എന്നിവിടങ്ങളിലും സ്ഥിതി ഏതാണ്ട് സമാനമാണ്.
മൂന്നാര്‍ മേഖല മാത്രമാണ് കേരളത്തില്‍ ചൂട് കുതിച്ചുയരുമ്പോഴും ആശ്വാസം പകര്‍ന്ന് നിൽക്കുന്നത്. അതുകൊണ്ട് തന്നെ അവധി ദിവസങ്ങളിൽ മൂന്നാറിലേക്കടക്കം എത്തുന്ന സഞ്ചാരികളുടെ എണ്ണം വർധിച്ചു. കുടുംബമായി മൂന്നാർ കാണാനെത്തുന്ന പലരും ഒന്നോ രണ്ടോ ദിവസം താമസിച്ചാണ് മടങ്ങാറ്.
മൂന്നാറിൽ ജനുവരിയിൽ അതിശൈത്യം രേഖപ്പെടുത്തിയിരുന്നു. ഫെബ്രുവരി പകുതിയിലും റെക്കോഡ് തണുപ്പ് രേഖപ്പെടുത്തി.
സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ ചൂട് കനത്ത് നിൽക്കുന്നതിനാൽ ഇത്തവണ ഈസ്റ്റർ, വിഷു അവധി ആഘോഷിക്കാൻ ഒട്ടേറെപ്പേരാണ് മൂന്നാറിലേക്കടക്കം ഒഴുകിയെത്തിയത്. വട്ടവടയിൽ കഴിഞ്ഞ ദിവസം ഏറ്റവും കുറഞ്ഞ പകല്‍ താപനില രേഖപ്പെടുത്തിയിരുന്നു.
ജില്ലയിലെ ഏറ്റവും കൂടിയ താപനില തിങ്കളാഴ്ച രേഖപ്പെടുത്തിയത് വെള്ളത്തൂവലിലാണ്. മൂന്നാറില്‍നിന്ന് 23 കി.മീ. മാത്രം അകലെയുള്ള ഇവിടെ പകല്‍ രേഖപ്പെടുത്തിയത് 37.5 ഡിഗ്രി സെല്‍ഷ്യസാണ്. ആഴ്ചകളായി ഇവിടെ താപനില ഉയര്‍ന്ന് തന്നെ തുടരുകയാണ്.
അപ്പര്‍ പെരിഞ്ചാംകുട്ടിയാണ് തൊട്ടുപിന്നില്‍ 36.9 ഡിഗ്രി. ലോറേഞ്ച് മേഖലയില്‍ ഉള്‍പ്പെട്ട ഉടുമ്പന്നൂര്‍ -36.8 രേഖപ്പെടുത്തിയപ്പോള്‍ അയ്യപ്പന്‍കോവില്‍ -34.9, ചെറുതോണി -33.3, കോവില്‍ക്കടവ് -33, ചെങ്കുളം ഡാം -32.4, പാമ്പാടുംപാറ -31.2, പീരുമേട് -30.9, കുണ്ടള ഡാം -26.2, വട്ടവട -25.6 ഡിഗ്രി സെല്‍ഷ്യസ് വീതം രേഖപ്പെടുത്തി.
ഐ.എം.ഡി.എയുടെ ഓട്ടോമേറ്റഡ് വെതർ സ്റ്റേഷനുകളുടെ കണക്ക് പ്രകാരമാണിത്. മൂന്നാറിൽ നിലവിൽ കുറഞ്ഞ താപനില ഒമ്പതു ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തുമ്പോൾ ജില്ലയില്‍ മറ്റിടങ്ങളില്‍ ഇത് 15 മുതല്‍ 26 ഡിഗ്രി സെല്‍ഷ്യസ് വരെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

